യുവതലമുറയിലെ മുൻനിര താരമായി മാറിയ നസ്ലെൻ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ചും അത് കൈവിട്ടുപോയതിനെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
നേരത്തെ രണ്ട് പ്രൊജക്ടുകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയെന്നുമാണ് നസ്ലെൻ വെളിപ്പെടുത്തിയത്.
“ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോവുകയും ജയറാം ഏട്ടൻ ആ വേഷത്തിലേക്ക് എത്തുകയുമായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇതായിരിക്കാം കറക്ട് ടൈം.” – നസ്ലെൻ പറയുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യിൽ നസ്ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നഷ്ടമായ സ്വപ്നതുല്യമായ അവസരം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം.
അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

