ബ്രിട്ടനിൽ കനത്ത നാശം വിതച്ച് ഓസ്റ്റൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കടുത്ത കാറ്റിലും മഴയിലും പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ഈ സീസണിലെ ആദ്യത്തെ നാമകരണം ചെയ്യപ്പെട്ട കൊടുങ്കാറ്റാണിത്. ജഴ്സിയിൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലുള്ള (84 മൈൽ) ശക്തമായ കാറ്റാണ് വീശിയടിച്ചത്. മോശം കാലാവസ്ഥയെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതങ്ങളും സ്തംഭിച്ചു. കടലിൽ നിന്നുള്ള കൂറ്റൻ തിരമാലകളുടെ ആഘാതത്തിൽ ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയറിന്റെ ഒരു ഭാഗം കടലിലേക്ക് തകർന്നു വീണു. ആദ്യംതന്നെ ജഴ്സിയിലെയും ഗേൺസിയിലെയും മുഴുവൻ സ്കൂളുകളും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു. കോൺവാളിലെ ചില സ്കൂളുകൾ പ്രവർത്തനം നിർത്തിവെക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊടുങ്കാറ്റിന്റെ തീവ്രത മുൻകൂട്ടി കണ്ട് കോൺവാളിലെ ഒരു ഹോളിഡേ പാർക്കിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. നാഷണൽ ഗ്രിഡിന്റെ കണക്കുകൾ പ്രകാരം ഇതിനകം 60,000-ത്തിലധികം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് റോഡുകളും റെയിൽവേ ലൈനുകളും തടസ്സപ്പെട്ടത് യാത്രാദുരിതം ഇരട്ടിയാക്കി. യുകെയും ഫ്രാൻസും തമ്മിലുള്ള ചില ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചാനൽ ഐലൻഡുകളിൽ ഫെറി സർവീസുകൾ മുടങ്ങിയത് മൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓസ്റ്റൻ കൊടുങ്കാറ്റിന്റെ ആഘാതം പൂർണ്ണമായി ഒഴിയും മുൻപ് 'ബോലോ' (Storm Boelo) എന്ന മറ്റൊരു കൊടുങ്കാറ്റ് കൂടി എത്തുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ ഞായറാഴ്ച രാത്രി വരെ കനത്ത ജാഗ്രതാ നിർദ്ദേശം (Amber Warning) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 മൈൽ വേഗതയിലും ചില തീരപ്രദേശങ്ങളിൽ 80 മൈൽ വേഗതയിലും കാറ്റ് വീശിയേക്കാം. ഇത് കൂടുതൽ വൈദ്യുതി തടസ്സങ്ങൾക്കും യാത്രാ പ്രതിസന്ധികൾക്കും കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. യുദ്ധം, സൈബർ ആക്രമണങ്ങൾ അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ മൂന്ന് ദിവസത്തേക്ക് ആവശ്യമായ ടിൻ ചെയ്ത ഭക്ഷണസാധനങ്ങളും കുടിവെള്ളവും കരുതണമെന്ന് സർക്കാർ പൊതുജനങ്ങൾക്കായി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഡ്രൈവിംഗ് നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും വീടുകൾക്ക് പുറത്തുള്ള സാധനങ്ങൾ കാറ്റിൽ പറന്നുപോകാതെ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

