കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമാ മേഖല സ്തംഭിപ്പിച്ച് കൊണ്ടാണ് സമരം സംഘടിപ്പിക്കുക. ജിഎസ്ടി, വിനോദ നികുതി, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന്‍ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡിന് ശേഷമാണ് താരങ്ങള്‍ പ്രതിഫലം ക്രമാതീതമായി കൂട്ടിയത്.
വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മാതാക്കള്‍ തീരുമാനം പ്രഖ്യാപിച്ചത്. മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകള്‍ മാത്രമാണ് വിജയിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയില്‍ നേട്ടം താരങ്ങള്‍ക്ക് മാത്രമാണെന്നും ചില സംവിധായകരും വന്‍ തുക പ്രതിഫലം വാങ്ങുന്നുവെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം 700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ 28 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് രക്ഷപ്പെട്ടത്. 101 കോടിയുടെ നഷ്ടം മാത്രം ജനുവരിയില്‍ ഉണ്ടായി. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.നികുതിഭാരം താങ്ങാനാവുന്നതിലും അപ്പുറമാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ല. ഒടിടിയില്‍ സിനിമ പോകുന്നില്ലെന്നും ബജറ്റില്‍ പ്രതീക്ഷയില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാക്കളുടെ ആവശ്യങ്ങള്‍ നിരാകരിച്ച് മുന്നോട്ടു പോയാല്‍ താരങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളും അറിയിച്ചു.