18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ വംശജനായ പൊലീസ് ട്രെയിനി ആത്മഹത്യ ചെയ്തു; ജോലിയിലെ സമ്മര്‍ദ്ദവും മേലധികാരികളുടെ മോശം പെരുമാറ്റവും ആത്മഹത്യയിലേക്ക് നയിച്ചെന്ന് കുടുംബം >>> കാത്തിരിപ്പ് സമയം കുറയ്ക്കാനും ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം; എന്‍എച്ച്എസ് ഇംഗ്ലണ്ടിന് 22.6 ബില്യണ്‍ പൗണ്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍ >>> യുകെയിലും മങ്കിപോക്‌സ് വ്യാപനം: കണ്ടെത്തിയത് പുതിയ വകഭേദം, രോഗ പകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍ >>> വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്നും നാളെയും, ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും >>> ദീപാവലി ആഘോഷിക്കാന്‍ ഗൂഗിള്‍ പേയുടെ വക ലഡു, കിട്ടാത്തവര്‍ക്ക് നവംബര്‍ ഏഴ് വരെ ലഡു ഓഫര്‍!!! >>>
Home >> NEWS

NEWS

അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ!

  ആളുകൾക്കിടയിൽ അതിവേഗം പടരുന്ന എംപോക്‌സ്‌ അഥവാ മങ്കി പോക്‌സിന്റെ  പുതിയ വകഭേദം ഇതാദ്യമായി യുകെയിലും റിപ്പോർട്ടുചെയ്‌തു.  സമീപകാലത്ത് ആഫ്രിക്കയുടെ ചിലഭാഗങ്ങളിൽ എംപോക്സിൻറെ ഒരുപുതിയ വകഭേദം വ്യാപകമായി പടർന്നുപിടിച്ചിരുന്നു.  ആഫ്രിക്കൻ സന്ദർശനശേഷം ബ്രിട്ടനിൽ  മടങ്ങിയെത്തിയ രോഗിയിലാണ് ഈ വകഭേദം  കണ്ടെത്തിയത്. എംപോക്‌സ്‌  ക്ലേഡ് 1 ബി എന്ന പുതിയ വകഭേദമാണ് രോഗിയെ ബാധിച്ചത്. ഇത് ആളുകൾക്കിടയിൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പടരുന്നതായി റിപ്പോർട്ട് ചെയ്‌തിരുന്നു. യുകെയിലെ രോഗി അടുത്തിടെ ആഫ്രിക്കയിലെ രോഗബാധിത രാജ്യങ്ങളിലൊന്നിൽ അവധിക്കാലം  ചിലവിട്ടിരുന്നു.  തിരികെ ബ്രിട്ടനിലേക്കു പറന്ന് 24 മണിക്കൂറിന് ശേഷം അസുഖം അനുഭവപ്പെട്ടു. ഒക്‌ടോബർ 22-ന് ഈ രോഗിക്ക് വയറിളക്കവും ഛർദ്ദിയുമായുള്ള ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ശരീരമാകെ പൊള്ളൽ കുമിളകളുമുണ്ടായി. എംപോക്‌സ്‌  പൊള്ളൽ കുമിളകൾ രോഗികളുടെ ശരീരത്ത്  ഒരുമാസം വരെ നീണ്ടുനിൽക്കും. പനി, തലവേദന, തളർച്ച എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ. രോഗബാധിതനായ യുകെയിലെ രോഗി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഹൈ കോൺക്വൻസിസ് ഇൻഫെക്ഷ്യസ് ഡിസീസ് യൂണിറ്റിലാണ് ചികിത്സയിൽ കഴിയുന്നത്. ലബോറട്ടറി പരിശോധനയിൽ ക്ലേഡ് 1 ബി അണുബാധയാണെന്ന് സ്ഥിരീകരിച്ചു. വൈറസിൻ്റെ ഈ രൂപം അതിവേഗം പടരുന്നതിനാലും വ്യാപനം വർദ്ധിച്ചുവരുന്നതിനാലും കടുത്ത ആശങ്കയുണ്ടാക്കുന്നു. മറ്റ് തരത്തിലുള്ള എംപോക്‌സുകളെ അപേക്ഷിച്ച് ലൈംഗികത ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് കൂടുതൽ എളുപ്പത്തിൽ പടരുന്നതായി മെഡിക്കൽ ഗവേഷകർ കണ്ടെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ യുകെയിലെ പൊതുജനങ്ങൾക്കിടയിൽ പടരാനുള്ള സാധ്യത കുറവാണെങ്കിലും നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർദ്ദേശിച്ചു. ആഫ്രിക്കയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിൽ ഈ വർഷം ക്ലേഡ് 1 ബി എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടുത്ത വകഭേദമായ ക്ലേഡ് 1 എ, രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതോ, അതിന്റെ മാംസം കഴിക്കുന്നതോ ആയി ബന്ധപ്പെട്ടിരിക്കുന്നു. ക്ലേഡ് 1 ബി 1 എയേക്കാൾ വ്യാപനശക്തി കുറഞ്ഞതാണ്. എന്നിരുന്നാലും, രോഗബാധിതരായ ആളുകളുടെ കൃത്യമായ കണക്കുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ കുടുതൽപ്പേരിൽ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.    

ബസ് ചാർജ് കൂടും, രണ്ടാം വീടിനു കൂടുതൽ നികുതി, വീട്ടുവാടക വർദ്ധിക്കും, പുകവലിക്ക് കനത്ത വില; ചെലവും നികുതിയും കൂട്ടി ആദ്യ ലേബർ ബഡ്‌ജറ്റ്‌; ആശ്വാസമായി നാഷണൽ ലിവിങ് വേജിലെ വർദ്ധനവും അധിക എൻഎച്ച്എസ് ഫണ്ടും, ഈ ബഡ്‌ജറ്റ്‌ ഇനിയില്ലെന്നും ചാൻസലർ!

