ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഈടാക്കുന്ന വിലയെച്ചൊല്ലിയുള്ള ഉപഭോക്തൃ പരാതികൾക്ക് പിന്നാലെ നിയന്ത്രണ നടപടികളുമായി ഒമാൻ സർക്കാർ. ആപ്പ് അധിഷ്ഠിത ഓൺലൈൻ ഡെലിവറി സേവനങ്ങൾക്കായി പുതിയ നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഭക്ഷണവിലയിലുണ്ടാകുന്ന വർധനയും ഉപഭോക്താക്കളുടെ ആശങ്കകളും പരിഗണിച്ചാണ് നീക്കം.
ഓൺലൈൻ ഡെലിവറി മേഖലയിൽ അനാവശ്യ മത്സരം ഒഴിവാക്കുക, വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും നിയമങ്ങൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഒരു ഫുഡ് ഡെലിവറി ആപ്പിൽ കാണിക്കുന്ന വിലകളെക്കുറിച്ച് ഉപഭോക്താക്കൾ പരാതികൾ ഉന്നയിച്ചതോടെയാണ് സർക്കാർ ഇടപെടലിന് വഴിയൊരുങ്ങിയത്. ഓൺലൈൻ വഴി ഭക്ഷണം വാങ്ങുമ്പോൾ വില കൂടുന്നതും അധിക ചെലവുകൾ വരുന്നതും സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ മേഖലയിലെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് നീക്കം.
അതേസമയം, പുതിയ നിയന്ത്രണങ്ങൾ ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകൾ, ഭക്ഷണവില, ഡെലിവറി ചാർജുകൾ എന്നിവയെ നേരിട്ട് ബാധിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചട്ടക്കൂടിന്റെ വിശദാംശങ്ങളും നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതിയും നടപ്പാക്കുന്ന രീതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

