
ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംങ്ങുമായുള്ള വിനിമയത്തിൽ റെക്കോർഡ് നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപ. ഡോളറുമായുള്ള വിനിമയത്തിലും രൂപ സർവകാല ഇടിവിലാണ്. മാത്രമല്ല ഗൾഫ് രാജ്യങ്ങളുടെയും ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളുടെയും കറൻസിയുമായുള്ള വിനിമയത്തിലും രൂപ കഴിഞ്ഞ ഏതാനും ആഴ്ചകളായി റെക്കോർഡ് നിലയിൽ തകർന്നു കിടക്കുന്നു. പൗണ്ടൊന്നിന് 112.65 രൂപ എന്ന നിലയിലാണ് ഇതെഴുതുമ്പോഴുള്ള ഏറ്റവും പുതിയ വിനിമയ നിരക്ക്. പ്രവാസികളെ പ്രത്യേകിച്ച് യുകെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ചാകരക്കൊയ്ത്തിന്റെ കാലമാണെന്ന് പറയാം. എന്നിട്ടും കേരളത്തിൽ നിക്ഷേപങ്ങൾ നടത്താനും നാട്ടിലേക്ക് പണമയക്കാനും മടിക്കുകയാണ് യുകെ മലയാളികളിൽ ഭൂരിഭാഗവും. സാധാരണ ഇത്തരം വേളകളിൽ കടമെടുത്തു പോലും നാട്ടിൽ നിക്ഷേപങ്ങൾ നടത്തുക പ്രവാസികളിലെ പൊതുപ്രവണതയായിരുന്നു. പതിവുപോലെ രൂപയുടെ തകർച്ച, ബാങ്ക് ലോൺ എടുത്ത് യുകെയിൽ പഠിക്കുവാൻ എത്തിയ വിദ്യാർത്ഥികൾക്ക് . തിരിച്ചടിയാകും. കാരണം ബാങ്കുകൾ അനുവദിച്ച തുകകൊണ്ട് ട്യൂഷൻ ഫ്യൂസും ജീവിതചലവും ഒന്നും നടത്താൻ പറ്റാത്ത അവസ്ഥ വരും എന്നതുതന്നെ. അതേസമയം കോഴ്സ് പൂർത്തിയാക്കുകയും പോസ്റ്റ് സ്‌റ്റഡി വർക്ക് വിസയിലേക്ക് മാറുകയും ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ സമയം ലോണുകളിൽ കൂടുതൽ തുക അടയ്ക്കുന്നതിനായും വിനിയോഗിക്കാം. നാട്ടിലെ സ്വത്തുവകകൾ വിറ്റ്, യുകെയിലേക്കും യു.എസിലേക്കും മറ്റും കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നവർക്കും ഇത് നല്ല സമയമല്ല. കാരണം രൂപയുടെ മൂല്യ തകർച്ച മൂലം വിദേശങ്ങളിൽ എത്തിക്കുന്ന പണത്തിൽ കാര്യമായ കുറവ് വരും. ഇന്ത്യയിൽ കയറ്റുമതിക്കാർക്ക് രൂപയുടെ തകർച്ച ഗുണകരമാകുമെങ്കിലും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കൂടുതൽ വില നൽകേണ്ടിവരും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ അടക്കം രൂപയുടെ തകർച്ച കൂടുതൽ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വഴിവെക്കും. യുകെയിലെ മിഡിൽ ക്ലാസ്സുകാരായ കുടുംബങ്ങളാണ് കൂടുതലും നാട്ടിലും നിക്ഷേപങ്ങൾ നടത്തിയിരുന്നത്. അതുതന്നെ റിയൽ എസ്റ്റേറ്റ് - പാർപ്പിട വിപണി മേഖലയിലായിരുന്നു കൂടുതൽ പണം യുകെ മലയാളികൾ നിക്ഷേപിച്ചത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല മന്ദിച്ചു കിടക്കുന്നതാണ്, അവിടെ നിക്ഷേപങ്ങൾ നടത്താൻ സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികൾ മടിക്കുന്നത്. സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടിയിൽ വരുത്തിയ വർധനവും വസ്തുവിന്റെ സർക്കാർ വിലകളിൽ വരുത്തിയ വർദ്ധനവും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയ്ക്ക് കനത്ത തിരിച്ചടിയായി മാറി. വളരെ അത്യാവശ്യക്കാരും ചെറുകിട വസ്തുവകകൾ വാങ്ങുന്നവരും മാത്രമാണ് ഇപ്പോൾ ക്രയവിക്രയം നടത്തുന്നത്. ബാങ്ക് ലോൺ എടുത്ത് പണിത വീടുകളും മറ്റും ബാങ്ക് ജപ്തി നടപടികളെ തുടർന്ന് വിൽക്കാനായി നിരത്തി വച്ചിരിക്കുന്നതും യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ കാണാനാകും. നാട്ടിലെ ബാങ്കുകളിൽ നിക്ഷേപിക്കുന്നതും അത്ര സുരക്ഷിതമല്ല എന്നൊരു ധാരണ ഇപ്പോൾ യുകെയിലേക്ക് അടക്കമുള്ള പ്രവാസികളിൽ വളർന്നിട്ടുണ്ട്. കൂടുതൽ പലിശ നൽകിയിരുന്ന സഹകരണ ബാങ്കുകളുടെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾ അത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും പ്രവാസികളെ പിൻവലിപ്പിക്കുന്നു. അതിനാൽ തന്നെ യൂറോയിലും ഡോളറിലും ഒക്കെ വിദേശ ബാങ്കുകളിൽത്തന്നെ നിക്ഷേപിക്കുന്നവരുടെ എണ്ണം ഇപ്പോൾ കാര്യമായി വർദ്ധിക്കുകയും ചെയ്തു. യുകെയിലെ സർക്കാർ സ്ഥിരതയും യുഎസിൽ പ്രസിഡൻറ് ട്രമ്പിന്റെ നേതൃത്വത്തിൽ സാമ്പത്തിക മേഖലയെ ഉണർത്താൻ നടത്തുന്ന ശക്തമായ നടപടികളും ആ രണ്ടു കറൻസികളുമായുള്ള രൂപയുടെ വിനിമയ മൂല്യത്തെ കൂടുതൽ ഇടിച്ചുതാഴ്ത്തുന്നു. ഗൾഫ് മേഖലയിലുള്ള പ്രവാസികൾ മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും നാട്ടിലേക്ക് നിക്ഷേപങ്ങൾ നടത്തുന്നത് എന്നും കാണാം. എന്നാൽ അവരും സ്ഥലം വാങ്ങൽ, ഭവന നിർമ്മാണ പദ്ധതികളിൽ നിന്നും ഇപ്പോൾ മാറിനിൽക്കുന്നു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