സാധാരണക്കാരെപ്പോലും ബാധിക്കുന്ന വീട്ടുചെലവ് വർദ്ധനവിന്റെയും വിലക്കയറ്റത്തിന്റെയും അമിത നികുതിഭാരത്തിന്റെയും ബഡ്ജറ്റാണ്, ചാൻസലർ റേച്ചൽ റീവ്സ് ഇന്നലെ അവതരിപ്പിച്ചത്.  സാധാരണ പുതിയ സർക്കാരുകളുടെ ആദ്യ ബഡ്ജറ്റുകളിൽ നികുതിഭാരം ഉയർന്നുനിൽക്കുമെങ്കിലും യുകെയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന നികുതി വർദ്ധനവ് ബഡ്ജറ്റായും ലേബർ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്‌ മാറി. യുകെയിലെ ശരാശരി വരുമാനമുള്ള  കുടുംബങ്ങളെ ബാധിക്കുന്ന നിരവധി തീരുമാനങ്ങൾ ബഡ്‌ജറ്റിൽ  പ്രഖ്യാപിക്കപ്പെട്ടു. അവയിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു. രണ്ടാം വീടുകൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി സർചാർജ് വ്യാഴാഴ്ച മുതൽ രണ്ട് ശതമാനത്തിൽ നിന്നും  5% ആയി വർദ്ധിക്കും നിരവധി യുകെ മലയാളികളും ഇപ്പോൾ രണ്ടാമതൊരു വീടുകൂടി വാങ്ങുന്നത് പതിവാക്കിയിട്ടുണ്ട്. വാടകയിനത്തിലെ വരുമാനവും ഒരു നിക്ഷേപം എന്ന നിലയിലുമാണ് രണ്ടാം വീടുകൾ വാങ്ങുന്നത്. എന്നാൽ പുതിയ നികുതി തീരുമാനം കൂടുതൽ പണം നഷ്ടപ്പെടുത്തും. ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും രണ്ടാമത്തെ വീടുകൾ, ബൈ-ടു-ലെറ്റ് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്ന കമ്പനികൾ എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടി വ്യാഴാഴ്ച മുതൽ 3% ൽ നിന്ന് 5% ആയി ഉയരും. കാപിറ്റൽ ഗെയിൻ ടാക്‌സ് (സിജിടി) രണ്ടാം ഭവനങ്ങൾ അല്ലെങ്കിൽ നിക്ഷേപങ്ങൾ പോലുള്ള മൂല്യത്തിൽ വർധിച്ച ആസ്തികളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന് ഈടാക്കുന്നു. CGT ഈടാക്കുന്ന അടിസ്ഥാന നിരക്ക് സാധാരണ നികുതിദായകർക്ക് 10% മുതൽ 18% വരെയും ഉയർന്ന നിരക്കിൽ നികുതി അടയ്ക്കുന്നവർക്ക് 20% മുതൽ 24% വരെയും ഉയരുമെന്ന് ചാൻസലർ പ്രഖ്യാപിച്ചു. പ്രോപ്പർട്ടിയുടെ നിലവിലുള്ള  വില നിരക്കുകളെ  അപേക്ഷിച്ചാകും വർദ്ധനവ്. സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധനവ്  ഭൂവുടമകളെ ബാധിക്കുകയും അത് തിരിച്ചുപിടിക്കാൻ വാടക കൂട്ടാൻ നിർബന്ധിതരാകുകയും ചെയ്യും.  ഓഹരികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന്മേൽ നൽകുന്ന മൂലധന നേട്ട നികുതി 20% മുതൽ 24% വരെ വർദ്ധിപ്പിക്കും. അനന്തരാവകാശ നികുതി പരിധികൾ മരവിപ്പിക്കുന്നത് 2028-നപ്പുറം 2030-ലേക്ക് നീട്ടി ബസ് ചാർജിൽ വർദ്ധനവ് പുതുവർഷം മുതൽ ജോലിസ്ഥലത്തേക്ക് ബസ്സിൽ യാത്രചെയ്യുന്നത് കൂടുതൽ ചിലവേറിയതാകും. ഇംഗ്ലണ്ടിലെ പല റൂട്ടുകളിലും നിലവിലുള്ള  ഒറ്റ ബസ് നിരക്ക് പരിധി 2025ൽ £2ൽ നിന്ന് £3 ആയി ഉയർത്തും. അതേസമയം ലണ്ടനിൽ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടണിൽ സിംഗിൾ ബസ് നിരക്ക് 1.75 പൗണ്ടും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ 2 പൗണ്ടും ആയിരിക്കും. ഇത് ആ നഗരങ്ങളിലെ വ്യത്യസ്തമായ ഫണ്ടിംഗ് സമ്പ്രദായം കാരണമാണ്. എന്നാൽ അൽപം  ആശ്വാസമായി 2011 മുതൽ ഇന്ധന തീരുവ മരവിപ്പിച്ചത് തുടരും. ഒരു ലിറ്ററിന് 5 പൈസ ഇന്ധന നികുതി വെട്ടിക്കുറച്ചതും നീട്ടിയിട്ടുണ്ട്. 2025 ജനുവരി മുതൽ സ്വകാര്യ സ്കൂൾ ഫീസിന് വാറ്റ് 2025 ജനുവരി 1 മുതൽ സ്വകാര്യ സ്കൂൾ ഫീസിൽ 20% എന്ന സ്റ്റാൻഡേർഡ് നിരക്കിൽ VAT ചേർക്കും. സ്വകാര്യ വിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എത്ര അധികമായി നൽകണം എന്നത് ഓരോ സ്കൂളുകളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. മുൻകൂറായി പണമടച്ച് അധിക ഫീസ് ഒഴിവാക്കാനുള്ള സാധ്യതയും വളരെ കുറവാണ്. പുകവലിക്ക് കനത്ത വില നൽകേണ്ടി വരും! പുകയിലയുടെ നികുതി, പണപ്പെരുപ്പത്തേക്കാൾ 2% വർദ്ധിക്കും, കൈകൊണ്ട് ഉരുട്ടുന്ന പുകയിലയ്ക്ക് പണപ്പെരുപ്പത്തേക്കാൾ 10% വർദ്ധിക്കും. 2026 ഒക്‌ടോബർ മുതൽ എല്ലാ വാപ്പിംഗ് ലിക്വിഡിനും 10 മില്ലി വാപ്പിംഗ് ലിക്വിഡിന് £2.20 എന്ന നിരക്കിൽ ഒരു ഫ്ലാറ്റ് നിരക്ക് ബാധകമാകും . നാണയപ്പെരുപ്പത്തിൻ്റെ ഉയർന്ന ആർപിഐ അളവനുസരിച്ച് ഡ്രാഫ്റ്റ് അല്ലാത്ത ലഹരിപാനീയങ്ങളുടെ നികുതി വർദ്ധിപ്പിക്കും, എന്നാൽ ഡ്രാഫ്റ്റ് ഡ്രിങ്കുകളുടെ നികുതി 1.7% കുറച്ചു. ഇൻഹെറിറ്റൻസ് ടാക്സ് (IHT) കുത്തനെ കൂടുന്നു  പരമ്പരാഗതമായി കൈവശം വരുന്ന സ്വത്തുവകകൾക്കുള്ള ഇൻഹെറിറ്റൻസ് ടാക്‌സിൽ വൻ  വർദ്ധനവാണ്  നടപ്പിലാക്കുക. നിലവിൽ 40% ആയിട്ടുള്ള ഇൻഹെറിറ്റൻസ് ടാക്സ് (IHT) സാധാരണയായി £325,000 എന്ന പരിധിക്ക് മുകളിലുള്ള മരണപ്പെട്ട വ്യക്തിയുടെ ആസ്തിയുടെ മൂല്യത്തിലാണ് അടയ്‌ക്കപ്പെടുന്നത്. ആ പരിധി 2030 വരെ നീട്ടി. നിലവിൽ, ഒരുവ്യക്തിയുടെ  പെൻഷനിലൂടെ  ലഭിക്കുന്ന പണം ഇതിലേക്ക് കണക്കാക്കില്ല, എന്നാൽ 2027 ഏപ്രിൽ മുതൽ പാരമ്പര്യമായി ലഭിച്ച പെൻഷനുകൾ ഉൾപ്പെടുത്തും. ആരെങ്കിലും മരിക്കുന്നതിന് മുമ്പ് ചെലവഴിക്കാത്ത പെൻഷൻ സമ്പാദ്യം കാരണം ഇത് കൂടുതൽ സ്വത്തുവകകളെ  അനന്തരാവകാശ നികുതി വലയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇത് 8% എസ്റ്റേറ്റുകളെ ബാധിക്കുമെന്ന് സർക്കാർ പറയുന്നു. ഇതുവരെ, വിവിധ ഇളവുകൾ, ഫാമുകൾ, ഫാമിലി ബിസിനസ്സ് ആസ്തികൾ എന്നിങ്ങനെയുള്ള ചില തരം സ്വത്തുക്കളെ അനന്തരാവകാശത്തിൻ്റെ കാര്യത്തിൽ നികുതി അവഗണിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2026 ഏപ്രിൽ മുതൽ, £1 മില്യണിൽ കൂടുതലുള്ള ആസ്തികൾക്ക് കുറച്ച് നികുതി നൽകണമെന്ന് നിയമങ്ങൾ ഉറപ്പാക്കും. നാഷണൽ ലിവിങ് വേജ് ഏപ്രിൽ മുതൽ വർദ്ധിക്കും:  തൊഴിലുടമകൾ നൽകുന്ന മിനിമം വേതനം ഏപ്രിലിൽ യുകെയിലുടനീളം ഉയരും. ബഡ്ജറ്റിലെ വർദ്ധനവുകൾക്കും  ചെലവുകൾക്കുമിടയിൽ സാധാരണക്കാർക്ക് അല്പം ആശ്വാസം പകരുന്ന തീരുമാനമാണിത്. 21 വയസും അതിൽ കൂടുതലുമുള്ള ജീവനക്കാർക്കുള്ള ദേശീയ ജീവിത വേതനം മണിക്കൂറിന് 11.44 പൗണ്ടിൽ നിന്ന് 12.21 പൗണ്ടായി ഉയരും. 18, 19 അല്ലെങ്കിൽ 20 വയസ്സ് പ്രായമുള്ളവർക്ക്, ദേശീയ മിനിമം വേതനം മണിക്കൂറിന് 8.60 പൗണ്ടിൽ നിന്ന് £10 ആയി ഉയരും. 16 അല്ലെങ്കിൽ 17 വയസ് പ്രായമുള്ളവർക്ക് മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ടിൽ നിന്ന് 7.55 പൗണ്ടായി ഉയരും. 19 വയസ്സിന് താഴെയുള്ള യോഗ്യരായ ആളുകൾക്ക് അല്ലെങ്കിൽ അപ്രൻ്റീസ്ഷിപ്പിൻ്റെ ആദ്യവർഷത്തിൽ 19 വയസ്സിന് മുകളിലുള്ളവർക്ക് ബാധകമാകുന്ന പ്രത്യേക അപ്രൻ്റീസ് നിരക്ക് മണിക്കൂറിന് 6.40 പൗണ്ടിൽ നിന്ന് £7.55 ആയി വർദ്ധിക്കും. ബ്രിട്ടന്റെ ആദ്യത്തെ വനിതാ ചാൻസലർ സർക്കാരിന്റെ പുതിയ വർഷത്തിലേക്ക്  വലിയ ചെലവുകളും നികുതി തീരുമാനങ്ങളുമാണ്  അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിവയിലുള്ള സർക്കാർ  ചെലവ് വർദ്ധിക്കും , 2010 ന് ശേഷം NHS-നുള്ള ഫണ്ടിംഗിലെ ഏറ്റവും വലിയ വർദ്ധനവും ബഡ്ജറ്റിലുണ്ടായി. എന്നാൽ അതിന്റെ വിശകലനം പറത്തുവന്നാലേ വിദേശ നഴ്‌സുമാരുടെ റിക്രൂട്ടിങ് വീണ്ടും ശക്തമാക്കുമോയെന്ന വിവരം വ്യക്തമാകൂ.   വർധനവിന്റെ  ഇത്തരമൊരു ബഡ്‌ജറ്റ്‌  ഇനിയും ആവർത്തിക്കില്ലെന്നാണ് മാധ്യമ ബഡ്‌ജറ്റ്‌ ചർച്ചയിൽ ചാൻസലർ വ്യക്തമാക്കിയത്.   “ഇത് ഞങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ബഡ്ജറ്റല്ല” ഒരു കുറ്റസമ്മതമെന്നവണ്ണം റേച്ചൽ റീവ്സ് പറഞ്ഞു.

എത്തുമോ ആർസിഎൻ തലപ്പത്തും ഒരു മലയാളി? യുകെയിലെ മലയാളി നഴ്‌സുമാർ മനസ്സുവച്ചാൽ നടക്കുമെന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യൻ, പോസ്റ്റൽ വോട്ടുകൾ നവംബർ 6 വരെ മാത്രം; ആർസിഎന്നിൽ ചേർന്നതിന്റെ നേട്ടങ്ങൾ പങ്കുവച്ച് പുതിയ നഴ്‌സുമാർ

യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയുടെ അമരക്കാരൻ ഇതാദ്യമായി ഒരുമലയാളി ആകുമോ?  അതറിയാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ 2024 തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നവംബർ 11 നുനടക്കും. യുകെ മലയാളികൾക്കിടയിൽ സുപരിചിതനായ,  അറിയപ്പെടുന്ന സംഘാടകനും സാമൂഹിക സേവകനുമായ ബിജോയ് സെബാസ്ററ്യൻ ആർസിഎൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നതാണ് ഇക്കൊല്ലത്തെ സവിശേഷത. ഇതാദ്യമായാണ് ഒരു മലയാളി നഴ്‌സ്  റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയിച്ചാൽ ബിജോയ് വീണ്ടും ചരിത്രം തിരുത്തിയെഴുതും.  എന്നാൽ ആർസിഎൻ ഇംഗ്ലണ്ടിന്റെ പ്രസിഡണ്ട് സ്ഥാനം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇത് മലയാളികളുടെയോ  ഇന്ത്യക്കാരുടെയോ സംഘടനയല്ല. ഇംഗ്ലണ്ടിലെ നഴ്‌സിംഗ് സമൂഹത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന സംഘടനയാണ്. ബിജോയ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തുടർന്ന് നടത്തിയ കാമ്പെയിൻ മുഖാന്തരം സമീപവർഷങ്ങളിൽ യുകെയിലെത്തിയ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റ്മാരും ആർ.സി.എൻ അംഗത്വം എടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം എന്നതുമാത്രമല്ല, ശക്തമായ ഒരു ട്രേഡ് യൂണിയൻ കരിയറിലെ ആവശ്യങ്ങൾക്കെല്ലാം സഹായിയായി കൂടെയുണ്ടെന്ന ആതമവിശ്വാസമാണ് ആർസിഎൻ അസ്സോസിയേഷനിൽ  ചേർന്ന ആയിരക്കണക്കിന്  നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ലഭിച്ചത്.  ആർസിഎൻ  അംഗങ്ങൾക്ക് നൽകിവരുന്ന സൗജന്യ സേവനങ്ങളും പലരേയും  അതിശയപ്പെടുത്തുന്നു. ആർസിഎൻ അംഗത്വമെടുത്ത ആയിരക്കണക്കിന്  മലയാളി നഴ്‌സുമാരും ഹെൽത് കെയർ അസിസ്റ്റന്റ്മാരും നിലവിൽ അനുഭവിക്കുന്ന തൊഴിൽപരമായ ചൂഷണങ്ങളും വിസ തട്ടിപ്പുകളും ഇപ്പോൾ സധൈര്യം പുറത്തു പറഞ്ഞുതുടങ്ങി. തൊഴിലിടത്തെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരായ നിരവധി ജൂനിയർ നഴ്‌സുമാരാണ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്നത്.  യൂണിയൻ മെമ്പർഷിപ് ഇല്ലാത്തത് കാരണം ഒറ്റയ്ക്ക് വർക്ക്പ്ലെസ്, സിക്ക്നെസ്/ ഡിസിപ്ലിനറി മീറ്റിങ്ങുകൾക്ക് പങ്കെടുത്ത്, കുടുക്കിലായ സംഭവങ്ങളും ഇപ്പോൾ നിരവധിപ്പേർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഷെയർ ചെയ്യുന്നു. അതേസമയം തന്നെ എൻഎച്ച്എസ് വർക്കേഴ്‌സിന്റെ ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ബിജോയി പ്രസിഡന്റിന്റെ  ലക്ഷ്യങ്ങളിലെ മുൻഗണനാ വിഷയമാക്കിയത്, നിലവിൽ യുകെയിലുള്ള; നഴ്‌സുമാർ അടക്കമുള്ള എൻഎച്ച് എസ് ജീവനക്കാരുടേയും  പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്  യുകെ മലയാളികളുടെ സാംസ്കാരിക സംഘടനകളും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഗ്രൂപ്പുകളും ഓൺലൈൻ  മാധ്യമങ്ങളും ചർച്ച സജീവമാക്കിയതോടുകൂടി; ബിജോയിയുടെ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇപ്പോൾ യുകെ മലയാളികൾ ഒന്നാകെ പങ്കുവെയ്ക്കുന്നത്.  ഉയർന്ന ജീവിതച്ചെലവുകളും വിസാ/ILR  ഫീസുകളും വിസ രംഗത്തെ തട്ടിപ്പുകളും SIFE റൂട്ടിൽ രെജിസ്ട്രേഷൻ തേടുന്ന നഴ്‌സിങ് ബിരുദ ധാരികളുടെ പ്രശ്നങ്ങളും, നിസ്സാര കാരണം പറഞ്ഞുജോലിയിൽ നിന്ന് പിരിച്ചുവിട്ട്, പുതിയ ആൾക്കാരെ എടുക്കുന്നതും  തുടർക്കഥയായ യൂക്കെ നഴ്സിങ് രംഗത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നനങ്ങളും ഗവൺമെന്റിന്റെയും ട്രേഡ് യൂണിയന്റെയും ശ്രദ്ധയിൽപ്പെടുത്തി; അതിനെതിരെ ശക്തമായ നടപടികൾ എടുപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കാൻ RCN ന്റെ സ്വാധീനം പ്രയോജനപ്പെടുത്താൻ കഴിയും. ഇതാണ് ഏവരുടേയും പ്രതീക്ഷ. വോട്ടുചെയ്യുന്നതിനുള്ള പോസ്റ്റൽ ബാലറ്റ് ഇതിനകം തന്നെ എല്ലാ ആർ സി എൻ അംഗങ്ങളുടെയും അഡ്രസ്സിൽ  എത്തിച്ചിട്ടുണ്ടെന്നു ഇലക്ഷൻ നടത്തുന്ന ഏജൻസി ആയ CIVICA എലെക്ഷൻ സെർവിസ്സ് (CES ) അറിയിച്ചു. നവംബർ ആറിനുള്ളിൽ വോട്ടുചെയ്തു പോസ്റ്റ് ചെയ്‌താൽ  മാത്രമേ വോട്ടെണ്ണി തുടങ്ങുന്ന നവംബർ 11 നു മുൻപ് ബാലറ്റ് ലഭിച്ചു എന്ന് ഉറപ്പു വരുത്താനാവൂ.  അടുത്തയിടെ അഡ്രസ് മാറ്റുകയോ പുതുതായി ജോയിൻ ചെയ്യുകയോ ചെയ്തിട്ടുള്ളവർ എത്രയും പെട്ടെന്ന് elections@rcn.org എന്ന ഈമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടു തങ്ങളുടെ അഡ്രസ് CIVICA ക്ക് കൈമാറാനും ബാലറ്റ് പുതിയ അഡ്രസ്സിൽ അയച്ചുതരാനും ആവശ്യപ്പെട്ടാൽ മതിയാകും.  വളരെ നാളായി മെംബേർസ് ആയിട്ടുള്ളവരും എന്നാൽ  ശരിയായ അഡ്രസ് കൊടുത്തിട്ടും ബാലറ്റ് കിട്ടിയിട്ടില്ലാത്തവർ support@cesvotes.com എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടാൽ പുതിയ ബാലറ്റ് ലഭിക്കും.  ബിജോയിയുടെ പഴയ സഹപ്രവർത്തകർ അദ്ദേഹതിന്റെ പ്രവർത്തനത്തെക്കുറിച്ച്  പുറത്തിറക്കിയ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിന് മലയാളി സംഘടനാ നേതാക്കളും മലയാളി നഴ്‌സുമാരും  ഹെൽത്ത്കെയർ അസ്സിസ്റ്റന്റുമാരും സ്റ്റുഡന്റ് നഴ്‌സുമാരുമാണ് ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലും മറ്റും വോട്ട് അഭ്യർത്ഥിക്കുന്നത്. ബാൻഡ് 8 നു മുകളിലേക്കുള്ള മലയാളി നഴ്‌സുമാരുടെ സംഘടനയായ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറിയായും യുകെയിൽ ജോലിചെയ്യുന്ന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന  ഇന്റർ നാഷനൽ എഡ്യൂക്കേറ്റഡ് നഴ്‌സസിന്റെയും മിഡ്‌വൈഫ്‌മാരുടെയും സംഘടനകളുടെ നെറ്റ് വർക്കിന്റെ ചെയർ ആയും ബിജോയ് സെബാസ്റ്റ്യൻ ഇപ്പോൾ  സേവനം അനുഷ്ഠിക്കുന്നു. ഒരാഴ്ചമുമ്പ് നടത്തിയ വൻ വിജയമായി മാറിയ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ആദ്യ വാർഷിക സമ്മേളനവും ബിജോയിയുടെ മികച്ച സംഘാടക മികവിന് ഉദാഹരണമാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും സേവന പ്രവർത്തനങ്ങളും ബിജോയ് മുടക്കമില്ലാതെ നടത്തുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. യുകെ  മലയാളി നഴ്‌സുമാർക്ക് സുപരിചിതയും അറിയപ്പെടുന്ന നഴ്‌സിംഗ് ട്രെയിനറുമായ മിനിജ ജോസഫിനൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിവരുന്ന ട്രാൻസ്‌ഫർമേഷൻ പ്രൊജക്റ്റിന്റെ രണ്ടാംഘട്ടത്തിനായി നാട്ടിലേക്ക് പോകുവാനായി തയാറെടുക്കുകയാണ് ബിജോയ് ഇപ്പോൾ. ബിജോയ് കൂടെ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ എൻഎച്ച്എസ് ക്രിട്ടിക്കൽ കെയർ ഇക്വിറ്റി, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ  ടീമിന്റെ  ഇൻക്ലൂസിവ് കോൺവെർസേഷൻസ് പ്രോജെക്റ്റിനു നഴ്സിങ് ടൈംസ് ഏർപ്പെടുത്തിയ എലിസബത്ത് അനിവോൻവു പുരസ്കാരവും ലഭിച്ചിരുന്നു. ബ്രിട്ടനിൽ ഇതിനകം മലയാളി മേയർമാർക്കുശേഷം ആദ്യ മലയാളി എംപിയെ സൃഷ്ടിക്കാനും ഈവർഷം യുകെ മലയാളികൾക്ക് കഴിഞ്ഞു. മലയാളി നഴ്‌സുമാരുടെ സംഘടിത ശക്തിക്കുമുന്നിൽ, ആർ.സി.എൻ എന്ന എവറസ്റ്റ് കീഴടക്കുക അസാധ്യമല്ല. യുകെയിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരുടെ വലിയൊരു ലക്‌ഷ്യം നേടിയെടുക്കുവാനായി പോരാടുകയാണ് ബിജോയ് സെബാസ്റ്റ്യൻ. ഈ ഘട്ടത്തിൽ ഒത്തൊരുമയോടെ പൂർണ്ണ പിന്തുണ നൽകി  കൂടെ നിൽക്കേണ്ടത് യുകെയിലെ ഓരോ മലയാളി നഴ്‌സിന്റെയും ആവശ്യമാണ്.. കടമയാണ്. അതുനിർവ്വഹിച്ചാൽ ഇത്തവണ ആ അത്ഭുതവും സംഭവിക്കും. അത് യുകെയിലെ മലയാളി നഴ്‌സുമാരുടെ സംഘടിത ശക്തിയുടെ ശബ്ദമായി ചരിത്രത്തിലെന്നും മുഴങ്ങിക്കേൾക്കും…

എൻഎച്ച്എസിൽ പുതിയ സർജറി സെന്ററുകൾ, സ്കാനറുകൾ, റേഡിയോ തെറാപ്പി മെഷീനുകൾ വരും.. നവീകരണത്തിനായി വൻ സാമ്പത്തികസഹായം പ്രഖ്യാപിച്ച് സർക്കാർ, നാളത്തെ ബഡ്‌ജറ്റിൽ കൂടുതൽ വിവരങ്ങൾ, മലയാളി നഴ്‌സുമാർക്ക് പ്രതീക്ഷയേകി വിദേശ റിക്രൂട്ട്മെന്റും വീണ്ടും ശക്തമാക്കും

