
സ്കോട്ട്ലാൻഡ് മലയാളികൾക്കിടയിൽ ഏറെ നടുക്കമുണർത്തുകയും ചർച്ചാവിഷയം ആകുകയും ചെയ്ത, റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ കേസന്വേഷണം നിർത്തുകയാണെന്ന് പോലീസ് അറിയിച്ചു. എഡിൻബറോ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്ന എബേൽ തറയിലിന്റെ, 24, റെയിൽവേ ട്രാക്കിലെ ദുരൂഹ മരണം ആത്മഹത്യ ആണെന്ന് ഉറപ്പിച്ചാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ എബേൽ ആത്മഹത്യ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സഹോദരൻ പ്രതികരിച്ചു. മാർച്ച് 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയിൽവേ അധികൃതരാണ് റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയ എബേലിന്റെ മൃതദേഹം ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും കൈമാറിയത്. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യംമുതൽ എബേൽ ആത്മഹത്യ ചെയ്തതാണ് എന്ന നിലപാട് പൊലീസ് സ്വീകരിച്ചുവെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും വ്യക്തമാക്കിയിരുന്നു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങൾ രേഖാമൂലം അവശ്യപ്പെട്ടിരുന്നു. ഇതിനായി സഹായം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സ്കോട്ലൻഡ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിന് ശേഷമാണ് സ്കോട്ലൻഡിലെ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി വിസയിൽ എബേൽ എത്തിയത്. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ ആയിരുന്ന എബേൽ അത്‌ലറ്റിക് കോച്ചായും സെയിൽസ് അഡ്വൈസറായും ജോലിചെയ്യുകയായിരുന്നു. എന്നാൽ എബേൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ, സഹോദരനും കുടുംബാംഗങ്ങളും സഹായിക്കാനായി എത്തുമെന്നും അവന് അറിയാമായിരുന്നുവെന്നും ജ്യേഷ്ഠൻ എബിറാം പ്രതികരിച്ചിരുന്നു. അത്രയ്ക്ക് അടുത്ത ബന്ധമാണ് ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അവന് എന്തെങ്കിലും ആവശ്യം വന്നാൽ ലോകത്തിൽ എവിടെയായിരുന്നാലും സഹായിക്കാൻ ഞാൻ അന്വേഷിച്ചുവരുമെന്ന് അവന് അറിയാമായിരുന്നുവെന്ന് എബിറാം നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സ്‌കോട്ട്ലാൻഡിലെ മലയാളികളോടും എബേലിന്റെ സുഹൃത്തുക്കളോടും സഹപാഠികളോടും എന്താണ് മരണത്തിന് പിന്നിൽ സംഭവിച്ചതെന്ന സത്യം വെളിപ്പെടുത്തണമെന്നും സഹോദരൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസും തറപ്പിച്ചു പറയുന്നു. ഇതിനായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. റെയിൽവേ ട്രാക്ക് പരിസരം, ട്രെയിൻ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ആബേൽ ആത്മഹത്യയ്ക്കായി തനിച്ച് റെയിൽവേ ട്രാക്കിലേക്ക് വരുന്നതും ട്രെയിന് മുന്നിലേക്ക് ചാടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ വാദം. ഈ ദൃശ്യങ്ങൾ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇക്കാര്യം സ്കോട്ട്ലാൻഡിൽ എത്തിയ സഹോദരനെ ബോധ്യപ്പെടുത്തിയതായും പോലീസ് പറയുന്നു. എന്നാൽ ആത്മഹത്യയാണെങ്കിൽ പോലും അതിന് പ്രേരകമായ പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്ക് തറയിൽ വീട്ടിൽ, പരേതനായ വിമുക്തഭടൻ ടി. യു. ശശീന്ദ്രന്റെയും തൃശൂർ മെഡിക്കൽ കോളജിലെ റിട്ട. ഹെഡ് നഴ്സ് എം. എസ്. പദ്മിനിയുടെയും മകനാണ് എബേൽ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്ന എബിറാം തറയിൽ ആണ് ഏക സഹോദരൻ. ഡോ. കാർത്തിക പ്രദീപ് ആണ് സഹോദര ഭാര്യ. പോലീസ് കേസന്വേഷണ അവസാനിപ്പിച്ച് മൃതദേഹം വിട്ടുകൊടുത്ത സാഹചര്യത്തിൽ, സ്കോട്ട്ലാൻഡിലെ ചില സാമൂഹിക പ്രവർത്തകരുടെ കൂടി സഹായത്തോടെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് തൃശ്ശൂർ വടൂക്കര ശ്മശാനത്തിൽ, നാട്ടുകാരുടെ കൂടി സാന്നിധ്യത്തിലാണ് എബേലിന്റെ മൃതദേഹം സംസ്‌കരിച്ചത്.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
