
കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകളുടെ നാടായി കേരളം മാറിയിട്ട് ഏറെനാളായി. കോട്ടയത്തെ ബിഎസ്‌സി നഴ്‌സ് ഷൈനിയുടെയും മക്കളുടെയും ദാരുണ മരണം ഇപ്പോഴും സോഷ്യൽ മീഡിയകളിൽ കണ്ണീരണിയിക്കുന്ന ചർച്ചാവിഷയമാണ്. അതിനിടെ അതിൻറെ തനിയാവർത്തനം എന്നപോലെ മറ്റൊരു അമ്മയും മകളും ഇന്നലെ ആലപ്പുഴ തകഴിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. വീയപുരം പഞ്ചായത്ത് ഓഫിസ് ഹെഡ് ക്ലാർക്ക് തകഴി കേളമംഗലം വിജയഭവനത്തിൽ പ്രിയയും, 46, മകളും കൃഷ്ണപ്രിയയും, 15, ആണ് മലയാളികളിൽ നടുക്കമുണർത്തി വിടപറഞ്ഞത്. ആത്മഹത്യ ചെയ്ത പ്രിയയുടെ ഭർത്താവ് ഓസ്ട്രേലിയക്കാരനായ പ്രവാസിയാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ ചില കുടുംബ പ്രശ്നങ്ങളാൽ ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എങ്കിലും ഇവർ തമ്മിൽ വിവാഹം മോചനം നടത്തിയിട്ടില്ലെന്നും അറിയുന്നു. പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു. ഓസ്‌ട്രേലിയയിലുള്ള ഭർത്താവുമായി അകന്നുകഴിയാൻ തുടങ്ങിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുറച്ചുനാളുകളായി പ്രിയയും മകളും. അതിനിടെ ഇവർ ആത്മഹത്യ ചെയ്ത ട്രെയിനിന്റെ ഡ്രൈവർ നൽകുന്ന വിവരണവും ഏവരേയും കണ്ണീരണിയിക്കുന്നു. തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. “ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും മാറിയില്ല. ഏതെങ്കിലും തരത്തിൽ ട്രെയിൻ നിർത്താനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപുതന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു. തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടറും കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ആലപ്പുഴ– കൊല്ലം മെമു ട്രെയിൻ തട്ടിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. ഇന്നലെ മകൾ കൃഷ്ണപ്രിയ അമ്മയ്ക്കൊപ്പം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് ഊണു പോലും കഴിക്കാതെയാണു പ്രിയ മകളുമൊത്ത് ഇറങ്ങിയതെന്നു സഹപ്രവർത്തകർ പറഞ്ഞു. അതിനിടെ തട്ടിപ്പിനിരയായി പ്രിയയ്ക്കു വൻതുക നഷ്ടപ്പെട്ടതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന വിവരവും പുറത്തുവരുന്നു. വലിയ തുക നഷ്ടപ്പെട്ടതിന്റെ മനോവിഷമവും പ്രിയയെ കാര്യമായി അലട്ടിയിരുന്നതായും പറയുന്നു. പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയമ്മയുടെയും മകളാണ് പ്രിയ. കുടുംബവീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം. അമ്പലപ്പുഴയിലെ സിബിഎസ്ഇ സ്കൂളിൽ വിദ്യാർഥിനിയായ കൃഷ്ണപ്രിയയ്ക്ക് പത്താം ക്ലാസിൽ ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മകളുടെ പഠനം സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടേയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കൗൺസിലർമാരെ സമീപിക്കുക. പ്രശ്‌നങ്ങൾ പരിഹരിച്ച് ജീവിതം കൂടുതൽ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും)
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
