റഷ്യൻ ആക്രമണത്തിനിടെ യുക്രൈൻ യുദ്ധമുഖത്ത് 491 ദിവസം കുടുങ്ങിക്കിടക്കുക. സഹപ്രവർത്തകൻ കൊല്ലപ്പെടുകയും ബോംബാക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും മരണത്തിന് കീഴടങ്ങാതെ അതിജീവനത്തിനായി പോരാടുക. ഒടുവിൽ രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ സ്വന്തം കാലുകൾ മുറിച്ചുമാറ്റേണ്ടിവരിക. യുക്രൈൻ സൈനികനായ കോസ്ടിയാന്റിൻ വ്ളസെൻകോയുടെ ജീവിതം യുദ്ധഭൂമിയിലെ അതിജീവനത്തിന്റെ അസാധാരണമായ അധ്യായമായി മാറുകയാണ്.
മാസങ്ങളോളം തകർന്ന സ്കൂൾ കെട്ടിടത്തിലെ ബോയിലറിന് താഴെയുള്ള ചെറിയ കുഴിയിൽ ഒളിച്ചുകഴിഞ്ഞ 49-കാരനായ വ്ളസെൻകോയെ ഒടുവിൽ യുക്രൈൻ സൈന്യം രക്ഷിച്ചത് ആറ് പ്രൊപ്പല്ലറുകളുള്ള ഭീമൻ ഡ്രോൺ ഉപയോഗിച്ചാണ്. ഒക്ടോബർ നാലിന് നടന്ന ഈ ദൗത്യത്തിലൂടെ, യുദ്ധമുഖത്തെ അതീവ അപകടകരമായ മേഖലയിൽനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് അദ്ദേഹത്തെ ആകാശമാർഗം എത്തിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ റോയിട്ടേഴ്സാണ് പുറത്തുവിട്ടത്.
ഖാർക്കീവ് മേഖലയിൽ പ്രവർത്തിക്കുന്ന യുക്രൈന്റെ 30-ാമത് മെക്കനൈസ്ഡ് ബ്രിഗേഡിലെ അംഗമാണ് വ്ളസെൻകോ. ശത്രു ഡ്രോണുകളുടെ നിരന്തര നിരീക്ഷണവും ആക്രമണഭീഷണിയും നിലനിന്നിരുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുക ഏറെക്കുറെ അസാധ്യമായിരുന്നു. ചെറിയൊരു ചലനം പോലും ജീവൻ അപകടത്തിലാക്കുന്ന ഈ മേഖലയെ സൈനികർ വിശേഷിപ്പിക്കുന്നത് ‘കിൽ സോൺ’ എന്നാണ്.
കഴിഞ്ഞ വർഷം മേയിലാണ് വ്ളസെൻകോയെ യുദ്ധമുഖത്തെ ഒരു കേന്ദ്രത്തിലേക്ക് നിയോഗിച്ചത്. ‘ബാസ്കി’ എന്ന കോൾ സൈനിൽ അറിയപ്പെട്ടിരുന്ന മറ്റൊരു സൈനികനോടൊപ്പമായിരുന്നു ചുമതല. ഡ്രോണുകൾ വഴി എത്തിച്ചുനൽകുന്ന ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ആശ്രയിച്ച് ഇരുവരും ഇടുങ്ങിയ ഒരു കുഴിയിലാണ് കഴിഞ്ഞിരുന്നത്.
എന്നാൽ, ഇവർക്ക് പകരം ചുമതലയേൽക്കാനെത്തിയ രണ്ട് സൈനികർ വഴിമധ്യേ കൊല്ലപ്പെട്ടതോടെ മടങ്ങിവരാമെന്ന പ്രതീക്ഷകൾ തകർന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോയ മറ്റ് രണ്ട് സൈനികർക്കും ജീവൻ നഷ്ടമായി. അവിടെനിന്ന് രക്ഷപ്പെടുക അതീവ ദുഷ്കരമാണെന്ന് വ്ളസെൻകോയ്ക്ക് അപ്പോഴേക്കും വ്യക്തമായിരുന്നു.
മുന്നണിയിൽ ഏകദേശം പത്തുമാസം ഒരുമിച്ച് കഴിഞ്ഞ ഇരുവരും, ഫെബ്രുവരി പകുതിയോടെ കുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് മറ്റൊരു അഭയസ്ഥാനം തേടി. ഒടുവിൽ തകർക്കപ്പെട്ട ഒരു സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അഭയം കണ്ടെത്തി. എന്നാൽ അവിടെയും സുരക്ഷിതരായിരിക്കാൻ കഴിഞ്ഞില്ല.
സഹപ്രവർത്തകർ ഡ്രോൺ വഴി എത്തിച്ച ഭക്ഷണവും ഉണങ്ങിയ വസ്ത്രങ്ങളും ശേഖരിക്കാൻ പുറത്തുവന്നപ്പോഴാണ് റഷ്യൻ നിരീക്ഷണ ഡ്രോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ മറ്റൊരു ഡ്രോൺ ആക്രമണം നടത്തി. വ്ളസെൻകോയുടെ അമ്പതാം ജന്മദിനത്തിലായിരുന്നു സഹപ്രവർത്തകനായ ബാസ്കി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വ്ളസെൻകോയുടെ ഇടതുകാൽ തകരുകയും വലതുകാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉപകരണംകാണുക
ഇഴഞ്ഞുനീങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായ വ്ളസെൻകോ, സ്കൂൾ കെട്ടിടത്തിൽ ചൂട് നിലനിർത്താൻ ഉപയോഗിച്ചിരുന്ന ബോയിലറിന് താഴെയുള്ള ചെറിയ കുഴിയിലേക്ക് കയറി. അവിടെ മാസങ്ങളോളം ഒളിച്ചുകഴിയുകയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണമായി മാറിയത്.
ആക്രമണത്തിൽ തകർന്ന ഇടതുകാൽ പതിയെ അഴുകിത്തുടങ്ങി. വലതുകാലിലും ഗുരുതരമായ പരിക്കുണ്ടായിരുന്നു. അസ്ഥി പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലെത്തിയതോടെ വേദനയും സഹിക്കാനാകാത്തതായി. രക്ഷപ്പെടാനുള്ള സാധ്യതകൾ മങ്ങുകയും ചികിത്സ ലഭിക്കാനുള്ള മാർഗങ്ങൾ അടയുകയും ചെയ്തതോടെ, ജീവൻ നിലനിർത്താൻ സ്വന്തം കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായി വ്ളസെൻകോ പറഞ്ഞു.
കാലുകൾ നഷ്ടപ്പെട്ടതോടെ കുഴിയിൽനിന്ന് പുറത്തുകടന്ന് രക്ഷപ്പെടാനുള്ള സാധ്യതയും ഇല്ലാതായി. മാസങ്ങളോളം വേദനയും ഏകാന്തതയും അനുഭവിച്ച അദ്ദേഹം, ഒരിക്കൽ പോലും ജീവനോടെ തിരിച്ചെത്താനാകുമെന്ന് കരുതിയിരുന്നില്ല.
‘ഞാൻ എന്നെത്തന്നെ അടക്കം ചെയ്തുകഴിഞ്ഞിരുന്നു. ഇനി യാതൊരു പ്രതീക്ഷയും ബാക്കിയില്ലെന്ന് എനിക്കറിയാമായിരുന്നു,’ ഖാർക്കീവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്ളസെൻകോ റോയിട്ടേഴ്സിനോട് പറഞ്ഞു.

