വിമാനത്തില്‍ യുവാവ് മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് അടക്കമുള്ള സംഭവങ്ങള്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സാഹചര്യത്തില്‍ വിമാനത്തിനകത്തെ മദ്യനയം പുതുക്കി എയര്‍ ഇന്ത്യ.
യാത്രക്കാര്‍ വീണ്ടും മദ്യം ആവശ്യപ്പെടുകയാണെങ്കില്‍, തന്ത്രപരമായി അത് നല്‍കാതിരിക്കാന്‍ ശ്രമിക്കണം എന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുതിയ നിയമങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തായിട്ടില്ലെങ്കിലും കിട്ടുന്ന സൂചനകള്‍ പറയുന്നത് കാബിന്‍ ക്രൂ നല്‍കുന്ന മദ്യമല്ലാതെ മറ്റൊരു മദ്യം വിമാനത്തിനകത്ത് കഴിക്കാന്‍ സമ്മതിക്കില്ല എന്നാണ്.
കൂടുതല്‍ മദ്യം കഴിക്കുന്നവരെയും, മദ്യം കഴിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്നവരെയും ജീവനക്കാര്‍ നിരീക്ഷിക്കും. ഇക്കൂട്ടര്‍ വീണ്ടും മദ്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇവരെ തന്ത്രപൂര്‍വം ഒഴിവാക്കും. ഈ നയമായിരിക്കും എയര്‍ ഇന്ത്യ പിന്തുടരുക എന്നറിയുന്നു.
ജനുവരി 19 ന് നിലവില്‍ വന്ന പോളിസി പ്രകാരം
മദ്യപിച്ച യാത്രക്കാരനെ 'മദ്യപാനി' എന്ന് അഭിസംബോധന ചെയ്യരുതെന്നും നയത്തില്‍ കാര്യം പറഞ്ഞ് മനസിലാക്കണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ട്. മദ്യപിച്ച യാത്രക്കാരന്‍ ശബ്ദമുയര്‍ത്തിയാല്‍ ജീവനക്കാരന്‍ മെല്ലെ സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സന്തോഷത്തിനായി മദ്യം കഴിക്കുന്നതും എന്നാല്‍ മദ്യപിച്ച് ലക്കുകെടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും തടസവും സൃഷ്ടിക്കുമെന്ന് തോന്നിയാല്‍ മദ്യപിക്കുന്നവരെ നിരുല്‍സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തില്‍ പറയുന്നു.
യാത്രക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രതപുലര്‍ത്തണം. ഇത്തരക്കാരെ പച്ച, മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങളില്‍പ്പെടുത്താം. ചുവപ്പ് വിഭാഗത്തില്‍പ്പെടുന്നവരോട് വിട്ടുവീഴ്ചപാടില്ല.
'മദ്യപാനീയങ്ങള്‍ നല്‍കുന്നത് ന്യായമായും സുരക്ഷിതമായും ആയിരിക്കണം. നയം അനുസരിച്ച് ഒരു അതിഥി മദ്യം (കൂടുതല്‍) വിളമ്പാന്‍ വിസമ്മതിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് കാരിയറുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുഎസ് നാഷണല്‍ റെസ്റ്റോറന്റ്സ് അസോസിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നും ആവശ്യമായവ എടുത്താണ് എയര്‍ ഇന്ത്യ ഇന്‍-ഫ്ലൈറ്റ് മദ്യ സേവന നയം അവലോകനം ചെയ്തതായി ഒരു പ്രസ്താവനയില്‍ എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
'ഇവ പ്രധാനമായും എയര്‍ ഇന്ത്യയുടെ നിലവിലുള്ള സമ്പ്രദായത്തിന് അനുസൃതമായിരുന്നു, വ്യക്തതയ്ക്കായി ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്, കൂടാതെ ലഹരിയുടെ സാധ്യമായ കേസുകള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും ക്രൂവിനെ സഹായിക്കുന്നതിന് എന്‍ആര്‍എയുടെ ട്രാഫിക് ലൈറ്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ''പുതിയ നയം ക്രൂവിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനും എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, മദ്യം നല്‍കുന്നത്തില്‍ ഉത്തരവാദിത്തോടെ പെരുമാറുന്നതുള്‍പ്പെടെ നയത്തില്‍ ഉള്‍പ്പെടുന്നതായി വക്താവ് പറഞ്ഞു.
വിമാനത്തില്‍ ചില യാത്രക്കാരുടെ മോശം പെരുമാറ്റങ്ങളെത്തുടര്‍ന്ന് എയര്‍ ഇന്ത്യക്കെതിരേ ഈയിടെ വ്യാപകവിമര്‍ശനമാണുയര്‍ന്നത്. മൂന്നു സംഭവങ്ങളിലായി വ്യോമയാനനിയന്ത്രകരായ ഡി.ജി.സി.എ. കമ്പനിക്ക് 40 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.