![](https://britishpathram.com/malayalamNews/101666-uni.jpg)
കേരളത്തിലെ റോഡുകളിൽ സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുന്ന മോഷ്‌ടാക്കൾ പതിവുകാഴ്ചയായിട്ട് കാലമേറെയായി. സ്വർണ്ണത്തിന് റെക്കോർഡ് വിലയായതോടെ കഴുകൻ കണ്ണുകളോടെ തലങ്ങും വിലങ്ങും പറക്കുന്ന ഈ പിടിച്ചുപറിക്കാരെക്കുറിച്ച് ദൈവത്തിന്റെ സ്വന്തംനാട് സന്ദർശിക്കാനെത്തുന്ന വിദേശികൾക്കും പ്രവാസികൾക്കും പോലീസ് മുന്നറിയിപ്പ് നൽകാറുണ്ട്.
എന്നാൽ അതിനുസമാനമായ അവസ്ഥ ലണ്ടനിലെ തെരുവുകളിലുമുണ്ട്. ഇവിടെ സ്വർണ്ണമാല അണിഞ്ഞുനടക്കുന്നവർ കുറവായതിനാൽ പകരം കൈയിലെ സ്മാർട്ട് ഫോണുകളും പണമടങ്ങിയ ബാഗുകളും തട്ടിയെടുക്കുകയാണ് പതിവ്. അതുപോലെ ഇരയാകുന്നവരുടെ ശാരീരിക പരുക്കുകളുടെ കാര്യത്തിലും ലണ്ടനിലും കേരളത്തിലും കാര്യമായ വ്യത്യാസമുണ്ടെന്നും കാണാം.
പിടിച്ചുപറിക്കാരുടെ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ച്ച ലണ്ടനിലെ ഫോൺ മോഷണ സംഘങ്ങൾക്കെതിരെ അതിശക്തമായ വേട്ടയാടലും മിന്നൽ റെയ്‌ഡുകളുമാണ് സ്കോട്ട്‌ലാൻഡ് യാർഡ് പോലീസ് നടത്തിയത്. ലണ്ടനിലെ കാൽനടയാത്രക്കാരും ഇവിടെ എത്തുന്ന സന്ദർശകരും ഏറ്റവും അധികം സൂക്ഷിക്കേണ്ട പിടിച്ചുപറിക്കാരുടെ ഹോട്ട്സ്പോട്ടുകൾ ഏതൊക്കെയാണെന്ന വിവരവും പോലീസ് പുറത്തുവിട്ടു.
നാട്ടിൽനിന്ന് യുകെ സന്ദർശിക്കാൻ ബന്ധുക്കൾ എത്തുമ്പോഴും അതുപോലെ യുകെയിൽ നഴ്സിംഗ് ജോലിക്കും മറ്റുമായി ആദ്യമായി എത്തിയിട്ടുള്ളവരും ലണ്ടനിലെ തെരുവുകളിലൂടെ നടക്കുമ്പോൾ, വിലയേറിയ ആഭരണങ്ങളും പണമടങ്ങിയ ബാഗും കൈകളിൽ പിടിച്ച് നടക്കാതിരിക്കാനും പിടിച്ചുപറിക്കാരുടെ ഈ ഹോട്ട്സ്പോട്ടുകളിൽ ഒറ്റയ്ക്ക് പെട്ടുപോകാതിരിക്കാനും പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്.
ഒരാഴ്ച നീണ്ടുനിന്ന സ്‌കോട്ട്ലാൻഡ് യാർഡിന്റെ ഈ മിന്നലാക്രമണത്തിൽ മോഷ്ടിക്കപ്പെട്ട 1,000-ത്തിലധികം ഫോണുകൾ പോലീസ് പിടിച്ചെടുത്തു, 230 മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. ഇങ്ങനെ മോഷ്ടിക്കപ്പെടുന്ന ഫോണുകൾ പലതും ബ്രിട്ടന് പുറത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കള്ളക്കടത്തായി എത്തിച്ചാണ് മോഷ്ടാക്കളുടെ അന്താരാഷ്ട്ര സംഘം വിൽപ്പന നടത്തുന്നത്.
