കൊവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനൊരുങ്ങിയ ബ്രിട്ടനെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ് നോറോ വൈറസ്. കൊവിഡിനെ പോലെ തന്നെ വ്യപന ശേഷി കൂടുതലുള്ള നോറോവൈറസ് ഇതുവരെ 154 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും പേരില്‍ നോറോ വൈറസ് സ്ഥിരീകരിച്ചത്.
വയറിനെയും കുടലിനെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നോറ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍ ഛര്‍ദിയും വയറിളക്കവും വയറുവേദനയുമാണ്. കൂടാതെ പനി, തലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. വൈറസ് ശരീരത്തിലെത്തിയാല്‍ 12-48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മൂന്നു ദിവസം വരെ നിലനില്‍ക്കും. ശരീരം വൈറസിനെതിരെ സ്വയം പ്രതിരോധശേഷി ആര്‍ജിച്ചേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
രോഗബാധിതനായ ഒരാളുമായി നേരിട്ട് ബന്ധം, മലിനമായ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കഴുകാത്ത കൈ വായില്‍ വെയ്ക്കുക എന്നിവയിലൂടെയാണ് നോറോ വൈറസ് പകരുന്നത്. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത്.
കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൈകള്‍ ഇടയ്ക്കിടെ കഴുകണം. ഭക്ഷണം, മരുന്ന് ഒക്കെ കഴിക്കുന്നതിന് മുന്‍പും മറ്റുള്ളവര്‍ക്ക് നല്‍കും മുന്‍പും കൈകള്‍ വൃത്തിയാക്കണം. ആല്‍കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളാണ് ഉപയോഗിക്കേണ്ടത്. ലക്ഷണം കണ്ടാല്‍ വീടിനുള്ളില്‍ തന്നെ കഴിയണം. പ്രത്യേകമായ ചികിത്സയില്ല. ഛര്‍ദിക്കുമ്പോഴും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന ജലാംശം കൂടുതല്‍ വെള്ളം കുടിച്ച് തിരിച്ചുപിടിക്കണം. അങ്ങനെ നിര്‍ജലീകരണം തടയാനാകും. കൊറോണ വൈറസ് പോലെ തന്നെ നോറോ വൈറസിനും ജനിതക മാറ്റം സംഭവിക്കുന്നു.