തായ്വാനിലേക്കുള്ള ചൈനീസ് കടന്നുകയറ്റം വ്യാപകമാകുന്നതിനിടെ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ വ്യോമസേന ജനറല്‍ മൈക്കിള്‍ മിനിഹാനാണ് സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള കത്തില്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. യുദ്ധത്തിനായി സജ്ജമായിരിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
നേരത്തേ തന്നെ ചൈനയുടെ തായ്വാന് കടന്നുകയറ്റത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്യണമെന്നാണ് യു എസ് വ്യോമസേനയുടെ എയര്‍ മൊബിലിറ്റി കമാന്റ് മേധാവി കൂടിയായ മൈക്കിള്‍ മിനിഹാന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കത്ത് പുറത്തുവന്നതോടെ വിമര്‍ശനവുമായി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ രംഗത്തെത്തി. കത്തില്‍ പറയുന്നത് അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
തായ്വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തേ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തായ്വാന് കടലിടുക്കിന് സമീപം ചