ഇരുപത് വർഷം നീണ്ട സൗദി അറേബ്യയിലെ തടവുജീവിതത്തിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അബ്ദുൽ റഹീം ഇന്ന് കേരളത്തിലെത്തും. റിയാദിൽനിന്ന് ബുധനാഴ്ച രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് എത്തുന്നത്. വ്യാഴാഴ്ച രാവിലെ 7.35-നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തുക. ജയിൽ അധികാരികൾ നേരിട്ടെത്തിച്ചാണ് റഹീമിന്റെ യാത്രാനടപടികൾ പൂർത്തിയാക്കിയത്.
റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നുണ്ട്. റഹീം സഹായ സമിതി വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2006 നവംബറിൽ തൊഴിൽ തേടി സൗദിയിലെത്തിയ റഹീം, ഒരു സ്വദേശിയുടെ അസുഖബാധിതനായ മകനെ നോക്കുകായിരുന്നു ജോലി. എന്നാൽ അതേ വർഷം ഡിസംബർ 26-ന് സംഭവിച്ച ദുരന്തം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ച സംഭവത്തിൽ റഹീം അറസ്റ്റിലാവുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. ഇത് മനഃപൂർവമല്ലാത്ത അപകടമാണെന്ന് റഹീം കോടതിയിൽ പറഞ്ഞെങ്കിലും പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലപാടിൽ ഉറച്ചു നിന്നു.
റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്നുനിന്നത് പിന്നീട് വലിയ മനുഷ്യസ്നേഹ പ്രസ്ഥാനമായി മാറി. 34 കോടിയിലേറെ രൂപ ദിയാധനമായി സമാഹരിച്ചതോടെയാണ് വധശിക്ഷ ഒഴിവാക്കാൻ സാധിച്ചത്. തുടർന്ന് സൗദി നിയമപ്രകാരം തടവുശിക്ഷ തുടർന്ന റഹീം, കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ മോചിതനാകുന്നത്.
റഹീം സഹായസമിതിയുടെ നേതൃത്വത്തിൽ ആകെ 47.87 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 36.27 കോടി രൂപ വിവിധ നിയമനടപടികൾക്കും അനുബന്ധ ചെലവുകൾക്കും വിനിയോഗിച്ചു. ഒസാമ അൽ അംബർ കേസിൽ റഹീമിന്റെ അഭിഭാഷകനായിരുന്നു. 2024 ജൂലൈ 2-ന് വധശിക്ഷ റദ്ദാക്കിയതോടെയാണ് റഹീമിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വാതിൽ വീണ്ടും തുറന്നത്.

