അവൾ ആമി… അത്ഭുത പെൺകുട്ടി! യുകെയിൽ ഇതാദ്യമായി മാറ്റിവെച്ച ഗർഭപാത്രത്തിൽ ശിശു പിറന്നു.. ഗർഭപാത്രം ദാനം നൽകിയത് സഹോദരി
ലണ്ടൻ: സ്വന്തം ലേഖകൻ
Story Dated: 2025-04-08
അമ്മയുടെ മാറ്റിവച്ച ഗർഭപാത്രത്തിൽ, യുകെയിൽ ഇതാദ്യമായി ശിശു ജനിച്ചു. ചരിത്രത്തിൻറെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് പിഞ്ചുകാൽ വച്ചത് പെൺകുട്ടി!
ബ്രിട്ടീഷ് മെഡിക്കൽ ലോകം അവളെ അത്ഭുത പെൺകുട്ടി എന്ന് വിളിക്കുന്നു. കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്‌സൺ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായാണ് ജനിച്ചത്. സ്വാഭാവിക രീതിയിൽ ഗർഭിണിയാകുക അവർക്ക് അസാധ്യമായിരുന്നു.
യു.എസ് അടക്കം ലോകത്തിൻറെ പല ഭാഗത്തും ഗർഭപാത്രങ്ങൾ മാറ്റിവെച്ച് സ്ത്രീകൾ കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ബ്രിട്ടനിൽ ഇതുവരെ അത് വിജയകരം ആയിരുന്നില്ല. അതിനിടെ സ്വന്തം സഹോദരി തന്നെ ഗ്രേസ് ഡേവിഡ്‌സണിന്റെ രക്ഷയ്‌ക്കെത്തി. 2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം ഡോക്ടർമാർ ഗ്രേസിൽ വച്ചുപിടിപ്പിച്ചു. അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്.
ആ പയനിയറിംഗ് ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) മകൾക്ക് നൽകിയത് - ആമി.
രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് അവിശ്വസനീയവും അതിശയകരവുമായിരുന്നുവെന്ന് അമ്മ ഗ്രേസ് പറയുന്നു.
വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ഭർത്താവ് ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് ഇനി രണ്ടാമത്തെ കുട്ടിയുണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
ആദ്യം അജ്ഞാതയായി തുടരാനാണ് ദമ്പതികൾ ആഗ്രഹിച്ചിരുന്നത്, ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയാ സംഘം പറഞ്ഞു. തുടർന്നും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ആകെ 15 എണ്ണം നടത്താനാണ് മെഡിക്കൽ ടീം ലക്ഷ്യമിടുന്നത്.
More Latest News
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം.
ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്, ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
എമ്പുരാൻ സിനിമ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാദത്തെ തുടർന്ന് ചിത്രത്തിലെ 24 രംഗങ്ങൾ വെട്ടിനീക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരനായ ഗോകുലം ഗോപാലനെതിരെയാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഇന്ന് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവാദം കൊഴുക്കവെ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുട്യൂബിലെ തന്റെ ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം.
പൃഥ്വിരാജും മോഹൻലാലും അമിത് ഷായേയോ നദ്ദയേയോ ഒക്കെ കണ്ടിട്ട് എമ്പുരാൻ മൂന്നാം ഭാഗം എടുക്കുന്നത് മുഴുവൻ നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ 24 വെട്ടും ഒഴിവാക്കാമായിരുന്നു. ഇവിടുത്തെ പ്രശ്നം എന്താണെന്ന് വെച്ചാൽ മോഹൻലാൽ കൂടുതൽ ചായ്വ് കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുമായിട്ടാണ്. അത് പരമമായ സത്യമാണ്. ഇവിടെ പിണറായി വിജയനുമായും നല്ല ബന്ധമുണ്ട്. ബിജെപി നേതാക്കളുമായും മോഹൻലാലിന് നല്ല ബന്ധമുണ്ട്.
എമ്പുരാന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി ബിജെപി അംഗത്വം പരസ്യമായി വാങ്ങിയ ഭരത് ഗോപിയുടെ മകനാണ്. ഈ വിവാദത്തിൽ ആരും മുരളി ഗോപിയേയും ആന്റണി പെരുമ്പാവിനേയും ഗോകുലം ഗോപാലനേയും ആരും കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം മുഴുവൻ പൃഥ്വിരാജിനാണ്. അവസരവാദം നന്നായി കളിക്കാൻ മടിയില്ലാത്ത ആളാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഭക്തയെ പോലെയാണ് പെരുമാറിയത്. ആടുജീവിതത്തിന് മകനൊരു ദേശീയ അവാർഡ് വാങ്ങിക്കൊടുക്കാനാണ് മല്ലിക ഈ കളി കളിക്കുന്നതെന്നാണ് അന്ന് പലരും വിമർശിച്ചത്. പക്ഷെ എന്തോ ആ നീക്കം ക്ലച്ച് പിടിച്ചില്ല. എന്തായാലും പൃഥ്വിരാജിനെ തീർത്തേ ഹൈന്ദവ ഭക്തർക്ക് ഇപ്പോൾ കലി തീരു എന്ന അവസ്ഥയാണ്.
