
രാജ്യത്തെ എച്ച്ഐവി വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്റ്റാർമെർ മന്ത്രിസഭ നടപ്പിലാക്കുന്ന, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ഓട്ടോമാറ്റിക് പരിശോധന നിരവധി പുതിയ കേന്ദ്രങ്ങളിലേക്കുകൂടി വർധിപ്പിച്ചു. എമർജൻസി യൂണിറ്റുകളിലെത്തുന്ന എല്ലാ രോഗികളുടെയും രക്തപരിശോധനയിലൂടെ അവർ എച്ച്ഐവി ഹെപ്പറ്റൈസിസ് ബാധിതർ ആണോയെന്ന കാര്യം തിരിച്ചറിയുന്നതാണ് പദ്ധതി. ഇംഗ്ലണ്ടിലെ ഏകദേശം 90 ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ & ഇ) യൂണിറ്റുകളിൽ നിന്ന്, രോഗികൾ അറിയാതെ തന്നെ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കായി എൻഎച്ച്എസ് ഓട്ടോമാറ്റിക് പരിശോധന നടത്തുമെന്ന് ദേശീയ മാധ്യമം വെളിപ്പെടുത്തുന്നു. എന്നാൽ ഓട്ടോമാറ്റിക് പരിശോധന ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള ഓപ്റ്റ് ഔട്ട് മാർഗവും ഉണ്ടെന്നും എൻഎച്ച്എസ് അറിയിച്ചു. രോഗിയോ ബന്ധുവോ ഇതാവശ്യപ്പെട്ടാൽ പരിശോധന ഒഴിവാക്കും. എന്നാൽ ഭൂരിഭാഗം പേരും ഇക്കാര്യം അറിയാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇതുമൂലം ഓരോവർഷവും 1,900 എച്ച്ഐവി ബാധിതർക്ക് നേരത്തെയുള്ള പരിചരണം ലഭിക്കാൻ കാരണമാകുമെന്ന് എൻഎച്ച്എസ് വ്യക്തമാക്കി. 30 പുതിയ ആശുപത്രികളിലേക്കുകൂടി £27 മില്യൺ പദ്ധതി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. 2023 നവംബറിൽ കഴിഞ്ഞ കൺസർവേറ്റീവ് സർക്കാർ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തുടങ്ങിയതിനുശേഷം, രക്തത്തിലൂടെ പകരുന്ന അണുബാധകൾ കണ്ടെത്തുന്നതിൽ 40% വർധനവ് ഉണ്ടായതായി എൻഎച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കാണിക്കുന്നു. ഈ വിപ്ലവകരമായ ഓപ്റ്റ്-ഔട്ട് പരിശോധനയുടെ വ്യാപനം, "ആയിരക്കണക്കിന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി കേസുകൾ" നേരത്തേ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് അവകാശപ്പെട്ടു. പ്രഖ്യാപനം അനുസരിച്ച് ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും അധികം വൈകാതെ ഈ പദ്ധതി ലഭ്യമാകും. സാധാരണയായി ലൈംഗികാരോഗ്യ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകളിൽ രക്തത്തിലൂടെ പകരുന്ന വൈറസുകളുടെ കേസുകൾ കണ്ടെത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കാണിക്കുന്നത്, ഓപ്റ്റ്-ഔട്ട് പരിശോധനയിൽ പുതുതായി കണ്ടെത്തിയ രക്തത്തിലൂടെ പകരുന്ന വൈറസുകളുടെ 7,300 കേസുകൾ കണ്ടെത്തിയിട്ടുണ്ട്, ഇതിൽ 1,000-ത്തിലധികം എച്ച്ഐവി കേസുകളും 4,600 ഹെപ്പറ്റൈറ്റിസ് ബി കേസുകളും 1,600 ഹെപ്പറ്റൈറ്റിസ് സി കേസുകളും ഉൾപ്പെടുന്നു. നേരത്തേ ഈ പദ്ധതി 59 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചപ്പോൾ, 2 വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 10 മാസത്തിനുള്ളിൽ കണ്ടെത്തിയ അണുബാധകളിൽ 43% വർദ്ധനവ് ഉണ്ടായി. എച്ച്ഐവി ബാധ നേരത്തേ കണ്ടെത്തിയാൽ അത് രോഗപ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുന്ന, എയ്‌ഡ്‌സ് ലെവലിലേക്ക് മാറുന്നത് പ്രതിരോധ ചികിത്സമൂലം തടയുവാൻ കഴിയും. അതുപോലെ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ കരളിൽ വീക്കം ഉണ്ടാക്കുകയും വൈറൽ അണുബാധകൾ മൂലമുണ്ടാകുകയും ചെയ്യുന്നു. രോഗബാധിതനായ വ്യക്തിയുമായുള്ള രക്ത- സമ്പർക്കത്തിലൂടെ രണ്ടും പിടിപെടാം. രക്തത്തിലൂടെ പകരുന്ന വൈറസുകൾക്കായുള്ള ഓപ്റ്റ്-ഔട്ട് പരിശോധന എൻഎച്ച്എസിന്റെ മികച്ച വിജയമായി ആരോഗ്യ ഉദ്യോഗസ്ഥരും മന്ത്രിമാരും കാണുന്നു. എന്നാൽ പദ്ധതിയിൽ ചേർത്ത ഏറ്റവും പുതിയ ആശുപത്രികളുടെ പേരുകൾ എൻഎച്ച്എസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ കൂടുതൽ രോഗങ്ങൾ കണ്ടെത്തുന്നതിനായി ഓപ്റ്റ്-ഔട്ട് പരിശോധന വിപുലീകരിക്കാൻ ആരോഗ്യ നേതാക്കൾ പദ്ധതിയിടുന്നു. 2030 ആകുമ്പോഴേക്കും എച്ച്ഐവി വൈറസ് പുതിയ വ്യക്തികളിലേക്ക് പകരുന്നത് ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന്റെവാഗ്‌ദാനത്തിന്റെ ഭാഗമാണ് ഈ പരിശോധന. ഈ ആഴ്ചയുടെ തുടക്കത്തിൽ, സർ കെയർ സ്റ്റാർമർ പരസ്യമായി എച്ച്ഐവി പരിശോധന നടത്തിയ ആദ്യത്തെ പ്രധാനമന്ത്രിയുമായി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
