ലിംഗമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നതായി ഒരു ജിപി ഡോക്ടർ വെളിപ്പെടുത്തി.
കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള ജി.പി. (ജനറൽ പ്രാക്ടീഷണർ) ആയിരുന്ന ഡോ. സാറ റെഡ്വേഴ്സ് ആണ് തനിക്ക് നേരെ ട്രാൻസ്ഫോബിയ ആരോപണങ്ങളും കടുത്ത മാനസിക പീഡനങ്ങളും ഉണ്ടായതായി ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്സകളിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് താൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പ്രസ്തുത വിഷയത്തിൽ എൻ.എച്ച്.എസ് സസ്സെക്സ് ഇന്റഗ്രേറ്റഡ് കെയർ ബോർഡിനും മുൻ ചീഫ് എക്സിക്യൂട്ടീവിനുമെതിരെ തൊഴിൽ ട്രൈബ്യൂണലിൽ നിയമപോരാട്ടം നടത്തിവരികയാണ് ഇവർ. കുട്ടികൾക്ക് അനുചിതമായ രീതിയിൽ ഹോർമോൺ മരുന്നുകൾ നൽകിയതുമായി ബന്ധപ്പെട്ട് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ എൻ.എച്ച്.എസ് അധികൃതർ പിന്നീട് മാപ്പ് പറയുകയും ചില നടപടികൾ പിഴച്ചുപോയെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ സുരക്ഷ മുൻനിർത്തി ഉന്നത ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജോലി സംബന്ധമായ ആശങ്കകൾ തുറന്നുപറയുന്ന ജീവനക്കാരെ സംരക്ഷിക്കണമെന്നും അവർഡോക്ടർ ആവശ്യപ്പെട്ടു.

