ഈ വര്‍ഷം കുവൈത്തില്‍ നിന്നും നിരവധി അനധികൃത താമസക്കാരെ നാടു കടത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം മുതലാണ് ഇത്തരം അനധികൃതരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കിയത്.
ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളില്‍ 607 പ്രവാസികളേയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കുവൈത്തി ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്സ് വകുപ്പുകള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായവരാണിവര്‍. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്.
കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.