കൊച്ചി: ചേരാനല്ലൂരിൽ തൃശൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിന്റെ (എഡിഎം) പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു.
നെടുമ്പാശ്ശേരിയിൽ നടന്നതിന് സമാനമായ അപകടമാണ് നടന്നത്. അതിവേഗതയിൽ വന്ന ബെൻസ് കാർ സ്കൂട്ടർ യാത്രികനെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിച്ചെന്ന് ദൃസാക്ഷികൾ പറയുന്നു. സംഭവത്തിൽ ദുരൂഹതയും ഗുരുതര ആരോപണങ്ങളും മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നു. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെ കൊച്ചിയെ നടുക്കിയ ഈ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളാണ് പോലീസിനും ഭരണസംവിധാനത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സംഭവമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ തങ്ങളോട് പ്രതിയായ കുട്ടിയുടെ പിതാവായ ജഡ്ജി കയർത്തു സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയവരാണ് തെറ്റുകാരെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, "എന്നെ ചോദ്യം ചെയ്യാൻ വരേണ്ട, അതിന് നിങ്ങളായിട്ടില്ല" എന്ന ഭീഷണിയോടെയായിരുന്നു ജഡ്ജിയുടെ പ്രതികരണം. ഇതൊന്നും തനിക്ക് ഒരു പ്രശ്നമല്ല എന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ ഗുരുതരമായ കുറ്റമാണ് ജഡ്ജിയുടെയും കുട്ടിയുടെ മാതാപിതാക്കളുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ലൈസൻസ് പ്രായം പോലുമെത്താത്ത 17കാരന് വാഹനം കൊടുത്തത് ഗുരുതര വീഴ്ചയാണ്. അതും വാഹനാപകട കേസുകൾ പരിഗണിക്കുന്ന ഒരു ജഡ്ജിയുടെ ഭാഗത്തുനിന്ന്. മകൻ വാഹനം എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ല എന്നാണ് ജഡ്ജിയുടെ മറ്റൊരു വാദം. 17 കാരനായ ഈ മകൻ വെളുപ്പിനെ വരെ ആഢംബര കാറുമായി പുറത്തായിരുന്നിട്ടും മാതാപിതാക്കൾ അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല. അങ്ങനെയെങ്കിൽ മകന്റെ പേരിൽ മോഷണക്കുറ്റം കൂടി ചുമത്തേണ്ടി വരും. ഇവിടെ അലക്ഷ്യമായ ഡ്രൈവിങ്ങും മനപ്പൂർവ്വമല്ലാത്ത നരഹത്യയും അടക്കം ദുർബല വകുപ്പുകൾ ചേർത്തുമാത്രമാണ് വാഹനം ഓടിച്ച 17 കാരന്റെ പേരിൽ ഇപ്പോൾ കേസുകൾ ചാർജ്ജ് ചെയ്തിട്ടുള്ളത്. വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം വിധിക്കുന്ന തൃശൂർ എം.എ സി.ടി കോടതിയിലെ ജഡ്ജിയാണ് പിതാവെന്നതാണ് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്ന മറ്റൊരുകാര്യം. കുറ്റകരമായ അനാസ്ഥ പിതാവായ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായി. അതിനാൽ ജഡ്ജിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും സക്കാർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ വ്യാപകമായി ഉയരുന്നു. റോഡിലെ വെള്ളക്കെട്ടാണ് അപകടകാരണമെന്നാണ് ജഡ്ജിയുടെ പക്ഷമെങ്കിലും, കണ്ടെയ്നർ റോഡിൽ യാതൊരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകിപോകാൻ കൃത്യമായ സൗകര്യമുള്ള സ്ഥലത്താണ് അപകടം നടന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. മാത്രമല്ല, അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ പോവുകയാണുണ്ടായത്. കാർ യാദൃശ്ചികമായി ഓഫായി നിന്നതുകൊണ്ടാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും അവർ പറഞ്ഞു. മരിച്ച ജയബാലകൃഷ്ണൻ നടത്തിയിരുന്ന ചെറിയ തട്ടുകടയിലെ വരുമാനം കൊണ്ടുമാത്രമായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. എല്ലാ മാസവും അടയ്ക്കേണ്ട ബാങ്ക് ലോണുകളുള്ള ഇദ്ദേഹത്തിന്റെ ഭാര്യ കടുത്ത അസുഖബാധിതയുമാണ്. പ്രതിയുടെ ഫോട്ടോയെടുത്ത മാധ്യമപ്രവർത്തകന്റെയും ബന്ധുവിന്റെയും ഫോൺ വാങ്ങി പോലീസ് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചതായും, ഫോട്ടോ പെട്ടെന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പ്രശ്നമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ആരോപണമുയർന്നിട്ടുണ്ട്. പ്രതി മദ്യപിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വാദമെങ്കിലും ഇതിലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സംശയമുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ പ്രതി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. വാഹനം ഓടിച്ച 17 വയസ്സുകാരന്റെയും വാഹനത്തിന്റെ ഉടമകളായ മാതാപിതാക്കളുടെയും പേരിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒരു നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായിരിക്കുന്നത്. അതേസമയം, പ്രതിയായ കുട്ടി മദ്യപിച്ചിട്ടില്ലെന്നും മറ്റ് ലഹരികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും സിഐ ശ്യാം കുമാർ അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷമേ കുട്ടിയെ കോടതിയിൽ ഹാജരാക്കൂ എന്നും, കേസിൽ ആവശ്യാനുസരണം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. പോലീസ് സംഘം സംഭവസ്ഥലത്തും അപകടമുണ്ടാക്കിയ കാറിലും വിശദമായ പരിശോധനകൾ നടത്തിവരികയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നതിനെതിരെയും ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. രാത്രികളിൽ സാധാരണക്കാർ സ്കൂട്ടറിൽ സഞ്ചരിച്ചാൽ, ലക്ക്നഷ്ടപ്പെട്ട ഉന്നതരുടെ മക്കൾ, പിന്നിൽ നിന്നും അതിവേഗതയിൽ ആഡംബര കാറിടിപ്പിച്ഛ് കൊലപ്പെടുത്തുമെന്ന ഭീതിദമായ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെന്നും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും മരിച്ചവരുടെ ബന്ധുക്കളും പൊതുസമൂഹവും ആവശ്യപ്പെടുന്നു.

