കേട്ടാല്‍ തന്നെ ഞെട്ടുന്ന തരത്തിലുള്ള ഒരു കൊലപാതകമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയുടെ കാമുകന് ഭര്‍ത്താവിനെ കത്തിച്ച് കൊന്ന സംഭവത്തിന് പിന്നിലുള്ള സത്യാവസ്ഥ ഏറെ ഭയാനകമാണ്.
ഡല്‍ഹിയിലെ വസീരബാദില് ശനിയാഴ്ചയാണ് യുവാവ് അറസ്റ്റിലായത്. റാഷിദ് എന്നയാളാണ് കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇയാളുടെ ശരീരം സംഭവ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുക്കുന്നത്. റഷീദ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തായ മുനിഷ്ദിന് അറസ്റ്റിലായതോടെയാണ് സംഭവത്തിന് പിന്നലുള്ള കാരണം വ്യക്തമാകുന്നത്.
റഷീദും മുനിഷ്ദിനും വസീരാബാദ് സ്വദേശികളാണ്. ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. മുനിഷ്ദിന് പ്ളംബറും റാഷിദ് ഇലക്ട്രീഷ്യനുമായിരുന്നു. സുഹൃത്തുക്കളായതോടെ രണ്ടു പേരും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുക പതിവായി. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ റഷീദിന്റെ ഭാര്യയുമായി പ്രണയത്തിലായി. റാഷിദ് മദ്യപിച്ചെത്തി ഭാര്യയെ തല്ലുമായിരുന്നു. ഇതില്‍ മനംമടുത്ത റാഷിദിന്റെ ഭാര്യ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ മുനിഷ്ദിനുമായി ചേര്‍ന്ന് പദ്ധതിയിട്ടു.
കഴിഞ്ഞ പത്തുപതിനഞ്ച് ദിവസമായി റാഷിദിനെ ഒഴിവാക്കാന്‍ ഭാര്യ മുനിഷ്ദിനെ സ്ഥിരമായി പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പദ്ധതി പ്രകാരം മുനിഷ്ദിന് റാഷിദിനെ റാം ഘട്ടിലെത്തിക്കുകയും ഇരുവരും ചേര്‍ന്ന് മദ്യപിച്ചതിനുശേഷം പേനാക്കത്തി ഉപയോഗിച്ച് കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
ജനുവരി രണ്ടിന് റാം ഘട്ടിന് സമീപത്തായി 90 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. സമീപത്തുനിന്ന് പേനാക്കത്തിയും തീപ്പെട്ടിയും കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുനിഷ്ദിന് പിടിയിലാവുന്നത്. പ്രദേശത്തെ സിസിടിവിയിലെ തെളിവാണ് പോലീസിനെ മുനിഷ്ദിലേക്ക് എത്തിച്ചത്.