
പ്രവാസി മലയാളികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ, സൗദിയിലെ വാഹനാപകടത്തിൽ അതിദാരുണമായി മരണപ്പെട്ട അഖിലും ടീനയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത് ജൂൺ മാസം പതിനാറാം തീയതിയാണ്. വിവാഹപ്പന്തലും സന്തോഷവും ഉയരേണ്ട വയനാട്ടിലെ രണ്ടു കുടുംബങ്ങൾ ഇപ്പോൾ സങ്കടക്കടലിലാണ്. നെഞ്ചുപൊട്ടി കരയുകയാണ് മാതാപിതാക്കളും സഹോദരങ്ങളും അടക്കമുള്ള ബന്ധുക്കൾ. വയനാടിനെ വിട്ടൊഴിയാതെ വിധിയുടെ വിളയാട്ടം തുടരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയുടെ അപൂർവ്വ വേട്ടയാടലാണ്, അഖിലിന്റെയും ടീനയുടെയും ജീവിതത്തിൽ സംഭവിച്ചത്. ഇങ്ങനെയൊരു ദുരന്തം കടന്നുവരുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒരുനിമിഷംകൊണ്ട് എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം കത്തിക്കരിയുകയായിരുന്നു. ഇരുവരും നഴ്സുമാർ ആണെന്നാണ് അപകടം ഉണ്ടായ സമയം ആദ്യം ലഭ്യമായ വിവരം. എന്നാൽ അഖിൽ യുകെയിലെ പോർട്സ്‌മൗത്തിൽ എൻജിനീയറായിരുന്നു എന്ന വിവരമാണ് ഇപ്പോൾ ബന്ധുക്കൾ നൽകിയിട്ടുള്ളത്. നേരത്തെ ലണ്ടനിൽ പഠിച്ചിരുന്ന സമയത്ത് കുറച്ചുകാലം കെയർഹോമിൽ ഹെൽത്ത് കെയററായി പാർട്ട് ടൈം ജോലി ചെയ്തിരുന്നതാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമാണ് 28 വയസ്സുള്ള അഖിൽ അലക്സ്. വയനാട് നടവയൽ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമാണ് 27 കാരിയായ ടീന ബിജു. ജൂൺ 16 ന് ഇരുവരുടെയും വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നാട്ടിൽ നടക്കവേയാണ് അഖിലിന്റെയും ടീനയുടെയും വീട്ടുകാരെയും ബന്ധുക്കളെയും തേടി നടുക്കുന്ന ദുരന്തവാർത്ത എത്തുന്നത്. ഏതാനും വർഷങ്ങളായി മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സാണ് നടവയല്‍ നെയ്ക്കുപ്പ കരിക്കൂട്ടത്തില്‍ ബിജു-നിസി ജോസഫ് ദമ്പതികളുടെ മകളായ ടീന. അഞ്ചുമാസം മുമ്പാണ് ടീന അവസാനമായി നാട്ടിലെത്തിയത്. വിവാഹത്തിനു പുറമെ, പുതിയ വീടുപണിയും പൂർത്തീകരിച്ച് കയറിത്താമസിക്കുവാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നടവയലിൽ നിന്നും 20 കിലോമീറ്റർ അകലെ അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അലക്സാണ്ടർ-സീന (ഷീജ) ദമ്പതികളുടെ മകനായ അഖിൽ യുകെയിൽ ഐടി എൻജിനീയറായിരുന്നു. രണ്ടരവർഷം മുൻപാണ് അഖിൽ യുകെയിൽ എത്തുന്നത്. വിവാഹശേഷം അഖിലിനൊപ്പം യുകെയിലേക്ക് വരുവാൻ ടീന ജോലിയും രാജിവച്ചാണ് നാട്ടിലേക്ക് വരാനിരുന്നത്. ബുധനാഴ്ച വൈകിട്ട് സൗദി സമയം നാലുമണിക്കായിരുന്നു ദാരുണമായ അപകടം. സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ നിന്നും 150 കിലോമീറ്റർ അകലെ, ഇവർ സഞ്ചരിച്ചിരുന്ന വാഹനാം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഏറെ സന്തോഷത്തോടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങും മുമ്പ് നടത്തിയ പ്രതിശ്രുത വധൂവരന്മാരുടെ വിനോദയാത്ര, രണ്ടു കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെ ല്ലാം കണ്ണീരിലാഴ്ത്തിയ അവസാന യാത്രയുമായി മാറി. സൗദി വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരടക്കം അഞ്ചുപേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മൂന്നുപേര്‍ സൗദി പൗരന്‍മാരാണെന്നും പറയുന്നു. അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇപ്പോൾ മദീനയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സന്തോഷം നിറഞ്ഞതുളുമ്പേണ്ട രണ്ട് വീടുകൾ ഈ ദുരന്തം അറിഞ്ഞതോടെ കണ്ണീർക്കയങ്ങളായി മാറിക്കഴിഞ്ഞു. ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്തയാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൗദിയിലെ പ്രവാസി മലയാളി സംഘടന പ്രതിനിധികൾ അറിയിച്ചു. വിവാഹത്തിനായി ഒരുക്കിയ പന്തലിലേക്ക് മൃതദേഹങ്ങളായി, പ്രതിശ്രുത വധൂവരന്മാരെ ഏറ്റുവാങ്ങുകയെന്നത് വിധിയൊരുക്കിയ വലിയ ക്രൂരതയാകും.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
