യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യയില്‍ നിന്നുള്ള യാത്രാക്കാരെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ എങ്കിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളിലൊന്നും എക്കോണമി ടിക്കറ്റുകള്‍ ലഭ്യമല്ല എന്നാണ് ലഭ്യമായ വിവരം. നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ആഗസ്ത് 12നുള്ള എമിറേറ്റ്സ് വിമാനത്തിന് 5,546 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ബിസിനസ്, ഫസ്റ്റ് ക്ലാസ്സുകളിലെ ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനൊപ്പം വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ നിരോധനത്തിനു മുമ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏകദേശം 300 പ്രതിവാര സര്‍വീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 50ല്‍ താഴെ സര്‍വീസുകള്‍ മാത്രമേ ഉള്ളൂ
10 ദിവസത്തോളം യാത്ര വൈകിപ്പിക്കാനാകുമെങ്കില്‍ അതാണ് നല്ലതെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ഉപദേശം. അതിനിടയില്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയും അതിലധികവും നല്‍കി ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ തിരക്കു കൂട്ടുന്നതിനാലാണ് നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത്. ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ വിമുഖത കാണിച്ചാല്‍ നിരക്കും കുറയും. ആഗസ്ത് 29ന് യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ എത്രയും വേഗം ഇവിടെയെത്താനാണ് പ്രവാസികള്‍ തിടുക്കം കൂട്ടുന്നത്.