  “ഒന്നുകിൽ നന്നാകൂ… അല്ലെങ്കിൽ മരിക്കൂ..” എന്ന്  പ്രധാനമന്ത്രി കെയിർ സ്റ്റാർമർ തന്നെ പറഞ്ഞപ്പോൾ, ലേബർ സർക്കാർ എൻഎച്ച്എച്ച്എസിനെ കൈവിട്ടുവെന്ന പ്രതീതി വ്യാപകമായിരുന്നു.  എന്നാൽ പത്തിന പദ്ധതി പ്രഖ്യാപിച്ച് എൻഎച്ച്എസിനെ നവീകരിക്കുമെന്ന പ്രഖ്യാപനവും സ്റ്റർമാർ പിന്നീട് നടത്തി.   ഇതിന്റെ ഭാഗമായി ബജറ്റിൽ NHS-നുള്ള വമ്പൻ സാമ്പത്തിക സഹായ പ്രഖ്യാപനങ്ങൾ എന്തെല്ലാമാണെന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ  സർക്കാർ പുറത്തുവിട്ടു. പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, സ്കാനറുകൾ, റേഡിയോ തെറാപ്പി മെഷീനുകൾ എന്നിവയ്‌ക്കായി 1.57 ബില്യൺ പൗണ്ട് സഹായം ഉൾപ്പെടെയുള്ള  പദ്ധതികൾ നാളത്തെ ബഡ്ജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിക്കും.   ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രി ചികിത്സകളുടേയും നടപടിക്രമങ്ങളുടെയും എണ്ണം ആഴ്ചയിൽ 40,000 ആയി വർധിപ്പിക്കുമെന്ന സർക്കാരിൻ്റെ നേരത്തെയുള്ള വാഗ്‌ദാനം  നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ ധനസഹായം.   ആരോഗ്യ വിദഗ്ധരും പുതിയ ഫണ്ടിംഗിനെ സ്വാഗതം ചെയ്തിട്ടുണ്ട്, എന്നാൽ സർക്കാരിൻ്റെ 10 വർഷത്തെ എൻഎച്ച്എസ് പദ്ധതി അടുത്ത സ്പ്രിങ് സീസൺ വരെ പ്രസിദ്ധീകരിക്കാത്തതിനാൽ ഭാവി നയത്തെക്കുറിച്ച് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുമുണ്ട്.   സർക്കാരിൻ്റെ ധനസഹായ പദ്ധതികളുടെ മുഴുവൻ വിവരങ്ങളും ബുധനാഴ്ചത്തെ ബജറ്റിൽ വരും. NHS- ഇംഗ്ലണ്ടിൻ്റെ ഏറ്റവും പുതിയ വെയ്റ്റിംഗ് സമയ കണക്കുകൾ കാണിക്കുന്നത് ആശുപത്രി ചികിത്സയ്ക്ക് കാത്തിരിക്കുന്നവരുടെ  ബാക്ക്‌ലോഗ് 7.64 ദശലക്ഷമാണ് . പാൻഡെമിക്കിന് മുമ്പ്, ഇത് വെറും നാല് ദശലക്ഷത്തിലധികം ആയിരുന്നു.   ഓഗസ്റ്റിൽ, 280,000-ത്തിലധികം രോഗികൾ ഒരു വർഷത്തിലേറെയായി ഒരു ഓപ്പറേഷനും സ്കാനിംഗിനും അപ്പോയിൻ്റ്മെൻ്റിനും വേണ്ടി കാത്തിരിക്കുന്നുവെന്ന് കണക്കുകൾ തെളിയിച്ചു.   ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഒരു "ഗുരുതരമായ അവസ്ഥ"യിലാണെന്നും ക്യാൻസർ, എമർജൻസി (എ&ഇ), ആശുപത്രി ചികിത്സ എന്നിവയ്ക്കുള്ള പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വളരെ കുറവാണെന്നും കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.   തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആസൂത്രിതമായ ചികിത്സയ്ക്കും അപ്പോയിൻ്റ്‌മെൻ്റുകൾക്കുമായി വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് ഇംഗ്ലണ്ടിലെ ആശുപത്രികളുടെ നവീകരണ ജോലികൾക്കായി പുതിയ സർക്കാർ 1.8 ബില്യൺ പൗണ്ട് അനുവദിച്ചു.   വെസ്റ്റ്മിൻസ്റ്റർ ഗവൺമെൻ്റ് പ്രഖ്യാപിച്ച അധിക പണം സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയിലെ വിവിധ എൻഎച്ച്എസ് കേന്ദ്രങ്ങൾക്കും ലഭ്യമാക്കും.   നിലവിൽ ഒട്ടുമിക്ക എൻഎച്ച്എസ് ആശുപത്രികളും ആരോഗ്യ കേന്ദങ്ങളും നഴ്‌സുമാർ അടക്കമുള്ള സ്റ്റാഫുകളുടെ കാര്യമായ കുറവ് ഇപ്പോഴും നേരിടുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ  വിദേശ റിക്രൂട്ട്മെന്റ് വീണ്ടും ഊർജിതമായി ആരംഭിക്കാനുള്ള പദ്ധതികളും ബഡ്ജറ്റിലുണ്ടാകുമോയെന്ന്  ഏവരും ഉറ്റുനോക്കുന്നു.

നൂപുരധ്വനികളും നടന വൈഭവങ്ങളും നിറഞ്ഞാടി... കേരളീയ കലകളുടെ കേളികൊട്ടുമായി അരങ്ങുതകർത്ത് യുക്‌മ ഈസ്റ്റ് ആംഗ്ലിയ കലാമേള; വാശിയേറിയ മത്സരത്തിൽ ബ്രിട്ടീഷ്‌പത്രം ട്രോഫി കരസ്ഥമാക്കി ലൂട്ടൺ കേരളൈറ്റ്‌സ് കലാമേള ജേതാക്കൾ! കോൾചെസ്റ്റർ റണ്ണറപ്പായി