ഇ-ബൈക്കുകളിലും മോപ്പഡുകളിലും നഗരത്തിൽ ചുറ്റിത്തിരിയുന്ന കൊള്ളക്കാരായ ഫോൺ മോഷ്ടാക്കളെ അവസാനിപ്പിക്കാനുള്ള ശ്രമം ശക്തമാക്കുന്നതിനിടെ, ഈ സംഘത്തിൽ ഉൾപ്പെട്ട അന്താരാഷ്ട്ര ബന്ധമുള്ള വമ്പൻ റാക്കറ്റിനെ പിടികൂടാൻ കഴിഞ്ഞെന്നും മെറ്റ് പോലീസ് അറിയിച്ചു.
പ്രതിവർഷം 50 മില്യൺ പൗണ്ട് സമ്പാദിക്കുന്ന കുറ്റകൃത്യ തരംഗം സമീപ വർഷങ്ങളിൽ നിയന്ത്രണാതീതമായി മാറി. മോഷ്ടിച്ച ഉപകരണങ്ങൾ ബ്രിട്ടീഷ് മണ്ണിലോ വിദേശത്തോ വിറ്റ് മോഷ്‌ടാക്കൾ വൻതോതിൽ പണം സമ്പാദിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
തിരക്കില്ലാത്ത തെരുവുകളിലൂടെ യാത്രക്കാർ നടന്നുനീങ്ങുമ്പോൾ അവരുടെ കൈകളിലുള്ള ഫോണുകളും ബാഗുകളും മറ്റും തട്ടിപ്പറിക്കുന്നതാണ് മോഷ്ടാക്കളുടെ പ്രധാന രീതി. ഇതിനായി ശബ്ദംകുറഞ്ഞ ഇലക്ട്രിക് മോപ്പഡുകളിലോ സൈക്കിളുകളിലോ പിന്നിലൂടെ വന്നതാണ് ഇവർ കൂടുതലും തട്ടിപ്പറികൾ നടത്തുന്നത്. ബൈക്കിലെത്തി പിടിച്ചുപറിച്ചശേഷം അതിവേഗം കടന്നു കളയുന്ന വരും ഇക്കൂട്ടത്തിലുണ്ട്
എന്നാൽ ലണ്ടനിൽ മോഷണത്തിന് ഇരയാകുന്നവരേക്കാൾ കേരളത്തിലെ മാല പൊട്ടിക്കലിന് ഇരയാകുന്നവർക്കാണ് കൂടുതൽ ശാരീരിക പരിക്കുകൾ ഏൽക്കുന്നതെന്നും കാണാം. മാത്രമല്ല ലണ്ടൻകാർ പലപ്പോഴും മോഷ്ടാക്കളെ പിന്തുടർന്ന് അവരെ കീഴടക്കി മോഷണ വസ്തുക്കൾ തിരികെ പിടിച്ചു വാങ്ങുകയും ചെയ്യുന്നു.
അതേസമയം കേരളത്തിൽ മാല പൊട്ടിക്കലിന് ഇരയാകുന്ന സ്ത്രീകൾ പലപ്പോഴും റോഡിൽ തലയടിച്ചുവീഴുകയാണ് പതിവ്. മോഷ്ടാവ് കഴുത്തിലെ മാലയിൽ പിടിച്ച് പൊട്ടിക്കുന്നതിനായി ശക്തമായി വലിക്കുമ്പോൾ സ്ത്രീകൾ മലനടിച്ച് നിലത്ത് വീഴുന്നു. ഇത് പലപ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പരിക്കുകൾക്കും അല്ലെങ്കിൽ ജീവഹാനിക്കും ഇടയാക്കുന്നു.
