
ഇന്ത്യക്കാർക്കൊപ്പം ലോകവും ഏറെ ആശങ്കയോടെ കണ്ട ഇന്ത്യ - പാക്ക് സംഘർഷം തുറന്ന യുദ്ധത്തിലേക്ക് മാറുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്നലെ വെളുപ്പിനെ നടപ്പിലാക്കി.
9 ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ സേനയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ആറിടങ്ങളിൽ 24 തവണ ബോംബുകൾ വർഷിച്ചുവെന്ന് പാക്കിസ്ഥാൻ പറയുന്നു.
പഹൽഹാം അടക്കം ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവരെ പരിശീലിപ്പിച്ച പാക്ക് അധിനിവേശ കാശ്മീരിലെയും പാക്ക് പഞ്ചാബിലെയും രാജസ്ഥാൻ അതിർത്തിയിലെയും കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. റാഫേൽ വിമാനങ്ങളിൽ നിന്ന് ഹ്രസ്വദൂര മിസ്സൈലുകൾ അയച്ചാണ് ആക്രമണം എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ ഇന്ത്യൻ സേനയുടെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടില്ല.
ആദ്യം ആക്രമണങ്ങളിൽ ഒരു കുട്ടിയടക്കം 9 പേർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഇതെഴുതുമ്പോൾ മരണപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നുവെന്നും പരിക്കേറ്റവർ 46 ആയെന്നും പാക്ക് സർക്കാർ പ്രതിനിധി അറിയിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിന് പുറമേ അതിർത്തിയിലെ ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റവരുമുണ്ട്.
അതുപോലെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വീഴ്ത്തിയതായി പാക്കിസ്ഥാൻ അവകാശപ്പെടുന്നു. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടു വിമാനങ്ങൾ വീഴ്ത്തിയതായി പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ ഒരു വിമാനം ഇന്ത്യൻ അതിർത്തിയിൽ വീണതായും പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളിലോ ജനവാസ പ്രദേശങ്ങളിലോ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. അതേസമയം ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം. ശക്തമായ തിരിച്ചടി നടത്തുമെന്ന് പാക്ക് സൈനിക മേധാവി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് കാശ്മീർ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ പരസ്പരം അതിശക്തമായ വെടിവെപ്പും ഷെൽ ആക്രമണങ്ങളും നടക്കുകയാണ്. ഇന്ത്യയുടെ തിരിച്ചടിക്ക് പാക്കിസ്ഥാൻ ശക്തമായ രീതിയിൽ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമായി മാറും.
പ്രവാസ ലോകവും ഇന്ത്യാ പാക്ക് സംഘർഷത്തിൽ ആശങ്കാകുലരാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾ. യുകെ, യു എസ്, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ തിരക്കിട്ട് റദ്ദാക്കുകയും ചെയ്യുന്നു.
ഇരുപക്ഷത്തേയും തിരിച്ചടികളോടെ യുദ്ധം കൂടുതൽ രൂക്ഷമായാൽ, ഒരുപക്ഷേ വർഷങ്ങളോളം അതിർത്തികളിലെ പരസ്പരമുള്ള ചെറുകിട ആക്രമണങ്ങളോടെ യുദ്ധം നീണ്ടുപോയേക്കാം എന്നാണ് ഈരംഗത്തെ വിദഗ്ധരുടെ നിഗമനം. ഇതിനിടയിൽ ആണവാക്രമണം നടന്നേക്കുമോ എന്ന കനത്ത ആശങ്കയും നിലനിൽക്കുന്നു.
എന്നാൽ ബാലാക്കോട്ട് ആക്രമണത്തിൽ തിരിച്ചടിച്ചത് പോലെ ചെറിയ രീതിയിലാണ് പാക്കിസ്ഥാന്റെ പ്രത്യാക്രമണം എങ്കിൽ ഇതോടെ സംഘർഷം കുറയാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. എന്തായാലും യുദ്ധമുന്നണിയിൽ നിന്നുള്ള ഓരോവാർത്തയും ശ്രവിച്ച് വളരെ ആശങ്കയോടെ കഴിയുകയാണ് പ്രവാസ ലോകം.
പാക്കിസ്ഥാൻ സർക്കാർ ഒത്തുതീർപ്പിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വാർത്ത. ചർച്ചയ്ക്കായി പാക്ക് പ്രതിരോധ മന്ത്രി എത്തുമെന്നും റിപ്പോർട്ട് ചെയ്യുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
