അതിശൈത്യത്തില്‍ പെട്ടിരിക്കുകയാണ് അമേരിക്ക. അമേരിക്കയിലും കാനഡയിലും മഞ്ഞാല്‍ നിറഞ്ഞ് വഴിയും വീടുകളുമെല്ലാം നിറഞ്ഞു. അമേരിക്കയില്‍ മഞ്ഞാല്‍ മൂടപ്പെട്ട് നിരവധി വീഡിയോ ആണ് ഇതുപോലെ പുറത്തു വരുന്നത്.
എന്നാല്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഇതുമൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അത് തെളിയിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മുഖം മുഴുവന്‍ തണുത്തുറഞ്ഞ മഞ്ഞ് പാളിയാല്‍ മൂടപ്പെട്ട ഒരു മാനിനെ ഒരു കൂട്ടം സഞ്ചാരികള്‍ രക്ഷപെടുത്തുന്നതാണ് വീഡിയോയിലുള്ളത്. മാനിന്റെ കണ്ണ്, വായ് എന്നിവയെല്ലാം ഐസിനാല്‍ മൂടപ്പെട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം.
തുറസ്സായ സ്ഥലത്ത് നിന്നിരുന്ന മാന്‍ മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും, മുഖത്തെ മഞ്ഞുപാളിയുടെ ഭാരക്കൂടുതലിനാല്‍ സാധിച്ചില്ല. കുറച്ച് ദൂരം ഓടിയ മാന്‍ ശ്വാസതടസ്സം മൂലം നിന്നു. ഉടനെ തന്നെ ആളുകള്‍ മാനിനെ പിടിച്ച്, മുഖത്ത് നിന്നും മഞ്ഞ് നീക്കം ചെയ്തു. രോമങ്ങള്‍ക്കിടയിലെ മഞ്ഞ് നീക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. വേദനയാല്‍ മാന്‍ പിടയുന്നതും കാണാം.
മുഖത്ത് ഐസ് മൂടപ്പെട്ടിരുന്നതിനാല്‍ അത് വരെ മാനിന് കണ്ണ് തുറക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത നിലയിലായിരുന്നു. ഇത്തരം കാലാവസ്ഥകളില്‍ മനുഷ്യന് ചെറുത്ത് നില്‍ക്കാന്‍ സാധിക്കുമെങ്കിലും, മൃഗങ്ങള്‍ എത്രത്തോളം നിസ്സഹായരാവുന്നു എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. നിരവധിയാളുകളാണ് സഞ്ചാരികളെ അഭിനന്ദിച്ചത്.