
കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തലകീഴായി മറിഞ്ഞ് തീപിടിച്ച ഡെൽറ്റ എയർവേയ്‌സ് വിമാനത്തിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ അതിശയത്തിലും നടുക്കത്തിലുമാണ് ലോകം. അതിനിടെ എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ മലയാളികളായ രണ്ട് വയോധിക സ്ത്രീകളെ, യാത്രക്കാരിലെ ഡോക്ടർമാർ അത്ഭുതകരമായി രക്ഷിച്ച വാർത്തയും പുറത്തുവന്നു. വിമാനയാത്രയ്ക്കിടയിൽ ഹൃദയാഘാതവും സ്ട്രോക്കും സംഭവിക്കുന്ന യാത്രക്കാരുടെ എണ്ണം സമീപഭാവിയിൽ കുത്തനെ ഉയരുന്നതായും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അതിൻറെ കാരണങ്ങളെക്കുറിച്ച് മുൻകരുതലുകൾ സ്വീകരിച്ച് യാത്രക്കാർ ജാഗരൂകരാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് ഉംറ തീർത്ഥാടകരുമായി സൗദിയിൽ നിന്നും കരിപ്പൂരിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡുചെയ്യാൻ വെറും രണ്ടുമണിക്കൂറിൽ താഴെമാത്രം അവശേഷിക്കെ, സംഘത്തിലെ രണ്ടുസ്ത്രീകൾ ഒന്നിനുപിന്നാലെ ഒന്നായി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമുണ്ടായ 2 വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഉംറ തീർഥാടക സംഘത്തിലെ ഡോക്ടർമാരും സേവനസന്നദ്ധരായി, ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ, 76, ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് മർജാൻ അബ്ദുൽ നസീർ, മർജാന്റെ സഹോദരി തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻടി സ്പെഷലിസ്റ്റ് ഹഫീഫ അബ്ദുൽ നസീർ, ഹഫീഫയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ സബീൽ അബ്ദുല്ല എന്നിവരാണ് അപകടത്തിൽപ്പെട്ട യാത്രക്കാർക്ക് ആകാശത്തു രക്ഷകരായത്. ഡോക്ടർമാരും ആയിഷയും പാത്തുവും അടക്കമുള്ളവർ കെഎൻഎമ്മിന്റെ നേതൃത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു. സൗദി സമയം ഞായറാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന്റെ 2 മണിക്കൂർ മുൻപായിരുന്നു സംഭവം. ആദ്യം ആയിഷയാണ് തളർന്നത്. ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ചലനമറ്റ നിലയിലായിരുന്നു. അധികം വൈകാതെ പാത്തുവും വീണു! വിമാന ജീവനക്കാരെത്തി ആവശ്യമുള്ള ചികിത്സാ ഉപകരണങ്ങൾ നൽകി. ഡോക്ടർമാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു ജീവൻ തിരിച്ചു കിട്ടിയത്. മറ്റൊരു ഉംറ സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശിനി പാത്തൈ എന്ന തീർഥാടകയും പെട്ടെന്ന് കുഴഞ്ഞുവീണു. ഇവർക്കും ചികിത്സ നൽകി. ആകാശത്തുവച്ച് ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ അതിശയത്തിലും ആശ്വാസത്തിലുമാണ് ഇരു വയോധിക സ്ത്രീകളും അവരുടെ ബന്ധുക്കളും. വലിയൊരു ദാരുണ സംഭവം ഒഴിഞ്ഞുമാറിയതിന്റെ സന്തോഷം കൂടെയുള്ള ഉംറ സംഘാംഗങ്ങളും പങ്കുവയ്ക്കുന്നു. വിമാനയാത്രയ്ക്കിടെ ഹൃദയാഘാതവും സ്‌ട്രോക്കും സംഭവിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വളരെയേറെ ഉയർന്നുവെന്ന് ആരോഗ്യവിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. ബ്ലഡ് പ്രഷർ ക്രമാതീതമായി ഉയരുന്നതാണ് പലരിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അധിക രക്തസമ്മർദ്ദമുള്ളവർ അതിനുള്ള മരുന്നുകൾ വിമാന യാത്ര തുടങ്ങുംമുമ്പേ കഴിക്കണമെന്നും യാത്രയ്ക്കിടയിൽ അമിതമായി മദ്യപിക്കുകയും വലിച്ചുവാരി ഭക്ഷിക്കുകയും ചെയ്യരുതെന്നും ഇതൊഴിവാക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