നൃത്തനാട്യ നടന വിസ്മയങ്ങൾ നിറഞ്ഞാടിയ ഈസ്റ്റ് ആംഗ്ലിയ കലാമേള, യുകെ മലയാളികൾക്കു മുന്നിൽ ഒരുദിനരാത്രം നിറയെ കാഴ്ചവച്ചത് കേരളീയ കലകളുടെ മറക്കാനാകാത്ത ദൃശ്യശ്രാവ്യ അനുഭവങ്ങൾ.   നാലുവേദികളിലായി ഒരുദിനരാത്രം മുഴുവന്‍ അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍,150 പോയിന്റോടെ ലൂട്ടന്‍ മലയാളി അസോസിയേഷന്‍ ബ്രിട്ടീഷ് പത്രം എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.125 പോയിന്റോടെ രണ്ടാം സ്ഥാനം നേടി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി റണ്ണേഴ്‌സ് അപ്പായി.     മൂന്നാം സ്ഥാനത്തെത്തിയ ചെംസ്ഫോർഡ് അസ്സോസിയേഷന് 40 പോയിന്റുകൾകൊണ്ട് തൃപ്തിയടയേണ്ടി വന്നു. മറ്റുള്ള അസ്സോസിയേഷനുകൾ നേടിയത് കുറഞ്ഞ പോയിന്റുകളാണെന്നത് ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള മത്സരം എത്ര കടുത്തതായിരുന്നുവെന്ന് തെളിയിക്കുന്നു. ജേതാക്കൾക്ക് ബ്രിട്ടീഷ് പത്രം, ഒഎൻടി ഗ്ലോബൽ അക്കാദമി, ഒഎൻടി നഴ്‌സസ് റിക്രൂട്ട്മെന്റ് എന്നീസ്ഥാപനങ്ങളുടെ  മാനേജിങ് ഡയറക്ടർ  ജിജോ വാളിപ്ലാക്കിൽ ബ്രിട്ടീഷ്‌പത്രം എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. യുക്മ ദേശിയ വ്യക്താവ് എബി സെബാസ്റ്റ്യനൂം സന്നിഹിതനായിരുന്നൂ. വ്യക്തിഗത ഇനങ്ങളിൽ മികവ് പ്രകടമാക്കി ലൂട്ടൺ കേരളൈറ്റ്‌സ് അസ്സോസിയേഷനിലെ ആനി അലോഷ്യസ് കലാതിലകപ്പട്ടം കരസ്ഥമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, സോളോ സോങ്‌ എന്നിവയിലെല്ലാം ഒന്നാംസ്ഥാനം നേടിയാണ് ആനി കലാതിലകമായത്. ലൂട്ടൺ കേരളൈറ്റ്‌സിലെ തന്നെ ടോമി അലോഷ്യസാണ് കലാപ്രതിഭ. നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് (സോളോ ആൻഡ് ഗ്രൂപ്പ്) ഇലോക്യൂഷൻ എന്നിവയിൽ ടോമി ഒന്നാംസ്ഥാനം നേടി. 15 പോയിന്റ് നേടി നിയ സജീഷ് നാട്യമയൂരമായി. ഭരതനാട്യം, മോഹിനിയാട്ടം, ഫോൾക്ക് ഡാൻസ് എന്നീ നൃത്തരൂപങ്ങളിലെല്ലാം  വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനം നേടിയാണ് നിയ ഈസ്‌റ്റ് ആംഗ്ലിയയിലെ നർത്തന രാജകുമാരിയായി നാട്യമയൂരം  പദവി സ്വന്തമാക്കിയത്. 9 പോയിന്റോടെ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ കാര്‍ത്തിക് ഗോപിനാഥ് ഭാഷാ കേസരിയായി   ഒൻപതര മണിയോടെ കലാമേളയ്ക്ക് തുടക്കമായി.  യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്‌തു. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുക്മ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രസക്തിയെക്കുറിച്ച് കുര്യന്‍ ജോര്‍ജ്തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.യുക്‌മ  നാഷണൽ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സണ്ണിമോന്‍ മത്തായി സ്വാഗതം ആശംസിച്ചു.യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ പ്രവര്‍ത്തനമികവിന്റെ അംഗീകാരം കൂടിയാണ് ഈ കലാമേളയുടെ വിജയമെന്നൂം സണ്ണി മോന്‍ മത്തായി പറഞ്ഞു. റീജിണല്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷ പ്രസംഗം നടത്തി, നാഷണല്‍ ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ ദേശിയ വ്യക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, കലാമേള കണ്‍വീനര്‍ അലോഷ്യസ് ഗബ്രിയേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. റീജിണല്‍ ട്രഷറര്‍ സാജന്‍ പടിക്കമാലില്‍ നന്ദിയും പറഞ്ഞു.  150 പോയിന്റോടെ ജേതാക്കളായ ലൂട്ടന്‍ മലയാളി അസോസിയേഷന്‍    125 പോയിന്റോടെ റണ്ണേഴ്‌സ് അപ്പായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി   സ്വെയിൻ പാർക്ക് സ്‌കൂളിലെ  നാല് സ്റ്റേജുകളിലായിട്ടായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ക്ലാസ്സിക്കൽ നൃത്തങ്ങളോടെയാണ് കലാമത്സരങ്ങൾക്ക് തുടക്കമായത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ 22 അസ്സോസിയേഷനുകളില്‍ നിന്നായി 400 ലേറെ കലാകാരന്‍മാരാണ് വിവിധ കലാ വിഭാഗങ്ങളില്‍ മാറ്റുരച്ചത്.    കലാമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് ഇത്തവണ രൂപകരിച്ചിരുന്നത്. അലോഷ്യസ് ഗബ്രിയേല്‍ കലാമേള കണ്‍വീനറായി പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിച്ചു. തോമസ് മാറാട്ടുകളത്തിന്റെ നേതൃത്വത്തിലുള്ള ഓഫീസ് ടീമില്‍ ഷാജി വര്‍ഗീസ്, ബിബിന്‍ അഗസ്തി, ജിജി മാത്യൂവിന്റെയും പ്രവര്‍ത്തന മികവില്‍ കൃത്യ സമയത്ത് തന്നെ ഫലപ്രഖ്യാപനം നടത്തുവാന്‍ സാധിക്കുകയുണ്ടായി. യുക്മ നാഷണല്‍ മെംബര്‍ സണ്ണിമോന്‍ മത്തായി, സാജന്‍ പടിക്കമാലില്‍, ജെനീഷ് ലൂക്ക, എലിസ് മത്തായി എന്നിവര്‍ക്ക് രജിസ്ട്രേഷന്റെ ചുമതലയും ഭുവനേഷ് പീതാംബരന്‍, ജോസ് അഗസ്റ്റിന്‍, സന്ധ്യാ സുധി, നിഷ കുര്യന്‍, ഐസക് കുരുവിള, പ്രവീണ്‍ ലോനപ്പന്‍, നിഷാ കുര്യന്‍, ബിബിരാജ് രവീന്ദ്രന്‍, ജോസ് നൈസ്, മഞ്ജു അജിത്, ശ്യാമ ജോര്‍ജ്, നിതിന്‍ തോമസ്, അമിത ജേക്കബ്, ജോബിന്‍ ഉതുപ്, പ്രവീണ്‍ ലൂയിസ്, തോമസ് കുറ്റിക്കാടന്‍, സുരേഷ് ബാബു, സൂരജ് സുധാകരന്‍ എന്നിവര്‍ വിവിധ സ്റ്റേജുകളുടെ ചുമതലയും നിര്‍വഹിച്ചു. കൂടാതെ വിവിധ അസോസിയേഷന്‍ പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍ യുക്മ പ്രതിനിധികള്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ഭാഗമായും പ്രവർത്തിച്ച് മനോഹരമായി പരിപാടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യനെ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ പരിചയപ്പെടുത്തി. മലയാളി നേഴ്‌സുമാര്‍ അനൂഭവിക്കുന്ന ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് തന്റെ സ്ഥാനാര്‍ത്ഥ്യത്വം ഒരു പരിഹാരമാകുമെന്ന് ബിജോയി പറഞ്ഞു. ഓർമ്മകളിൽ എന്നും സൂക്ഷിക്കാൻ മറക്കാനാകാത്ത നിരവധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച യുക്‌മ  ഈസ്റ് ആംഗ്ലിയ റീജിയണൽ കലാമേളയോട് വിടപറഞ്ഞ്, അടുത്ത ശനിയാഴ്ച ഗ്ലോസ്റ്റര്‍ ഷെയറിലെ ചേത്‌നാഹാമില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ കാണാമെന്ന വാഗ്ദാനവുമായി വിവിധ അസോസിയേഷനുകളിൽ നിന്നെത്തിയ കലാകാരന്മാരും കുടുംബാംഗങ്ങളും രാത്രി വൈകി തിരികെ മടങ്ങി.    

ഇസ്രായേൽ തിരിച്ചടി: ഇറാൻ പ്രത്യാക്രമണം നടത്തിയാൽ മിഡിൽ ഈസ്‌റ്റ് യുദ്ധം രൂക്ഷമാകും; ഇസ്രായേലിലെ നഴ്‌സുമാരും കെയറർമാരും അടക്കമുള്ള മലയാളികളും ആശങ്കയിൽ! നാട്ടിലേക്ക് പോകുന്നവരും വരുന്നവരും ഗൾഫിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതാകും സുരക്ഷിതം

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടി നൽകിയതോടെ, മിഡിൽ ഈസ്റ്റ് വീണ്ടും കനത്ത യുദ്ധഭീതിയുടെ നിഴലിലായി. നാട്ടിലേക്ക് പോകുകയും അവിടെനിന്ന് തിരിച്ചുവരികയും ചെയ്യുന്ന യു കെ മലയാളികൾ ഗൾഫ് വഴിയുള്ള യാത്ര കുറച്ചുനാളത്തേക്കെങ്കിലും ഒഴിവാക്കാവുന്നതാകും സുരക്ഷിതമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേലിലെ നഴ്സുമാർ അടക്കമുള്ള ആയിരക്കണക്കിന് മലയാളി ജോലിക്കാരും ഗൾഫ് മലയാളികളും അവരുടെ കുടുംബങ്ങളും വീണ്ടും കടുത്ത ആശങ്കയിലുമായി. ഈ മാസമാദ്യം  ഇസ്രയേലിനെതിരായ ടെഹ്‌റാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയാണ് ആക്രമണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കനത്ത ബോംബ് ആക്രമണം നടത്തിയത്.  മണിക്കൂറുകൾക്കുള്ളിൽ  ഇസ്രായേൽ സൈന്യം ആക്രമണം പൂർത്തിയാക്കിയതായും ലക്ഷ്യങ്ങൾ നേടിയതായും തിരിച്ചടിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നും ഐഡിഎഫ്  ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  വ്യോമക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി യൂറോപ്പ്യൻ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പങ്കെടുത്ത വിമാനങ്ങൾ എല്ലാം സുരക്ഷിതമായി തിരിച്ചെത്തിയൊന്നും ഇസ്രായേൽ അവകാശപ്പെടുന്നു. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ്  പുറത്തുവരുന്ന വിവരം. എന്നാൽ ഏതൊക്കെ സൈനിക കേന്ദ്രങ്ങളാണെന്ന വിവരം ലഭ്യമല്ല. ലോകജനത  ഭയന്നതുപോലെ, ഇറാന്റെ ആണവകേന്ദ്രങ്ങളിലോ എണ്ണക്കിണറുകളിലോ  വിമാനത്താവളങ്ങൾ അടക്കമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലോ ഇസ്രായേൽ ആക്രമണം നടത്തിയിട്ടില്ല. ടാർജറ്റ് ചെയ്ത സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറയുന്നു. നാമമാത്രമായ ആക്രമണമാണ് നടന്നതെന്ന് ടെഹ്റാൻ പ്രതികരിച്ചു. ഇസ്രയേൽ യുദ്ധവിമാനങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കാൻ കഴിഞ്ഞതിനാൽ അവർക്ക് കാര്യമായ ആക്രമണം നടത്താനായിട്ടില്ലെന്നും ഇറാൻ പറയുന്നു. ഇസ്രയേലിലേക്ക് 200 ഓളം മിസൈലുകൾ അയച്ചുനടത്തിയ ആക്രമണത്തിന് ഒരുതിരിച്ചടി എന്നതിലുപരി ഇറാനുമായി ഇപ്പോൾ കടുത്തൊരു  യുദ്ധത്തിലേക്ക് നീങ്ങാൻ ഇസ്രായേലിനു  താല്പര്യമില്ല എന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങൾ എന്നാണ് യുദ്ധതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. അതാണ് പ്രതീക്ഷിച്ചതുപോലെ  ആണവ കേന്ദ്രങ്ങളോ മറ്റ് സുപ്രധാന കേന്ദ്രങ്ങളോ ലക്ഷ്യമിടാതെയുള്ള ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ ഇറാൻ ഉടനടി ഒരു പ്രത്യാക്രമണത്തിന് മുതിരില്ലെന്നാണ് പൊതുവേയുള്ള നിഗമനം.  അതേസമയം ടെഹ്‌റാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിന്  തക്കതായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് ഒരു അർദ്ധ-ഔദ്യോഗിക ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു. ഇറാനിയൻ മാധ്യമങ്ങൾ തലസ്ഥാനത്തും അടുത്തുള്ള സൈനിക താവളങ്ങളിലും മണിക്കൂറുകളോളം ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തു, പുലർച്ചെ 2 മണിക്ക് ശേഷം (വെള്ളിയാഴ്ച 2230 GMT).നേരം പുലരുന്നതിന് മുമ്പ്, മൂന്ന് തരംഗ സ്‌ട്രൈക്കുകൾ പൂർത്തിയായതായും ഓപ്പറേഷൻ അവസാനിച്ചതായും ഇസ്രായേലിൻ്റെ പബ്ലിക് ബ്രോഡ്കാസ്റ്ററും റിപ്പോർട്ടുചെയ്‌തു. ഇറാനിലെ ടെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണങ്ങളെ ചില സ്ഥലങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങളോടെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായാണ് ഇറാന്റെ പ്രതികരണം. എന്നാൽ ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയാൽ യുദ്ധം വീണ്ടും രൂക്ഷമാകും.  മിഡിലീസ്റ്റ് രാജ്യങ്ങൾ ഒന്നാകെ കടുത്ത യുദ്ധഭീതിയിലും ദുരിതത്തിലും ആയിത്തീരുകയും ചെയ്യും. അമേരിക്കയും മറ്റു സഖ്യകക്ഷികളും ഇസ്രയേലിന് വേണ്ടിയും ഗൾഫിലെ ഷിയ മുസ്ലീം രാജ്യങ്ങൾ ഒന്നാകെ ഇറാനുവേണ്ടിയും രംഗത്തെത്തിയാൽ യുദ്ധം വളരെ വിപുലവും ലോകയുദ്ധമായി തന്നെ മാറാനും സാധ്യതയുണ്ട്. ഇതിനിടയിൽ വേണമെങ്കിൽ ആണവായുധങ്ങളും ഉപയോഗിക്കപ്പെട്ടേക്കാം.  തിരിച്ചടികളുടെ യുദ്ധം രൂക്ഷമായാൽ ഇറാന്റെ അളവ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുകയും യുഎസും യൂറോപ്പ്യൻ സഖ്യവും ഒരുവശത്തും റഷ്യയും ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ മറുവശത്തുമായി കക്ഷിചേരുകയും ചെയ്തേക്കാം. യുദ്ധഭീതി അകലുന്നതുവരെ ഗൾഫിലൂടെയുള്ള യാത്രയും സുരക്ഷിതമല്ലെന്ന് വിദഗ്ധർ പറയുന്നു. യുകെയിൽ നിന്ന്  നാട്ടിലേക്ക് പോകുന്നവർ  ഡൽഹിയും മുംബൈയും അടക്കമുള്ള മറ്റുസിറ്റികൾ വഴിയുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത് ആയിരിക്കും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതം.  ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ഇസ്രായേലിൽ കെയറർമാരുംമറ്റുമായി ജോലി ചെയ്തുവരുന്നത്. അനവധി മലയാളികളും മറ്റുമേഖലകളിലും അവിടെ ജോലിചെയ്യുന്നുണ്ട്. അതൊക്കെ കൊണ്ടുതന്നെ  യുദ്ധം രൂക്ഷമാകുമോ ആണവയുദ്ധം ആയി മാറുമോ എന്നൊക്കെയുള്ള ആശങ്കയിലാണ് അവരും കുടുംബാംഗങ്ങളും. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും യുദ്ധ വാർത്ത വന്നതോടെ ആശങ്കയിൽ കഴിയുന്നു. നിലവിൽ  പാലസ്തീൻ ഭീകര സംഘടന ഹമാസിനും ലെബനൻ ഭീകര സംഘടന ഹിസ്‌ബൊള്ളയ്ക്കും എതിരായ യുദ്ധത്തിലാണ് ഇസ്രയേൽ. ഒക്‌ടോബർ 1-ന് ഇസ്രയേലിനുനേരെ 200-ഓളം മിസൈലുകൾ തൊടുത്തുവിട്ട്  ഇറാൻ  ബാലിസ്റ്റിക്-മിസൈൽ ആക്രമണം നടത്തിയിരുന്നു. 2023 ഒക്‌ടോബർ 7-ന് ഗാസ ആസ്ഥാനമായുള്ള ഇറാൻ പിന്തുണയുള്ള ഫലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതു മുതൽ ബദ്ധവൈരികളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. ലെബനൻ ആസ്ഥാനമായുള്ള ഹിഹിസ്‌ബൊള്ള തീവ്രവാദികളും ഹമാസിനെ പിന്തുണച്ചുരംഗത്തെത്തി.

