ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായി മാറിയവരാണ് ആദിലയും നൂറയും. ലെസ്ബിയന്‍ പങ്കാളികളായ ഇവരും ഷോയിലൂടെ നേടിയത് വലിയ സ്വീകാര്യതയാണ്. ഷോയ്ക്കിടെ സഹതാരം ഇരുവരേയും വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവതാരകനായ മോഹന്‍ലാല്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിഗ് ബോസ് പുതിയ സീസണ് പകുതിയിലെത്തി നില്ക്കുമ്പോള് മോഹന്‍ലാലിന്റെ അന്നത്തെ ക്ഷണം എന്തായെന്ന് പറയുകയാണ് ആദിലയും നൂറയും.
തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആദിലയുടേയും നൂറയുടേയും പ്രതികരണം. മോഹന്‍ലാല്‍ പിന്നീട് വിളിച്ചോ, വീട്ടിലേക്ക് ക്ഷണിച്ചോ എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ മറുപടി നല്‍കുന്നതെന്നും ആദിലയും നൂറയും പറയുന്നു.
''പിള്ളേരെ ലാലേട്ടന് വിളിച്ചോ എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്. ലാലേട്ടന് ഫിനാലെയ്ക്ക് കണ്ടപ്പോള്‍ യു ആര് ഓള്‍വെയ്സ് വെല്‍ക്കം എന്ന് പറഞ്ഞിരുന്നു. രണ്ടു പേരുടേയും സമയം നോക്കിയിട്ട് ഒരു ദിവസം രണ്ട് കൂട്ടരും കാണുമെന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞിരുന്നു. ഷോയില്‍ നില്‍ക്കുമ്പോഴും ലാലേട്ടന് പറഞ്ഞിരുന്നു. ഫിനാലെയ്ക്കും പറഞ്ഞിരുന്നു'' എന്നാണ് ആദില പറയുന്നത്.
''അവസാന വര്‍ഷം ഡിസംബറില്‍ ലാലേട്ടന് ഓക്കെ ആയിട്ടുള്ളൊരു ഡേറ്റ് പറഞ്ഞിരുന്നു മീറ്റ് ചെയ്യാന്‍ വേണ്ടി. പക്ഷെ ആ സമയത്താണ് ലാലേട്ടന്റെ അമ്മയ്ക്ക് വയ്യാതായത്. അതിനാല്‍ നീട്ടി നീട്ടിവെക്കേണ്ടി വന്നത്. പിന്നെ അങ്ങോട്ട് ഓരോ ചടങ്ങുകളും കാര്യങ്ങളും ഉണ്ടായിരുന്നല്ലോ. അങ്ങനെ പോയി പോയി, അത് വര്‍ക്കായില്ല'' എന്നും ആദില പറഞ്ഞു.
ലാഗ് വന്നു. രണ്ടു പേര്‍ക്കും. ലാലേട്ടന് തിരക്കുള്ള മനുഷ്യന് അല്ലേ. ഞങ്ങളും പിന്നെ ഫോളോ അപ്പ് ചെയ്യാന്‍ പോയില്ലെന്നാണ് നൂറ പറയുന്നത്. നടക്കുമ്പോള്‍ നടക്കട്ടെ. സമയം ഉണ്ടല്ലോ. ലാലേട്ടന് പറഞ്ഞതാണ്. ലാലേട്ടന് ഓര്മയുമുണ്ടാകും. അത് അതിന്റെ സമയത്ത് നടക്കുമെന്ന് ആദിലയും പറയുന്നു. മോഹന്‍ലാലിന്റെ ക്ഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണോ എന്ന ചോദ്യത്തിനും ഇരുവരും മറുപടി പറയുന്നുണ്ട്.
''ഒരിക്കലും സ്ക്രിപ്റ്റഡ് ആയിരുന്നില്ല. അദ്ദേഹം മനസില്‍ നിന്നുമാണത് പറഞ്ഞത്. ഇഷ്ടത്തോടെയാണ് പറഞ്ഞത്. വിളിക്കേണ്ട സാഹചര്യവും വന്നതാണ്. പക്ഷെ ഓരോ സാഹചര്യങ്ങള്‍ മൂലം തെന്നിമാറിപ്പോയതാണ്.'' എന്നാണ് നൂറ പറഞ്ഞത്. ''നമ്മളെ സപ്പോര്‍ട്ട് ചെയ്ത എപ്പിസോഡിനെ തുടര്‍ന്ന് ലാലേട്ടന് സൈബര്‍ അറ്റാക്ക് കിട്ടിയിരുന്നു. അത് കഴിഞ്ഞിട്ടും ഒരു മനുഷ്യന് ഫിനാലെയ്ക്ക് കണ്ടപ്പോള്‍ വിളിക്കുന്ന് ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ മിണ്ടാതിരുന്നാല്‍ മതിയല്ലോ. ഞങ്ങളെ ക്ഷണിച്ചിരുന്നു.അതിന്റെ സമയം ആകുമ്പോള്‍ മീറ്റ് ചെയ്യും'' എന്നാണ് ആദില പറയുന്നത്.

