ജനിച്ച് മിനിറ്റുകൾക്കുള്ളിൽ ഇരുകൈകളും തലയ്ക്ക് പിന്നിൽ വച്ച്, ഒരു കാൽ മറ്റേ കാലിന് മുകളിലായി കയറ്റിവെച്ച് ശാന്തമായി കിടക്കുന്ന കുഞ്ഞിൻ്റെ വീഡിയോ വെെറലാകുന്നു. ജനിച്ചയുടൻ തന്നെ സമ്മർദങ്ങളൊന്നുമില്ലാതെ ജീവിക്കാൻ കുഞ്ഞ് പഠിച്ചുകഴിഞ്ഞുവെന്ന തരത്തിലുള്ള രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഈജിപ്തിലെ കെയ്റോയിൽ നിന്നുള്ള ശിശുരോഗ വിദഗ്ധനും നവജാതശിശു പരിചരണ വിദഗ്ധനുമായ ഡോ. ഇസ്ലാം എൽദെഹ് ആണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘Baby king! Pardon my excitement’ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ വീഡിയോ പങ്കുവെച്ചത്. ജനിച്ചയുടൻ കുഞ്ഞുങ്ങൾ കരയുന്നതാണ് പൊതുവേ ആളുകളുടെ മനസ്സിലുള്ള ചിത്രമെങ്കിലും, ഈ കുഞ്ഞ് വളരെ ശാന്തമായാണ് വീഡിയോയിൽ കാണപ്പെടുന്നത്.
‘ഇതാണ് ജനറേഷൻ ബീറ്റ! ജോലി-ജീവിത സന്തുലിതാവസ്ഥ ഇതിനകം തന്നെ പഠിച്ചുകഴിഞ്ഞു. ജോലിയൊന്നുമില്ല, ജീവിതം മാത്രം. ജനറേഷൻ ആൽഫ ആയിരുന്നെങ്കിൽ വൈഫൈ ചോദിച്ചേനെ. എന്നാൽ ഈ കുഞ്ഞ് ലോകത്തെ ഇതിനകം തന്നെ ഡു നോട്ട് ഡിസ്റ്റർബ് മോഡിലാക്കിയിരിക്കുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ഈ നവജാതശിശു ലോകത്തേക്ക് വന്നത് തന്നെ സമ്മർദങ്ങളൊന്നുമില്ലാതെയാണ്’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ‘ഞാൻ ജനിച്ചു, ഇപ്പോൾ തന്നെ ക്ഷീണിച്ചു. എനിക്കൊന്ന് വിശ്രമിക്കണം’, ‘അവർ വീഡിയോ എടുക്കുകയാണല്ലേ? ഒരു നിമിഷം, ഞാനൊരു പോസ് കൊടുക്കട്ടെ’ എന്നിങ്ങനെ നീളുന്നു കമൻ്റുകൾ.

