
ഇന്ത്യ - പാക്ക് യുദ്ധം നിയന്ത്രണങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ഡ്രോൺ - റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇന്നലെ രാത്രി ആക്രമണ പ്രത്യാക്രമണങ്ങളും നടന്നു. നാട്ടിലെ ബന്ധുക്കളുടേയും പഞ്ചാബ്, ജമ്മു, ഡെൽഹി എന്നിവിടങ്ങളിൽ പഠിക്കാൻ പോയിട്ടുള്ള കുട്ടികളെക്കുറിച്ചുമുള്ള ആശങ്കയിലാണ് യുകെ മലയാളികൾ അടക്കമുള്ള പല പ്രവാസികളും. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസ്സൈലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ന് വെളുപ്പിന് ആക്രമണം നടത്തിയ കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പവർഗ്രിഡിനു നേരെ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ശക്തമായി നിഷേധിച്ചു. എന്നാൽ ഇന്നലെ രാത്രി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചത് ഇത്തരം ഒരു വ്യാജ പ്രചാരണം നടക്കുന്നതിനും കാരണമായി. ഇതിന് തിരിച്ചടിയെന്നോണം പാകിസ്ഥാന്റെ 5 എയർ ബേസുകളിൽ സൂപ്പർ സോണിക് ബ്രഹ്മോസ് മിസ്സൈലുകൾ ഉപയോഗിച്ച് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇക്കാര്യം പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസ്സൈൽ പാക്കിസ്ഥാന്റെ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളത്തിൽ പതിക്കുന്നതിന്റെ വീഡിയോയും വിദേശ ന്യൂസ് ഏജൻസികൾ പുറത്തുവിട്ടു. ഇറാൻ നിർമ്മിതമായ ഫത്താ ബാലിസ്റ്റിക് മിസ്സൈലാണ് പാക്കിസ്ഥാൻ ഉപയോഗിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് ഒഴികെ നാട്ടിലേക്കുള്ള യാത്ര ഏതാണ്ട് പൂർണ്ണമായിത്തന്നെ, യുകെ മലയാളികൾ ഒഴിവാക്കിയതായാണ് അറിയുന്നത്. ടിവികൾക്കു മുന്നിൽ യുദ്ധവാർത്തകൾ അറിയാൻ കുത്തിയിരിക്കുകയാണ് മിക്കവരും. നാട്ടിലെ ബന്ധുക്കളുമായി ഫോണുകളിലും വാട്ട്സാപ്പിലും നിരന്തരം സംസാരിച്ച് പലരും വിവരങ്ങൾ അന്വേഷിച്ചുവരുന്നു. ചില യുകെ മലയാളികളുടെ മക്കൾ, ഡൽഹിയും പഞ്ചാബിലും ജമ്മുവിലുമൊക്കെ ഉന്നത പഠനത്തിനും ബോർഡിങ് സ്‌കൂളുകളിലും പഠിക്കുന്നുണ്ട്. ഈ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും പലരും ആശങ്കാകുലരാണ്. അതുപോലെ കൂടുതൽ വിമാനത്താവളങ്ങൾ ഇന്ത്യ താൽക്കാലികമായി അടച്ചു. ഇതോടെ ആകെ അടച്ച ഇന്ത്യൻ വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി. മെയ് 15 ന് രാവിലെ 05:29 വരെ അടച്ചിടൽ പ്രാബല്യത്തിൽ വരും. ചണ്ഡീഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭൂന്തർ, കിഷൻഗഡ്, പട്യാല, ഷിംല, ധർമ്മശാല, ബട്ടിൻഡ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളെ അടച്ചിടൽ ബാധിക്കുന്നു. ജയ്‌സാൽമീർ, ജോധ്പൂർ, ലേ, ബിക്കാനീർ, പത്താൻകോട്ട്, ജമ്മു, ജാംനഗർ, ഭുജ് തുടങ്ങിയ തന്ത്രപ്രധാന വിമാന താവളങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനിടെ അല്പം ആശ്വാസമായി ഇതാദ്യമായി ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ഹോട്ട് ലൈനിൽ സംസാരിച്ചതായ വാർത്ത പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യവും എന്താണ് സംസാരിച്ചതെന്നും ഇന്ത്യയോ പാക്കിസ്ഥാനോ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക അല്പംകൂടി ഊർജിതമായി പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന വിവരവും റിപ്പോർട്ടുചെയ്യുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
