മനസ്സുനിറയെ ജീവിത സ്വപ്നങ്ങളുമായി ജർമ്മനിയിൽ ജോലിക്കെത്തി, അക്രമിയായ അയൽക്കാരൻ ഫ്ളാറ്റിന് തീയിട്ട് ജീവൻ നഷ്ടപ്പെട്ട 3 മലയാളികൾക്ക് ജന്മനാടിന്റെ മണ്ണിൽ ഇനി അന്ത്യവിശ്രമം. ജർമ്മനിയിലെ വാടക അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയി, കാലടി മാണിക്കമംഗലം സ്വദേശി സിവിൻ ജോണി എന്നിവരുടെ ഭൗതികശരീരങ്ങൾ കൂടി നാട്ടിലെത്തിച്ച് സംസ്കരിച്ചു. അപകടം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടുവന്നശേഷം ഇരുവർക്കും വിടപറയാൻ നാട് ഒരുമിച്ചെത്തിയത്. ഇതേ അപകടത്തിൽ മരണപ്പെട്ട ഇവരുടെ സുഹൃത്ത് നോവ സാബുവിന്റെ മൃതദേഹം ഒക്ടോബർ 23 വെള്ളിയാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. 2026 ഒക്ടോബർ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെ ശാന്തിഗ്രാമിലുള്ള കുടുംബ വസതിയിലെ പ്രാർത്ഥനകൾക്കുശേഷം ഇടവക പള്ളിയിൽ സംസ്കരിക്കും. ഡെൽഹി വഴി എയർ ഇന്ത്യ വിമാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ 1.20-ഓടെയാണ് അഞ്ജലിയുടെയും സിവിന്റെയും ഭൗതികശരീരങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ജൂലൈയിലാണ് അഞ്ജലി ജോലി ആവശ്യത്തിനായി ജർമ്മനിയിലേക്ക് പോയത്. അവിടെ ഒരു സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസസ് ഡിവിഷനിൽ ജോലിചെയ്യുകയായിരുന്നു. കൊല്ലം ചമ്മക്കാട് സെന്റ് സെബാസ്ത്യൻ പള്ളിയിലായിരുന്നു അഞ്ജലിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിപ്പേർ അഞ്ജലിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളായ അഞ്ജലിക്ക് ബി.എഡ് വിദ്യാഭ്യാസ യോഗ്യതയുണ്ട്. അശ്വനി എസ്. ജോയി സഹോദരിയാണ്. കാലടി മാണിക്കമംഗലത്തെ വസതിയിൽ ഉച്ചയോടെ ആരംഭിച്ച സിവിൻ ജോണിയുടെ സംസ്കാര ചടങ്ങുകൾക്ക് മഞ്ഞപ്ര ഫൊറോന വികാരി ഫാ. വർഗീസ് പൊട്ടക്കൽ നേതൃത്വം നൽകി. അരമണിക്കൂറോളം നീണ്ട പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിലേക്ക് കൊണ്ടുവരുകയും തുടർന്ന് സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. മാർ തോമാ ചാക്കോത്തും ബെന്നി ബെഹനാൻ എം.പിയും ഉൾപ്പെടെയുള്ള പ്രമുഖർ സിവന്റെ അന്തിമോപചാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഒക്ടോബർ 14-നാണ് ജർമ്മനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഇവരുടെ ജീവൻ നഷ്ടപ്പെട്ടത്. അപ്പാർട്ട്മെന്റ് ഉടമയുമായുള്ള തർക്കത്തിൽ, റൊമാനിയക്കാരനായ ആക്രമി ഫ്ളാറ്റ് കെട്ടിടത്തിന് തീയിടുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ കൂടുതൽ ചോദ്യംചെയ്ത് വരുന്നു. ഒക്ടോബർ 16-ന് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരുന്നെങ്കിലും എയർ കാർഗോ ലഭ്യതയിലുണ്ടായ പരിമിതികളെ തുടർന്നാണ് നാട്ടിലേക്കുള്ള മൃതദേഹങ്ങളുടെ വരവ് വൈകിയത്.

