പാരീസ്: വിമാനവാഹിനി നിര്‍മ്മിച്ച ഇന്ത്യയെ ആഗോള വിമാനവാഹിനി ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത് ഫ്രാന്‍സ്. വിമാനവാഹിനികളുണ്ടാക്കാന്‍ സാധിക്കുന്ന ശേഷി ഇന്ത്യ അതിവേഗമാണ് കൈവരിച്ചതെന്നും ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവല്‍ ലെനെയ്നാണ് അഭിനന്ദനം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പണിപൂര്‍ത്തിയായ വിക്രാന്ത് കടലിലേക്ക് ഇറക്കിയത്. പരീക്ഷണ ഓട്ടത്തിനായി നാവികസേനയുടെ നേതൃത്വത്തില്‍ വിക്രാന്ത് യാത്രതുടങ്ങുകയും ചെയ്തു. അടുത്തവര്‍ഷം ആദ്യത്തോടെ വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി എന്ന നേട്ടമാണ് വിക്രാന്തിലൂടെ സ്വന്തമായത്. ഇന്ത്യയുടെ ഈ നേട്ടത്തിനാണ് പ്രശംസകള്‍ വരുന്നത്.
ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവല്‍ ലെനെയ്ന്‍ അറിയിച്ചത് ഇങ്ങനെ:'ഇന്ത്യക്ക് എല്ലാ അഭിനന്ദനങ്ങളും. വിമാനവാഹിനി നിര്‍മ്മാണ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം. വിക്രാന്തിന്റെ നിര്‍മ്മാണം ഏറെ പ്രതീക്ഷ നല്‍കുന്നു. ഫ്രാന്‍സിന്റെ ചാള്‍സ് ഡീ ഗൗലേ വിമാന വാഹിനിയുടെ നിരയിലേക്കാണ് വിക്രാന്ത് എത്തിയത്. സംയുക്ത സൈനിക അഭ്യാസ മേഖലയിലേക്ക് വിക്രാന്തിനെ ഉടന്‍ പ്രതീക്ഷിക്കുന്നു'