ലോകം പുതുവർഷത്തിന്റെ ആഘോഷ ലഹരിയിൽ മുങ്ങിയിരിക്കെ, മാഞ്ചസ്റ്ററിലെ പ്രശസ്‌തമായ കെയർ ഹോമിൽ വെളുപ്പിനെ വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി.
ജനുവരി 1 പുലർച്ചെ 3 മണിക്കുമുമ്പ് ഓൾഡ്ഹാമിലെ ഷാവിലുള്ള ഒരു കെയർ ഹോമിലാണ് ദാരുണ സംഭവം. കെയർ ഹോമിൽ നുഴഞ്ഞു കയറിയ ആക്രമിയാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ജോലിചെയ്യുന്ന സ്ഥാപനമാണിത്. ആക്രമിയെ സ്റ്റാഫുകൾ തടഞ്ഞുവയ്ക്കുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.
കെയർഹോം പരിസരത്ത് അജ്ഞാതനായ ഒരു പുരുഷന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് അധികൃതർ വിളിച്ചതായി വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചു, സംഭവസ്ഥലത്തുനിന്ന് 21 കാരനായ ഒരു യുവാവിനെ പിടികൂടിയതായും പോലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കുമായി ഇയാളെ ചോദ്യം ചെയ്തുവരുന്നു. പോലീസെത്തിയപ്പോൾ, ബലാത്സംഗം ചെയ്യപ്പെട്ടതിനു പുറമെ ക്രൂരമായ ആക്രമത്തിനും വൃദ്ധ ഇരയായിരുന്നതായി പറയുന്നു.
പരുക്കേറ്റ വയോധിക ഗുരുതരാവസ്ഥയിൽ ആണെന്നും ആശുപത്രിയിൽ ഇന്റെൻസീവ് കെയറിൽ ആണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓർമ്മകുറവുള്ള ഇവരെ മുറിയിൽ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു.
നിലവിൽ ഈ കെയർഹോമിലെ മറ്റ് അന്തേവാസികളെല്ലാം സുരക്ഷിതരാണെന്നും ഗ്രെയ്റ്റർ മാഞ്ചെസ്റ്റർ പോലീസ് അറിയിച്ചു. അന്തേവാസികളുടെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
"ഇപ്പോൾ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഇരയെയും അവളുടെ പ്രിയപ്പെട്ടവരെയും ഒരു പ്രയാസകരവും വിഷമകരവുമായ സമയത്ത് പിന്തുണയ്ക്കുന്നു, അവർ ഞങ്ങളുടെ അന്വേഷണത്തെ സഹായിക്കുന്നു.” ജിഎംപിയുടെ ഓൾഡ്ഹാം ഡിസ്ട്രിക്റ്റിലെ സൂപ്രണ്ട് ഫിലിപ്പ് ഹച്ചിൻസൺ പറഞ്ഞു.
യൂണിഫോമിലും അല്ലാതെയും പോലീസ് ഉദ്യോഗസ്ഥരെ കെയർഹോമിൽ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നതും അഞ്ച് പോലീസ് വാഹനങ്ങൾ കിടക്കുന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ കാണാം.
കെയർഹോമിലെ നഴ്‌സുമാരും കെയറർമാരും അടക്കമുള്ള സ്റ്റാഫുകളും സംഭവശേഷം കടുത്ത ആശങ്കയിലാണ്. ഇതുപോലൊരു സംഭവം ഇതിനുമുമ്പ് അവിടെ നടന്നിട്ടില്ലെന്നും സ്റ്റാഫുകൾ അറിയിച്ചു.