സി.പി.എം. എം.പി.ക്ക് ബി.ജെ.പി .യോഗത്തിലേക്ക് അബദ്ധത്തില്‍ ക്ഷണം. ഐ.ടി പാര്‍ലമെന്ററിസമിതിയംഗം പി.ആര്‍. നടരാജനെയാണ്
ശശി തരൂരിനെതിരേയുള്ള തന്ത്രങ്ങള്‍ മെനയാന്‍ വിളിച്ച യോഗത്തിലേക്ക്
ബി.ജെ.പി ആളറിയാതെ ക്ഷണിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഓഫീസില്‍നിന്ന് ഫോണ്‍വിളി വന്നതായി നടരാജന്‍ പറഞ്ഞു. മന്ത്രി കാണാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഓഫീസില്‍ നിന്നുള്ള സന്ദേശം.
''ഞാന്‍ അതിശയിച്ചുപോയി. മന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടില്ലെന്ന് മറുപടി നല്‍കിയെങ്കിലും ഉച്ചയ്ക്കു രണ്ടു മണിക്ക് എന്തായാലും എത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്, മന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രിയും അതിശയിച്ചു. നിങ്ങള്‍ ഐ.ടി. പാര്‍ലമെന്ററി സമിതിയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് മറുപടിനല്‍കി.
ഏതുപാര്‍ട്ടിയില്‍നിന്നാണെന്നു ചോദിച്ചു. ഞാന്‍ സി.പി.എം. അംഗമാണെന്ന് മറുപടി നല്‍കി. ഉടന്‍ തെറ്റുപറ്റിയതായും ഖേദിക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു'' - നടരാജന്‍ വിശദീകരിച്ചു.
ഇതിനിടെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം പരിഗണിക്കാനെടുത്ത ഐ.ടി. പാര്‍ലമെന്ററിസമിതിയുടെ അധ്യക്ഷന്‍ ശശി തരൂരിനെ നീക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഇതിനായി ബി.ജെ.പി. നേതാവും സമിതിയംഗവുമായ നിഷികാന്ത് ദുബെ തരൂരിനെതിരേ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നതുവരെ താന്‍ സമിതിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ദുബെ പ്രഖ്യാപിച്ചു.