അതിനാൽ തന്നെ കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ, പ്രത്യേകിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കാൽനടയായി യാത്രചെയ്യുമ്പോൾ യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഒരു കാരണവശാലും വിലയേറിയ സ്വർണ്ണമാലയോ മറ്റു ആഭരണങ്ങളോ അണിയരുതെന്നും നിർദ്ദേശിക്കപ്പെടുന്നു.
ലണ്ടനിലെ തെരുവുകളിൽ വ്യാപകമായ സ്മാർട്ട്‌ഫോൺ പിടിച്ചുപറിക്കാരെ പിടികൂടുന്നതിനും മോഷ്ടാക്കളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇപ്പോൾ മെട്രോപൊളിറ്റൻ പോലീസ് സാധാരണ വസ്ത്രം ധരിച്ച നിരവധി മഫ്‌തി പോലീസ് ഉദ്യോഗസ്ഥരെ ഇറക്കിയിട്ടുണ്ട്. ഇവർ ഫോൺ ട്രാക്കിംഗ് ഡാറ്റ ഉപയോഗിച്ചും മോഷ്ടാക്കളെ പിന്തുടരുന്നു.
വടക്കുകിഴക്കൻ ലണ്ടനിൽ നടന്ന ഒരു അറസ്റ്റിനിടെ, അനധികൃത ഇ-ബൈക്ക് ഓടിച്ചിരുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയുടെ കൈവശം ഫോണുകൾക്ക് പുറമെ, ഒരു 'വലിയ' കത്തിയും 1,000 പൗണ്ട് പണവും കണ്ടെത്തി.
പിടിച്ചുപറിക്കാരുടെ ലണ്ടനിലെ ഹോട്ട്സ്പോട്ടുകൾ
വെസ്റ്റ് എൻഡ്, വെസ്റ്റ്മിൻസ്റ്റർ, ഈസ്റ്റ് ഹാം, വെസ്റ്റ് ഹാം, ബിർമിംഹാം, എസ്സെക്‌സ് എന്നിവയുൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ പോലീസ് കൂടുതൽ പട്രോളിംഗ് നടത്തിവരുന്നു. ഈ സ്ഥലങ്ങളിലാണ് ഏകദേശം 40 ശതമാനം ഫോൺ മോഷണങ്ങളും പിടിച്ചുപറിയും നടക്കുന്നതെന്ന് മെറ്റ് പോലീസ് പറയുന്നു.
മോഷ്ടിച്ച 5,000-ത്തിലധികം ഫോണുകൾ വിറ്റഴിച്ച ഒരുസംഘവും റെയ്‌ഡിൽ കുടുങ്ങി. പിടിക്കപ്പെട്ട ആ സംഘത്തെ കുടുക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക തന്ത്രങ്ങളും ഇരകളുടെ റിപ്പോർട്ടുകളും ഉപയോഗിച്ചു.
25 വയസ്സുള്ള അഹമ്മദ് അബ്ദുൽഹകീം ബെൽഹനാഫി, 34 വയസ്സുള്ള നാസിഹ് ചെറൈതിയ, 25 വയസ്സുള്ള റിയാദ് മമൗനി, 18 വയസ്സുള്ള റിയാസ് മൊഹമ്മദ് എന്നിവരാണ് കഴിഞ്ഞയാഴ്ച്ച പിടിയിലായ പ്രധാന പിടിച്ചുപറിക്കാരും മോഷ്ടാക്കളും. ഇവരുടെ പിന്നിൽ അന്താരാഷ്‌ട്ര അധോലോക സംഘവുമുണ്ടെന്നും പോലീസ്. അവരാണ് മോഷണവസ്‌തുക്കൾ വിദേശത്തേക്ക് കള്ളക്കടത്ത് നടത്തി വിൽക്കുന്നത്. മെറ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ കഴിഞ്ഞവർഷം മാത്രം നടത്തിയ കുറ്റകൃത്യങ്ങളുടെ ആകെ മൂല്യം 5.1 മില്യൺ പൗണ്ടാണെന്നും വെളിപ്പെടുത്തുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)