പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അലി മന്‍സിലില്‍ അല്‍ അമീനെയാണ് (23) ഇന്‍സ്‌പെക്ടര്‍ പി.കെ.പത്മരാജന്റെ നേതൃത്വത്തിലുള്ള സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പോക്‌സോ കേസാണു ചുമത്തിയിരിക്കുന്നത്. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
2019 മുതല്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചാനല്‍ പരിപാടിയിലെ സ്ത്രീ അഭിനേതാക്കളുടെ ചിത്രങ്ങളും അശ്ലീല ട്രോളുകളും ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് എടുക്കാന്‍ തിരുവനന്തപുരം സൈബര്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകായിരുന്നു. തുടര്‍ന്ന് കേസ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന് കൈമാറി.
ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയാനും വൈകി. ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി അറിയിച്ചു. കോടതിയില്‍ ഹാജാരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.