കനത്ത നാശനഷ്ടങ്ങൾ വിതച്ച ഓസ്റ്റൺ കൊടുങ്കാറ്റ് യുകെ വിട്ടുപോയില്ല, അതിനുമുമ്പേ തന്നെ, മണിക്കൂറിൽ 137 കിലോമീറ്റർ (85 മൈൽ) വേഗതയിൽ ബോയ്ലൊ കൊടുങ്കാറ്റ് വീശിയടിച്ച സ്ഥലങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് ജനജീവിതം പൂർണ്ണമായും സ്തംഭിക്കുകയും ഗതാഗത സംവിധാനങ്ങൾ താറുമാറാകുകയും ചെയ്തു.
സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മിന്നൽ പ്രളയം, കനത്ത കാറ്റ്, മരങ്ങളും മറ്റും വീണുള്ള ഗതാഗത തടസ്സങ്ങൾ എന്നിവയെല്ലാം വാഹനയാത്രക്കാർ ശ്രദ്ധിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. മോശം കാലാവസ്ഥയെത്തുടർന്ന് പലയിടത്തും ഗതാഗത മേഖല ആകെ സ്തംഭിച്ച അവസ്ഥയിലാണ്. സ്കോട്ട്ലൻഡിൽ കനത്ത മഴയും റോഡുകളിലേക്ക് മരങ്ങൾ വീണതും കാരണം നിരവധി പ്രധാന പാതകൾ അടച്ചിടേണ്ടി വന്നു. ട്രെയിൻ സർവീസുകളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല സർവ്വീസുകളും കാൻസൽ ചെയ്തു. പലതും വൈകുകയും ചെയ്തു. അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ. ഡബ്ലിൻ വിമാനത്താവളത്തിലെ നിരവധി സർവീസുകൾ റദ്ദാക്കുകയും ഫെറി സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. ഡബ്ലിൻ, കോൺവാൾ തുടങ്ങിയ പ്രദേശങ്ങളിൽ ഹാലോവീൻ ആഘോഷങ്ങളും വാരാന്ത്യ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ജനങ്ങൾ പരസ്പരം സഹായിക്കാൻ മുന്നോട്ട് വന്നതും പ്രത്യേകതയായി. കോൺവാളിലെ ഒരു കഫേ വൈദ്യുതിയില്ലാത്തവർക്ക് സൗജന്യമായി ചൂടുള്ള പാനീയങ്ങളും അഭയവും നൽകി മാതൃകയായി. വടക്കൻ പ്രദേശങ്ങളിൽ കാറ്റിന്റെ ശക്തി ഇനിയും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