ഇംഗ്ലണ്ടിലെ കൗൺസിലർമാർക്ക് ഇനിമുതൽ ഓൺലൈൻ ആപ്പുകൾ വഴി മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുക്കാം, മേൽവിലാസം വെളിപ്പെടുത്താതിരിക്കാം; കൗൺസിലർമാരുടെ നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി ഡെപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ

പ്രാദേശിക കൗൺസിലർമാരുടെ പ്രവർത്തനം സംബന്ധിച്ച വലിയ നിയമമാറ്റങ്ങളും നിബന്ധനകളും ഇംഗ്ലണ്ടിൽ നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ കൗൺസിലർമാർക്ക് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വീട്ടിൽ നിന്ന് സംവാദങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്‌നർ പ്രഖ്യാപിച്ചു. നിലവിൽ എല്ലാ പ്രാദേശിക കൗൺസിലർമാരും ചില യോഗങ്ങളിൽ വ്യക്തിപരമായി പങ്കെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ കോവിഡ് പാൻഡെമിക് സമയത്ത്, നേരിട്ട് പങ്കെടുക്കണമെന്ന നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൗൺസിലർമാരുടെ കാലഹരണപ്പെട്ട നിയമമാറ്റത്തിനായി പാരിഷ് കൗൺസിൽ ഓഫീസർ ജാക്കി വീവർ നടത്തിയ ക്യാംപെയിനുകളും പരിശ്രമങ്ങളുമാണ് ഒടുവിൽ ഫലം കാണുന്നത്. കൗൺസിൽ മീറ്റിംഗുകൾ വിദൂരമായി ഓൺലൈനിലൂടെ നടത്താൻ അനുവദിക്കുന്ന കോവിഡുകാലത്ത് ഏർപ്പെടുത്തിയ നിയമ മാറ്റം 2021 മെയ് 6-ന് കാലഹരണപ്പെട്ടു. നിർദ്ദിഷ്ട പുതിയ നിയമങ്ങൾ പ്രകാരം, കുട്ടികളുടെ സംരക്ഷണത്തിനോ ആരോഗ്യപരമായ കാരണങ്ങളാലോ മുഖാന്തരം ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വേണ്ടി വോട്ട് ചെയ്യാൻ ഇനിമുതൽ കൗൺസിലർമാരെയും അനുവദിക്കും. കൗൺസിലർമാർ അവരുടെ മീറ്റിംഗുകളിൽ വിദൂരമായി പങ്കെടുക്കണോ അതോ അവർക്ക് ആവശ്യമുള്ളപ്പോൾ പ്രോക്സി വോട്ടുകൾ ഉപയോഗിക്കണോ എന്നകാര്യം പ്രാദേശിക കൗൺസിൽ ചീഫുമാർക്ക് തീരുമാനിക്കാം. അതുപോലെ കൗൺസിലർമാർ അവരുടെ വീട്ടുവിലാസങ്ങൾ പരസ്യമാക്കേണ്ടതില്ലെന്ന് റെയ്‌നറും സ്ഥിരീകരിച്ചു. "ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾക്ക് പ്രാദേശിക ജനാധിപത്യത്തിൽ ഒരു പങ്കാളിത്തം സാധ്യമാക്കും, അവർക്ക് കരുതലുള്ള ഉത്തരവാദിത്തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും.” ലോക്കൽ ഗവൺമെൻ്റ് അസോസിയേഷൻ്റെ (എൽജിഎ) ഹാരോഗേറ്റിലെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, ഉപപ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ സർക്കാർ നയം വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങളിൽ സർക്കാർ ഒരു പൊതു കൺസൾട്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഏകദേശം മൂന്നിലൊന്ന് ഇംഗ്ലീഷ് കൗൺസിലുകളിൽ നടത്തിയ ഒരു എൽജിഎ സർവേയിൽ 10ൽ ഒമ്പതും കൗൺസിലർമാരുണ്ടെന്ന് കണ്ടെത്തി, അവർ അനുവദിച്ചാൽ വെർച്വൽ മീറ്റിംഗുകൾ ഉപയോഗിക്കും. വൈറ്റ്ഹാളിലെ സിവിൽ സർവീസുകാർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ജോലി ചെയ്യണമെന്ന നിയമമാറ്റത്തിനു ശേഷമാണ് ഇത് വരുന്നതെന്ന പ്രത്യേകതയുമുണ്ട്. മോശം പെരുമാറ്റത്തിന് പ്രാദേശിക കൗൺസിലർമാരെ സസ്പെൻഡ് ചെയ്യാൻ കൗൺസിലുകളെ അനുവദിക്കുമെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റികൾ, ലോക്കൽ ഗവൺമെൻ്റ് എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ റെയ്നർ പറഞ്ഞു. "കൗൺസിലർമാരിൽ നിന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ കേസുകളെ കുറിച്ച് ഇടയ്ക്കിടെ ബോധവാന്മാരായിരുന്നു, ചില സന്ദർഭങ്ങളിൽ ഇരകളുടെ രാജിയിലേക്ക് നയിക്കുന്നു" എന്ന് അവർ പറഞ്ഞു. കൗൺസിലുകൾക്ക് മൾട്ടി-ഇയർ ഫണ്ടിംഗ് സെറ്റിൽമെൻ്റുകൾ നൽകുന്നതിലേക്ക് സർക്കാർ മടങ്ങുമെന്നും റെയ്നർ വ്യക്തമാക്കി. കൺസർവേറ്റീവുകൾ വാർഷികാടിസ്ഥാനത്തിൽ ഫണ്ടിംഗ് അംഗീകരിക്കുന്നു, ഇത് അവരുടെ ബജറ്റുകൾ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കൗൺസിലുകൾ പറഞ്ഞു. സർക്കാർ ഗ്രാൻ്റുകൾക്കായി പ്രാദേശിക അധികാരികൾ പരസ്പരം മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും അവർ അറിയിച്ചു. ഇങ്ങനെയൊക്കെ ഗംഭീര പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും   അടുത്തയാഴ്ച പാർലമെന്റിൽ ചാൻസലർ  ബജറ്റിൽ പണമില്ലാത്ത കൗൺസിലുകൾക്കായി കൂടുതൽ പണം നൽകുമെന്നതിന്റെ  യാതൊരുവിധ സൂചനയില്ലെന്നതാണ് ഇതിനിടയിലും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുകാര്യം.

