കോള്‍ചെസ്റ്റര്‍: ഭാരതത്തിന്റെ പൗരാണിക ആയോധനകലയായ കളരിപ്പയറ്റിന്റെ പാരമ്പര്യവും പരിശീലനരീതികളും പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ ആദ്യമായി കളരിപ്പയറ്റ് വിദ്യാരംഭച്ചടങ്ങ് (23/10/26) സംഘടിപ്പിച്ചു. റീജിയണിന്റെ കീഴില്‍ ഉള്‍പ്പെടുന്ന കോൾചെസ്റ്റർ, ക്ലാക്ടൺ-ഓൺ-സി, ചെമ്സ്ഫോർഡ് എന്നിവിടങ്ങളിലെ വിദ്യാർഥികളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തു. ഈ സംഗമം കളരിപ്പയറ്റ് പരിശീലനരംഗത്ത് ശ്രദ്ധേയമായൊരു തുടക്കമായി മാറി.
MAUK-യുടെ നേതൃത്വത്തിൽ, LADA School-ന്റെ കീഴിൽ പ്രവർത്തിക്കുന്ന വല്ലഭട്ട കളരിയുടെയും ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കളരിപ്പയറ്റ് കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാക്ടൺ-ഓൺ-സീയിലെ CMW സംഘടനയുടെയും കോൾചെസ്റ്ററിലെ LADA Kalaripayattu Colchester, ചെമ്സ്ഫോഡിലെ LADA Kalaripayattu Chelmsford എന്നീ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ചടങ്ങ് നടന്നത്. റീജിയണിലെ ആദ്യ സംഗമം കോൾചെസ്റ്ററിലാണ് സംഘടിപ്പിച്ചത്.

വല്ലഭട്ട കളരിയുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഒമ്പതാം തലമുറയിലെ ഗുരുക്കളായ കീർത്തി കൃഷ്ണയും മനു സുനിൽകുമാറും ചേർന്നാണ് യു.കെ.യിൽ കളരിപ്പയറ്റ് പരിശീലനവും പാരമ്പര്യ അറിവിന്റെ കൈമാറ്റവും മുന്നോട്ടുകൊണ്ടുപോകുന്നത്.
.jpeg)
റീജിയണീലെ വിവിധ പരിശീലനകേന്ദ്രങ്ങളുടെ ഏകോപനത്തിലും സംഘാടനത്തിലും അതത് കേന്ദ്രങ്ങളിലെ കോഓർഡിനേറ്റർമാർ പ്രധാന പങ്കുവഹിച്ചു. കോൾചെസ്റ്ററില്‍ നിന്ന് ജെയ്സണും, റേനുവും, ക്ലാക്ടൺ-ഓൺ-സിയില്‍ നിന്ന് അശ്വിനും, ബിനുവും, ചെമ്സ്ഫോർഡ് നിന്ന് രാജേഷും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അറിവിലേക്കും പരിശീലനത്തിലേക്കുമുള്ള പുതിയൊരു ചുവടുവയ്പ്പാണ് കളരിപ്പയറ്റ് വിദ്യാരംഭം. കളരിപ്പയറ്റിൽ ഗുരുവിന്റെ മാർഗനിർദേശത്തിൽ പരിശീലനം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്ന ഈ ചടങ്ങ്, അച്ചടക്കം, സമർപ്പണം, വിനയം, ആത്മനിയന്ത്രണം, അറിവിനോടുള്ള ആദരവ് തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. വളര്‍ന്ന് വരുന്ന പുതു തലമുറയ്ക്ക് ഈ ആയോധന കല അവരുടെ ജീവിതത്തില്‍ നല്ലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
.jpeg)
ഉദ്ഘാടനവും പരമ്പരാഗത വന്ദനവും തുടർന്ന് വിദ്യാരംഭച്ചടങ്ങും നടന്നു. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി സൂര്യനമസ്കാരം, മൃഗങ്ങളുടെ ചലനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വടിവുകൾ, കളരിപ്പയറ്റിന്റെ അടിസ്ഥാന ചുവടുകൾ എന്നിവ അവതരിപ്പിച്ചു. ശരീരത്തിന്റെ സന്തുലിതാവസ്ഥ, ഏകോപനം, ചലനനിയന്ത്രണം, ശാരീരികക്ഷമത എന്നിവയ്ക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്ന പ്രാധാന്യം പ്രകടനങ്ങളിൽ പ്രതിഫലിച്ചു.
.jpeg)
കോൾചെസ്റ്റർ, ക്ലാക്ടൺ-ഓൺ-സി, ചെമ്സ്ഫോർഡ് എന്നീ മൂന്ന് സ്ഥലങ്ങളിലേയും വിദ്യാർഥികളുടെ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി. നൂറിലധികം പേർ പങ്കെടുത്ത സംഗമം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുമിച്ചുകൂടാനും പരിശീലനത്തിലൂടെ നേടിയ കഴിവുകൾ പങ്കുവയ്ക്കാനും കളരിപ്പയറ്റിന്റെ പരമ്പരാഗത പഠനരീതികളും മൂല്യങ്ങളും അടുത്തറിയാനും അവസരമൊരുക്കി.
.jpeg)
കളരിപ്പയറ്റ് ശാരീരികാഭ്യാസത്തിനപ്പുറം ശരീരത്തെക്കുറിച്ചുള്ള അവബോധം, ഏകാഗ്രത, അച്ചടക്കം, നിരന്തരമായ പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പരമ്പരാഗത ആയോധനകലയാണ്. തലമുറകളിലൂടെ കൈമാറിവന്ന ഈ അറിവുകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവയുടെ പാരമ്പര്യവും സത്തയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യം.

ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ ആദ്യമായി സംഘടിപ്പിച്ച കളരിപ്പയറ്റ് വിദ്യാരംഭം, വല്ലഭട്ട കളരി യു.കെ.യുടെയും മേഖലയിലെ മറ്റ് കളരിപ്പയറ്റ് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പുതിയൊരു അധ്യായം തുറക്കുന്നതോടൊപ്പം, ഭാരതത്തിന്റെ പരമ്പരാഗത ആയോധനകലാ അറിവുകൾ യു.കെ.യിലെ പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായും മാറി. കളരിപ്പയറ്റ് പരിശീലനത്തിന് ചേരാന്‍ താല്പര്യമുള്ളവര്‍ അതാത് സ്ഥലത്തെ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

