ഒന്നിനുപിന്നാലെ ഒന്നായി രണ്ട് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചതോടെ യുകെയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗതാഗതവും ജനജീവിതറും സ്തംഭിച്ച അവസ്ഥയിലാണ്,
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യരുതെന്നും വീടിന് പുറത്തിറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുകൾ തുടരുന്നു. ബോലോ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് രാജ്യത്തുടനീളം വലിയ തോതിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തെക്കൻ ലണ്ടനിൽ കാറിന് മുകളിലേക്ക് മരം വീണ് ഇരുപതുകളിൽ പ്രായമുള്ള യുവാവാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ് സ്കോട്ട്ലൻഡിലെ ഡംഫ്രിസ് ആൻഡ് ഗാലവേയിൽ അറുപതുകാരനായ മറ്റൊരു വ്യക്തിയും മരങ്ങൾ കടപുഴകി വീണ് മരണപ്പെട്ടിരുന്നു. കൂടാതെ പേർത്ത് ആൻഡ് കിൻറോസിൽ മരം വീണ് പരിക്കേറ്റ രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്കാറ്റിന്റെ പ്രത്യാഘാതമായി ഞായറാഴ്ച രാത്രി ഏഴ് മണിയോടെ രാജ്യത്ത് 90,000-ലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു. അപകടകരമായ കാലാവസ്ഥ കാരണം നെറ്റ്‌വർക്ക് എൻജിനീയർമാരുടെ സുരക്ഷ മുൻനിർത്തി അറ്റകുറ്റപ്പണികൾ വൈകുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനുപുറമെ മുൻപ് രാജ്യത്ത് ആഞ്ഞടിച്ച 'സ്റ്റോം ഓസ്റ്റൺ' കൊടുങ്കാറ്റിന്റെയും സ്റ്റോം ബോലോയുടെയും പശ്ചാത്തലത്തിൽ ഇതുവരെ 8,38,700-ലധികം വീടുകൾക്കാണ് വൈദ്യുതി തടസ്സം നേരിടേണ്ടി വന്നിട്ടുള്ളത്. സ്കോട്ട്ലൻഡിലെ മാക്രിഹാനിഷിൽ മണിക്കൂറിൽ 85 മൈൽ വേഗതയിലും, ഔട്ടർ ഹെബ്രൈഡിലെ സ്റ്റോണോവേ, വെയ്ൽസിലെ കാപെൽ ക്യൂറിഗ് എന്നിവിടങ്ങളിൽ 84 മൈൽ വേഗതയിലുമാണ് ശക്തമായ കാറ്റ് വീശിയടിച്ചത്. മെറ്റ് ഓഫീസ് സ്കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും നൽകിയിരുന്ന ഓറഞ്ച് ജാഗ്രത രാത്രി ഒമ്പത് മണി വരെ നീണ്ടുനിന്നിരുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, ന്യൂകാസിൽ തുടങ്ങിയ വടക്കൻ ഇംഗ്ലീഷ് പ്രദേശങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യത്തിനല്ലാതെ ആരും വീടുകൾക്ക് പുറത്തിറങ്ങരുതെന്നും മരങ്ങൾക്കും കെട്ടിടങ്ങൾക്കും സമീപം നിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നാല് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും സ്കോട്ട്ലൻഡിൽ 17 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവിലുണ്ട്. സ്കോട്ടിഷ് ഹൈലാൻഡിലെ ക്ലുവാനി ഇൻ പ്രദേശത്ത് മാത്രം 130 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ സ്കോട്ടിഷ് സർക്കാർ മന്ത്രിമാരും ഉദ്യോഗസ്ഥരും അടിയന്തര യോഗം ചേർന്നിട്ടുണ്ട്. രാജ്യത്ത് ഗതാഗത സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. സ്കോട്ട്ലൻഡിൽ അത്യാവശ്യമല്ലാത്ത റോഡ് യാത്രകൾ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ബെൽഫാസ്റ്റ്, ഗ്ലാസ്ഗോ, അബർടീൻ, ഡബ്ലിൻ വിമാനത്താവളങ്ങളിൽ നിന്നുള്ള ചില സർവീസുകളും ഫെറി സർവീസുകളും ട്രെയിൻ ഗതാഗതവും റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ട്. ലാങ്സ്, ഗൗറോക്ക്, ഡംബർട്ടൺ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