ഡോർസെറ്റ് കെയർഹോമിൽ അന്തേവാസികളുടെ കൂട്ടമരണം! 3 പേരുടെ മരണം വിഷവാതകം ശ്വസിച്ച്, 60 വയസ്സുള്ള സ്ത്രീ അറസ്റ്റിൽ, നാൽപതോളം അന്തേവാസികളെ സമീപത്തെ പള്ളിയിലേക്ക് മാറ്റി

ഡോർസെറ്റിലെ പ്രശസ്‌തമായ കെയർഹോമിലാണ് വയോധികരായ അന്തേവാസികളുടെ കൂട്ടമരണമുണ്ടായത്‌. ഉറങ്ങിക്കിടന്ന മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. മലയാളി നഴ്‌സുമാരും കെയറർമാരും അടക്കം ജോലിചെയ്യുന്ന സ്വാനേജിലെ ഗെയിൻസ്‌ബറോ കെയർ ഹോമിലാണ് ദാരുണ സംഭവം. മരണങ്ങൾ ‘വിശദീകരിക്കാനാകാത്തത്’ എന്ന നിലയിലാണ് കണക്കാക്കുന്നതെന്ന് ഡോർസെറ്റ് പോലീസ് പറഞ്ഞു,  എന്നാൽ അബദ്ധത്തിൽ പുറത്തുവന്ന കാർബൺ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണ വിവരമായി ആദ്യം  പുറത്തുവന്നത്.  അതേസമയം കെയർ ഹോമിലെ മൂന്ന് പേരുടെ അസ്വാഭാവിക  മരണത്തെ തുടർന്ന് സംശയം തോന്നിയ ഒരുസ്ത്രീയെ നരഹത്യാ കുറ്റത്തിന് അറസ്‌റ്റുചെയ്തതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ സ്ത്രീ ഏതുവിധമാണ് കുറ്റക്കാരി ആയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച്ച വെളുപ്പിനെ 05:20 BST-ന് ഡോർസെറ്റിലെ സ്വാനേജിലെ ഉൾവെൽ റോഡിലുള്ള ഗെയിൻസ്ബറോ കെയർ ഹോമിലേക്ക് പോലീസും ഫയർഫോഴ്‌സും അടക്കമുള്ള അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള ഏഴ് പേരെ ആശുപത്രിയിൽ എത്തിക്കുകയും മറ്റുള്ള താമസക്കാരെ കെട്ടിടത്തിനു അടുത്തുള്ള പള്ളി ഹാളിൽ താമസിപ്പിക്കുകയും ചെയ്‌തതായും പോലീസ് അറിയിച്ചു. അജിൻകെയർ നടത്തുന്ന ഈ കെയർഹോമിൽ നിന്ന്  40 ഓളം താമസക്കാരെ കുറച്ചു ദൂരെയുള്ള ഓൾ സെയിൻ്റ്സ് ചർച്ചിലേക്കാണ്  മാറ്റിപ്പാർപ്പിച്ചത്. നിരവധി മലയാളി നഴ്‌സുമാരും കെയറർമാരും അജിൻ കെയറിൽ ജോലിചെയ്യുന്നുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടർന്ന് 60 വയസ്സുള്ള പ്രാദേശികവാസിയായ ഒരു സ്ത്രീയെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ്  പോലീസ് കസ്റ്റഡിയിലെടുത്തത്. കെയർ ഹോമിലെ താമസക്കാരെ സഹായിക്കാൻ ഹോം മാനേജ്‌മെന്റ് , മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോർസെറ്റ് കൗൺസിൽ അറിയിച്ചു. "കഴിവതും നേരത്തേതന്നെ താമസക്കാരെ അവരുടെ കെയർ ഹോമിലേക്ക്  തിരികെ കൊണ്ടുവരാൻ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും  അജിൻകെയർ അറിയിച്ചു.  

ഇന്ത്യക്കാർക്കുള്ള യുഎഇയുടെ വിസ ഓൺ- അറൈവൽ പ്രഖ്യാപനം: യഥാർത്ഥ പ്രയോജനം യുകെ, യുഎസ്, യൂറോപ്യൻ വിസകളുള്ള ഇന്ത്യക്കാർക്ക് മാത്രം! ഇനിമുതൽ നാട്ടിലേക്ക് പോകുംവഴി യുകെ മലയാളികൾക്ക് യു,എ.ഇയിൽ 6 മാസംവരെ വിസിറ്റിംഗ് വിസയിൽ താമസിക്കാം

കേരള സർക്കാർ പുതിയ ബിൽ പാസ്സാക്കി കേരളത്തിൽ ബാങ്ക് ജപ്‌തികൾ  നിരോധിച്ചു എന്നരീതിയിലുള്ള വ്യാജപ്രചാരണം കുറച്ചുനാൾമുമ്പ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി വന്നിരുന്നു. ഏതാണ്ട് അതിനുസമാനമായ ഒരു അബദ്ധ പ്രചാരണമാണ് യു.എ.ഇ സർക്കാർ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സംവിധാനം അനുവദിച്ചു എന്നരീതിയിൽ ഇപ്പോൾ നടന്നുവരുന്നത്. കഴിഞ്ഞയാഴ്‌ചയാണ് യു.എ.ഇ സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയത്. കേൾക്കുമ്പോൾ ഇന്ത്യൻ പാസ്സ്പോർട്ടുള്ളവർക്കെല്ലാം, യു.എ.ഇയിൽ എത്തിയാൽ വിസ ഓൺ അറൈവൽ ലഭിക്കുമെന്ന് തെറ്റിദ്ധരിക്കപ്പെടുമെങ്കിലും യഥാർത്ഥത്തിൽ, യുകെ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിസകളും അതോടൊപ്പം ഇന്ത്യൻ പൗരത്വവും പാസ്സ്പോർട്ടും ഉള്ളവർക്ക് മാത്രമാണ്  ഈ സൗകര്യം ലഭിക്കുക. എന്താണ് യഥാർത്ഥ യു.എ.ഇ വിസ ഓൺ അറൈവൽ പ്രഖ്യാപനം? സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിസ ഓൺ-അറൈവലിന് അർഹതയുണ്ടെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാൽ അറൈവൽ വിസകൾ ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി പാലിക്കപ്പെടണം. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി മനസ്സിലാകൂ എന്ന പഴമൊഴി പോലെയാണ് പ്രഖ്യാപിതമായ പുതിയ നിബന്ധനകൾ.  ആർക്കൊക്കെ വിസ ഓൺ അറൈവൽ ലഭിക്കും? യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിര താമസ കാർഡുകൾ, ഗ്രീൻ കാർഡുകൾ അല്ലെങ്കിൽ ഷെങ്കൻ പോലുള്ള സാധുതയുള്ള വിസകൾ കൈവശമുള്ള വ്യക്തികൾക്ക് മാത്രമേ വിസ-ഓൺ-അറൈവൽ നയം ബാധകമാകൂ. യുകെ, യുഎസ്എ, യൂറോപ്യൻ പൗരന്മാർക്ക്  ഈ സംവിധാനം നേരത്തേമുതൽ യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുണ്ട്. അപേക്ഷകർക്ക് സാധുതയുള്ള പാസ്സ്‌പോർട്ട് വേണം:  വിസ-ഓൺ-അറൈവലിന് യോഗ്യത നേടുന്നതിന്, യുഎഇയിൽ പ്രവേശിച്ച തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ടുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർ ആയിരിക്കണം. വിസ ഓപ്ഷനുകൾ  യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾ വിസ ലഭിക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട്: 14 ദിവസത്തെ വിസിറ്റിംഗ് വിസ, ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. 60 ദിവസത്തെ വിസിറ്റിംഗ് വിസയുടെ കാലാവധി വർധിപ്പിക്കാനാകില്ല. രണ്ട് വിസ തരങ്ങൾക്കും യാത്രക്കാർ യുഎഇ മാനദണ്ഡങ്ങൾക്കനുസരിച്ച് നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ഈ വിസകളിൽ  കഴിയുന്നവർക്ക്  യു.എ.ഇയിൽ ജോലിചെയ്യാനോ പണം സമ്പാദിക്കാനോ നിയമപരമായി അനുമതിയുണ്ടാകില്ല. കൈയിൽ കാശുണ്ടെങ്കിൽ ഷോപ്പിംഗ് നടത്താം, സ്ഥലങ്ങൾ സന്ദർശിക്കാം, ആഘോഷ പരിപാടികളിൽ പങ്കെടുക്കാം എന്നുമാത്രം.  ഇന്ത്യക്കാർക്ക് നേരത്തേയും വിസ ഓൺ അറൈവൽ! ഇന്ത്യൻ പൗരന്മാർക്ക് യാത്ര എളുപ്പമാക്കുന്നതിനുള്ള മുൻ ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് യുഎഇയുടെ സമീപകാല വിസ-ഓൺ-അറൈവൽ പ്രഖ്യാപനം.  നേരത്തെ 2023 ഫെബ്രുവരിയിൽ, എമിറേറ്റ്‌സ് എയർലൈൻ, വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി മുൻകൂട്ടി അംഗീകരിച്ച വിസ-ഓൺ-അറൈവൽ സേവനം അവതരിപ്പിച്ചിരുന്നു.  അതേമാസം തന്നെ ദുബൈയും ഇന്ത്യൻ പൗരന്മാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകാൻ തുടങ്ങി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബിസിനസ്, ടൂറിസം, സാമ്പത്തിക ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ നയം അവതരിപ്പിച്ചത്. പുതിയ വിസ ഓൺ അറൈവൽ പ്രഖ്യാപനവും യു.എ.യുടെ ടൂറിസവും ബിസിനസ്സും സാമ്പത്തിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടതുതന്നെ. അതുപോലെ ഇപ്പോഴും എല്ലാ ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ സംവിധാനം നൽകാൻ കഴിയില്ലെന്ന യു.എ.ഇ സർക്കാരിന്റെ നിലപാട്, ഇന്ത്യയുടെ പാസ്സ്‌പോർട്ട് വിതരണ സംവിധാനത്തിലും സുരക്ഷയിലുമുള്ള വിശ്വാസമില്ലായ്‌മയും തുറന്നുകാണിക്കുന്നു.  

എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഡിജിറ്റൽ വിപ്ലവം..! ഡാറ്റാ റെക്കോർഡിങും പരിശോധനകളും അടക്കം എൻഎച്ച്എസ് ആപ്പിൽ രോഗികൾക്ക് സമ്പൂർണ്ണ ഉപയോഗ സ്വാതന്ത്ര്യം! ചികിത്സയുടെ എല്ലാ മെഡിക്കൽ രേഖകളും ആപ്പിൽ ലഭ്യമാകും; രാജ്യമൊട്ടാകെ സിംഗിൾ പേഷ്യന്റ് ഡാറ്റാ റെക്കോർഡ് സംവിധാനം

രോഗി ഇഛിച്ചതും വൈദ്യൻ വിധിച്ചതും പാൽ  എന്ന പഴമൊഴിപോലെ അന്വർത്ഥമാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിൽ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതി: സിംഗിൾ പേഷ്യന്റ് റെക്കോർഡ് സംവിധാനം. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾക്ക് കീഴിൽ മുഴുവൻ മെഡിക്കൽ രേഖകളും പരിശോധനാ ഫലങ്ങളും ഡോക്ടർമാരിൽ നിന്നുള്ള കത്തുകളും അടക്കം എല്ലാ ഡാറ്റകളും പുതിയ എൻഎച്ച്എസ് ആപ്പിൽ ലഭ്യമാകും. ഇംഗ്ലണ്ടിലെ NHS-നുള്ള പുതിയ 10 വർഷത്തെ നവോത്ഥാനത്തിന്റെ  ഭാഗമായ മാറ്റങ്ങൾ, ആപ്പുകൾ ഉപയോഗിക്കുന്ന രീതിയെ മാറ്റിയ അതേരീതിയിൽ ആരോഗ്യ സേവനവുമായി രോഗികൾ ഇടപഴകുന്ന രീതിയേയും  മാറ്റിമറിക്കുമെന്ന് മന്ത്രിമാർ പ്രതീക്ഷിക്കുന്നു. പല കാരണങ്ങൾകൊണ്ടും നിലവിൽ NHS ആപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. കാരണം നിലവിലെ ആപ്പിൽ രോഗികളുടെ ചികിത്സാരേഖകൾ രോഗിയുടെ ജിപിയും അവർ സന്ദർശിക്കുന്ന ഏതെങ്കിലും ആശുപത്രികളും പ്രാദേശികമായി സൂക്ഷിക്കുന്നു. അതായത് വിപുലമായ സംവിധാനത്തിൽ, രാജ്യത്തെ  ആരോഗ്യ സേവനത്തിൻ്റെ എല്ലാ വിഭാഗങ്ങളും ആപ്പുമായി ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ ഇതിനുപകരമായി രാജ്യമൊട്ടാകെയുള്ള ആരോഗ്യകേന്ദ്രങ്ങളെ  ബന്ധപ്പെടുത്തി സിംഗിൾ പേഷ്യന്റ് റെക്കോർഡ് സൃഷ്ടിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ഇതിന്റെ പരിമിതികൾ ചൂണ്ടിക്കാണിച്ച്  കാമ്പെയ്‌നർമാർ ഡാറ്റ പരിരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ രഹസ്യാത്മക മെഡിക്കൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ തികച്ചും പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രിമാരും പറയുന്നു. സ്പ്രിങ് സീസണിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന 10 വർഷത്തെ പുനരുദ്ധാരണ പദ്ധതിയെ ജനങ്ങൾക്കിടയിൽ അറിയിക്കാൻ സർക്കാർ ഒരു പുതിയ നാഷണൽ കൺസൾട്ടിങ് ആരംഭിക്കും.  അപ്രതീക്ഷിത പ്ലാനിൻ്റെ പ്രധാന തീമുകളിൽ ഒന്ന് "അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക്" എന്നതാകും. കൂടാതെ സിംഗിൾ പേഷ്യന്റ് റെക്കോർഡിങ് അതിൻ്റെ ഒരു പ്രധാന ഭാഗമായിരിക്കും. ഇത് രോഗികളുടെ ചികിത്സകൾ വേഗത്തിലാക്കുമെന്നും ആവർത്തിച്ചുള്ള പരിശോധനകളും മെഡിക്കൽ പിശകുകളും കുറയ്ക്കുമെന്നും സർക്കാർ പറഞ്ഞു. നിലവിൽ രോഗികൾക്ക് ജിപി, ജില്ലാ നഴ്‌സിംഗ്, ഫിസിയോകൾ, ടെസ്റ്റിംഗ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും  ഇതിൻ്റെ ഭാഗമാകുമെന്ന് സർക്കാർ അറിയിച്ചു. പ്രാദേശിക സേവനങ്ങൾ സൂക്ഷിക്കുന്ന വ്യക്തിഗത രേഖകൾ കൂട്ടിച്ചേർക്കുന്ന ഒരു ഡാറ്റാബേസ് സൃഷ്ടിക്കാൻ കഴിഞ്ഞവർഷം, പാലന്തിർ എന്ന സ്ഥാപനത്തിന് കരാർ നൽകിയിരുന്നു. രോഗികൾക്കും അവരെ ചികിത്സിക്കുന്നവർക്കും അവരുടെ ആരോഗ്യ ചികിത്സയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ആവശ്യാനുസരണം എടുത്ത് പരിശോധിക്കുവാൻ പുതിയ ആപ്പ് അനുവദിക്കും. അതേസമയം കാമ്പെയ്ൻ ഗ്രൂപ്പ് മെഡ്, എൻഎച്ച്എസ് ആപ്പ് ഈവിധത്തിൽ എല്ലാവർക്കും തുറന്നുനൽകുന്നത് അബദ്ധമാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇതുപോലുള്ള സിംഗിൾ റെക്കോർഡ് സംവിധാനങ്ങൾ ഹാക്കുചെയ്യുകയും ദുരുപയോഗം നടത്തിയതിന്റെയും നിരവധി തെളിവുകളുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ രോഗികളുടെ വിവരങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിൽ സർക്കാർ തികച്ചും പ്രതിജ്ഞാബദ്ധമാണെന്ന്  കെയർ മന്ത്രി സ്റ്റീഫൻ കിന്നോക്ക് പറഞ്ഞു. പുതിയ സംവിധാനത്തെ സർക്കാർ പൂർണ്ണമായും പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. രോഗികളുടെ ഡാറ്റാ സുരക്ഷയ്ക്ക് "കാസ്റ്റ് അയേൺ ഗ്യാരൻ്റി" നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ പുതിയ ബില്ലിൽ ഏർപ്പെടുത്തുമെന്നും  മന്ത്രി വ്യക്തമാക്കി. മാത്രമല്ല, 10 വർഷത്തെ നവീകരണ പദ്ധതി ആശുപത്രികളിൽ നിന്നും സമൂഹത്തിലേക്ക് രോഗീപരിചരണം മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിരുന്നാലും എൻഎച്ച്എസിലെ പുതിയ ഡിജിറ്റൽ മാറ്റത്തിനായുള്ള ആശയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും സർക്കാർ അറിയിച്ചു. ഇതിനായുള്ള കൺസൾട്ടിങ്ങിനായി  change.nhs.uk എന്ന വെബ്‌സൈറ്റിലൂടെയുള്ള  പൊതു ഇടപഴകൽ പ്രക്രിയ തിങ്കളാഴ്ച മുതൽ ആരംഭിക്കും. നഴ്‌സസ് സംഘടന ആർസിഎന്നും  പദ്ധതിയെ സ്വാഗതം ചെയ്തു. എൻഎച്ച്എസ് ജീവനക്കാരും ഇതിൽ പങ്കാളികളാകുന്നത് സുപ്രധാനമാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ ഭാവി പദ്ധതികൾക്ക് കൂടുതൽ പുതിയ നിക്ഷേപം ആവശ്യമാണെന്നും റേഞ്ചർ ചൂണ്ടിക്കാണിച്ചു.

More Articles

ഹോം ഓഫീസ് ഒരാളുടെ സെറ്റില്‍മെന്റ് വിസക്ക് വാങ്ങുന്നത് 2400 പൗണ്ട്; 243 പൗണ്ടാക്കി ചുരുക്കി തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന ആവശ്യത്തിനായി എം പി മാരുടെ കണ്ണു തുറപ്പിക്കാന്‍ ഈ നമുക്ക് സര്‍വ്വേയില്‍ പങ്കെടുക്കാം....
അഞ്ജുവും കുട്ടികളും തീനാളങ്ങളില്‍ ലയിച്ചു; മകളുടെയും പേരക്കുട്ടികളുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ കണ്ട് ഏങ്ങലടിച്ചു കരഞ്ഞ് അഞ്ജുവിന്റെ മാതാപിതാക്കള്‍, അഞ്ജുവിന്റെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കള്‍ മാതാപിതാക്കള്‍ക്ക് കൈമാറി
സിങ്കിള്‍ യൂസ് പ്ലാസ്റ്റിക്കിന് ഇംഗ്ലണ്ടില്‍ ഒക്ടോബര്‍ മാസം മുതല്‍ നിരോധനം; പ്ലാസ്റ്റിക് കട്ട്ലറി, പ്ലേറ്റുകള്‍, പാത്രങ്ങള്‍ എന്നിവയ്ക്ക് ബാധകം; ഫിഷ് ആന്‍ഡ് ചിപ്സ് റെസ്റ്റോറന്റുകളും ടേക്ക്അവേകളും കൂടുതല്‍ ചെലവേറിയതാകും
അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ ജന്‍മനാട്ടില്‍ ജനപ്രതിനിധികള്‍ ഏറ്റുവാങ്ങി; സംസ്‌കാരം ഇന്നുച്ചയ്ക്ക് ഒരുമണിക്ക്; തുടരന്വേഷണത്തിന് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്
യാത്രക്കാര്‍ക്ക് ഹീത്രൂ-കൊച്ചി ടിക്കറ്റ് മറ്റ് ചാര്‍ജുകള്‍ ഇല്ലാതെ ഗാറ്റ്വിക്കിലേക്ക് മാറ്റാന്‍ സൗകര്യമുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എയര്‍ ഇന്ത്യ
സറേയിലും തെരുവ് നായ അക്രമണം; വഴിയെ നടന്നവരെ ഓടിച്ചിട്ട് കടിച്ചു; ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം, ഏഴ് നായകളെ സായുധ പോലീസ് പിടികൂടി
പിഞ്ചു മക്കളെ സാജു കൊന്നത് കഴുത്തു ഞെരിച്ച്; അഞ്ജു മരിച്ചത് ശ്വാസം മുട്ടി; കെറ്ററിംഗ് കൂട്ടക്കൊലയുടെ പ്രാഥമിക ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി; അഞ്ചുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തി, സംസ്‌കാരം ശനിയാഴ്ച
യുകെ മലയാളികളുടെ യാത്രാ ദുരിതത്തിനന്ത്യമാകുന്നു? ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിലേക്ക് 12 പുതിയ സര്‍വീസുകള്‍ നടത്താനൊരുങ്ങി എയര്‍ ഇന്ത്യ; ഹീത്രൂവിലേക്ക് അഞ്ച് അധിക സര്‍വീസുകളും

Most Read

British Pathram Recommends