കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികള്‍ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസിനൊപ്പമാണ്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്‌ഡേറ്റ് പുറത്തുവരികയാണ്.
ടോക്‌സിക് പാന്‍ ഇന്ത്യ അല്ല പാന്‍ വേള്‍ഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷില്‍ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളിലേക്കും ടോക്‌സിക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യാഷും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ നിര്‍മാണ ചെലവ് 200 കോടിയാണെന്നാണ് നേരത്തെ കോയ്‌മോയ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചെലവ് ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല്പത് ശതമാനമാണ് നിര്‍മാണ ചെലവ് വര്‍ദ്ധിപ്പിച്ചത്.
ജനുവരി 8ന് ടോക്‌സിക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ടീസറില്‍ യാഷ് സ്ത്രീകളും എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആയിട്ടാണ് ടോക്‌സിക് ഒരുങ്ങുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.