മലയാളികടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ യുകെ സ്വപ്‌നത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഋഷി സുനക് ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍ പദ്ധതിയിട്ടത്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. പഠന ശേഷമുള്ള താമസ കാലയളവ് കുറയ്ക്കല്‍, ആശ്രിത വിസയ്ക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. തുടര്‍ പഠനത്തിന് എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കം ചെലവ് രണ്ടുവര്‍ഷം യുകെയില്‍ ജോലി ചെയ്ത് സമ്പാദിക്കാനാകും. ഇതു ആറു മാസമായി കുറക്കാനാണ് നിര്‍ദ്ദേശം. ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സിലേക്കെക്കുള്ള പഠനത്തിനായി ചേര്‍ന്നാല്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനാകൂ എന്നാണ് പദ്ധതിയിലെ മറ്റൊരു തീരുമാനം.
എന്നാല്‍ നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കപ്പെടാനില്ല എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇവിടെ ഒരു നിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ തീര്‍ച്ചയായും അതിനു മുന്‍കാല പ്രാബല്യം നല്‍കാനുള്ള സാധ്യത തീരെ കുറവാണു എന്നതും, യൂണിവേഴ്‌സിറ്റിയും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉള്ള കരാറിലും രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി സ്റ്റേ ബാക്ക് വ്യക്തമായി പറയുന്നതിനാല്‍ നിലവില്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയെ പോലും ഇത് ബാധിക്കാനിടയില്ല എന്നാണ് സൂചന. നിലവില്‍ പോസ്റ്റ് സ്റ്റഡിക്കു അപേക്ഷിക്കാന്‍ ഉള്ളവര്‍ കാലതാമസം കൂടാതെ അത് ചെയ്യുന്നതാകും ഉചിതം.
അതേസമയം ഇപ്പോള്‍ നാട്ടില്‍ നിന്നും യുകെ അണയാന്‍ നീക്കം നടത്തുന്ന വിദ്യാര്‍ഥികള്‍ ന്യായമായും ആശങ്കപ്പെടണം. കാരണം പഠന ശേഷം രണ്ടു വര്‍ഷം കൂടി യുകെയില്‍ നിന്ന് പഠിക്കാന്‍ ചിലവാക്കിയ കാശ് എന്ത് പണിയും ചെയ്തു തിരികെ പിടിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നവര്‍ പോസ്റ്റ് സ്റ്റഡി കാലാവധി വെട്ടിക്കുറച്ചാല്‍ വന്‍ തിരിച്ചടിയാകും സമ്മാനിക്കുക എന്നത് തന്നെ.