ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാള കലാ- സാംസ്കാരിക വേദി ‘’കേളി’’ യുടെ ഈ വർഷത്തെ കേളീ പുരസ്കാരം കുമാരി ശ്രേയ മേനോന്. കേരളീയ സാംസ്കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധത, കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ, അർപ്പണബോധത്തോടെയുള്ള പ്രചോദനാത്മകമായ ജീവിതയാത്ര എന്നിവ പരിഗണിച്ചാണ് ശ്രേയ മേനോന് അവാർഡ് ലഭിച്ചത്.
പതിനാറാം വയസ്സിൽ തന്നെ നാടകം, സംഗീതം, നൃത്തം, പരമ്പരാഗത കലകൾ എന്നിവയിലും കായിക മേഖലയിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ശ്രേയ മേനോൻ. കലകളോടുള്ള അഭിനിവേശവും അർപ്പണബോധവും കഠിനാധ്വാനവും അച്ചടക്കവും ഒത്തുചേരുന്ന ശ്രേയയുടെ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാണ്.
നാലാം വയസ്സിലാണ് ശ്രേയയുടെ കലായാത്രയ്ക്ക് തുടക്കമാകുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു ശ്രദ്ധ നേടി.
നാടകവേദിയോട് പ്രത്യേക അഭിനിവേശമുള്ള ശ്രേയ, ദി ലയൺ കിങ് ഉൾപ്പെടെയുള്ള സ്കൂൾ നാടകങ്ങളിലും നിരവധി ലഘുനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ദൃശ്യകലയിലൂടെയാണ് മലയാള നാടകരംഗത്തേക്കുള്ള ശ്രേയയുടെ സജീവമായ പ്രവേശനം. തുടർന്ന് ശശി എസ്. കുളമട സംവിധാനം ചെയ്ത തെയ്യം, വിജയകുമാർ പിള്ള സംവിധാനം ചെയ്ത ആത്മരൂപൻ, ജെയ്സൺ ജോർജ് സംവിധാനം ചെയ്ത കലാഭവൻ ലണ്ടന്റെ ചെമ്മീൻ, മനോജ് ശിവ സംവിധാനം ചെയ്ത ദി ഡയലോഗ് വിത്ത് ഡെത്ത്, ശശി എസ്. കുളമട സംവിധാനം ചെയ്ത ശുക്രനക്ഷത്രം തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ബാൾഡ്വിൻ സൈമൺ സംവിധാനം ചെയ്യുന്ന സ്വർഗം തുറക്കുന്ന നിമിഷങ്ങൾ എന്ന നാടകത്തിലെ അടുത്ത പ്രകടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ശ്രേയ ഇപ്പോൾ.
സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശ്രേയ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിവിധ പരിപാടികളിൽ നൃത്താവതരണങ്ങളിലൂടെയും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനകൾ സംഘടിപ്പിച്ച നിരവധി പരിപാടികളിൽ അവതാരകയായും ശ്രേയ തിളങ്ങി.
കേരളത്തിന്റെ തനത് കലാപാരമ്പര്യത്തോടുള്ള ശ്രേയയുടെ അടുപ്പം ചെണ്ടയോടുള്ള സമർപ്പണത്തിൽ വ്യക്തമാണ്. കഴിഞ്ഞ അഞ്ചുവർഷമായി വിനോദ് നവധാരയുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിക്കുന്ന ശ്രേയ, ചെണ്ട അരങ്ങേറ്റവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് യ്ക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘’Let's Break It Together’’ എന്ന സംരംഭത്തിൽ കലാപ്രകടനം നടത്താൻ ശ്രേയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് റേഡിയോ മലയാളത്തിന്റെ കിളിവാതിൽ പരിപാടിയിലും പങ്കെടുത്തു
കലാരംഗത്തെ മികവിനൊപ്പം കായികരംഗത്തും ശ്രേയ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിൽ കരാട്ടെ പരിശീലനം ആരംഭിച്ച ശ്രേയ ഈ വർഷം ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. സ്കൂളിലെ റൗണ്ടേഴ്സ്, ക്രിക്കറ്റ് ടീമുകളിലെ സജീവ അംഗമായ ശ്രേയയ്ക്ക് 2024-ലും 2025-ലും തുടർച്ചയായി 'കോച്ചസ് പ്ലെയർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. എസെക്സ് കൗണ്ടി ഗേൾസ് ക്രിക്കറ്റ് ടീമിൽ ഇടം നേടാനായതും ശ്രേയയുടെ കായികജീവിതത്തിലെ അഭിമാനകരമായ നേട്ടമാണ്.
പഠനത്തിലും വ്യക്തിത്വവികസനത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശ്രേയ, പ്രൈമറി സ്കൂളിലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ് അംഗീകാരവും നേടിയിട്ടുണ്ട്. ആത്മവിശ്വാസം, നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനോഭാവം എന്നിവയുടെ തെളിവായി സിൽവർ ഡ്യൂക്ക് ഓഫ് എഡിൻബറ അവാർഡും ശ്രേയ സ്വന്തമാക്കിയിട്ടുണ്ട്.
നാലാം വയസ്സിലെ ആദ്യ വേദിപ്രവേശനം മുതൽ നാടകം, സംഗീതം, നൃത്തം, ചെണ്ട, കായികം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ശ്രേയ മേനോൻ, കഴിവും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി മുന്നേറുന്ന പുതുതലമുറയുടെ ഉജ്ജ്വല പ്രതിനിധിയാണ്.
ലണ്ടനിലെ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന കോട്ടയം സ്വദേശി ഷൈജു ഉണ്ണികൃഷ്ണമേനോൻ - സൌമ്യ ദമ്പതികളുടെ മകളാണ് ശ്രേയ. ലണ്ടൻ ഫോറസ്റ്റ് ഗേറ്റിലുള്ള സെന്റ് എയ്ഞ്ചലാസ് സ്കൂളിലെ എ- ലെവൽ വിദ്യാർഥിയാണ്. നവംബർ ഏഴിന് വൈകിട്ട് 3:30ന് ബാർക്കിംങ്ങിലെ റിപ്പിൾ സെന്ററിൽ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ അവാർഡ് സമ്മാനിക്കും.