എമ്പുരാൻ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശ്രീലേഖ ചോദിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
ഞാൻ എമ്പുരാൻ കണ്ടു, മാർക്കോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് സിനിമയിലെ വയലൻസിനെ കുറിച്ചാണ്. എന്നാൽ എമ്പുരാനിലും ഈ വയലൻസ് എല്ലാം ഉണ്ട്. എന്നാൽ ആരും വിമർശനം ഉന്നയിച്ച് കണ്ടില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുട്ടികളിൽ അക്രമവാസന ഉണ്ടാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.എന്നാൽ സിനിമയിലെ വയലൻസ് ചെറിയ രീതിയിലെങ്കിലും സ്വാധീനം ഉണ്ടാക്കാം. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടൻ മോഹൻലാൽ ആയിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം അത് എമ്പുരാൻ കൊണ്ട് മാത്രമല്ല, അതിന് മുൻപ് ഇറങ്ങിയ പല പടങ്ങളും കടുത്ത നിരാശയാണ് നൽകിയിട്ടുള്ളത്. എമ്പുരാനാണെങ്കിലും വമ്പൻ ഹൈപ്പിലാണ് എത്തിയത്. ലൂസിഫർ എനിക്ക് ചെറിയ രീതിയിലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയമൊക്കെയാണ് ചർച്ച ചെയ്യുന്നത് സിനിമ.
വളരെ വലിയ വയലൻസുള്ള സിനിമയാണ് എമ്പുരാൻ. ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന മെസേജ് യാദൃശ്ചികമായി വന്നതല്ല. മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. ബിജെപി കേരളത്തിൽ കടക്കാൻ പാടില്ല, കടന്നാൽ കേരളം നശിക്കും എന്ന് കാണിക്കുന്നതാണ് സിനിമ. ഗോവർധൻ എന്ന ഇന്ദ്രജിത്ത് കഥാപാത്രം പറയുന്നത് ബിജെപി കേരളത്തിൽ വരാൻ പാടില്ല, വലിയ അപകടം പിടിച്ച കാര്യമാണെന്ന മട്ടിലാണ്.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവർത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനിൽ യുക്മ ജനറൽ കൗൺസിലിൽ നിന്നുമുള്ള അംഗങ്ങളെയാണ് യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ വച്ചാണ് വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്. ബർമിംങ്ഹാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിൻറെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ.
യുക്മ ചാരിറ്റി ബോർഡ് വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്
യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്സ് വർഗീസ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി, യുക്മ നാഷണൽ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണൽ പി ആര്‍ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിൽ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ കൂടി വഹിച്ച അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്.
മനോജ് കുമാർ പിള്ള പ്രസിഡൻ്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിൽ വച്ച് 2019 -ൽ സംഘടിപ്പിച്ച ദേശീയ കലാമേള വൻ വിജയമാക്കുന്നതിന് പിന്നിൽ പ്രധാന ചുമതല വഹിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന അലക്സ് വർഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിൻഷോ ഹോസ്പിറ്റൽ ലംങ്ങ് ക്യാൻസർ ഡിപ്പാർട്ടൻ്റിലെ സ്പെഷ്യലിസ്റ്റ് നഴ്സാസായ ബെറ്റിമോൾ അലക്സ് ഭാര്യയാണ്. അനേഖ അലക്സ് (ബാങ്ക് ഓഫ് ന്യൂയോർക്ക്), കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്സ് (നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി, ഹൾ - യോർക് മെഡിക്കൽ സ്കൂൾ), ഏഡ്രിയേൽ അലക്സ് (ഇയർ 8) എന്നിവർ മക്കളാണ്.
യുക്മ ചാരിറ്റി ബോർഡ് സെക്രട്ടറി ഷാജി തോമസ്
യുക്മ ചാരിറ്റി ബോർഡിന്റെ സെക്രട്ടറിയായി ഡോർസെറ്റിൽ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമാകുന്നതിന് മുൻപ് തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടിൽ പണി കഴിപ്പിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ ആ പ്രോജക്ട് പൂർത്തിയാക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി സ്തുത്യർഹമായിരുന്നു.
ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡൻറായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിൻറെ ഭാര്യ ആൻസി ഡെപ്യൂട്ടി ഹോം മാനേജരായി ഡോർസെറ്റിലെ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. മകൻ ഫെബിൻ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫൻസിൽ ജോലി ചെയ്യുന്നു. ഫെബിൻ്റെ ഭാര്യ ഡിമ്പിൾ. മകൾ ഫേബ പഠനം പൂർത്തിയാക്കി ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണൽ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റുമാരായ മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.
ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ് ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു.
ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.
നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു.
www.youtube.com/watch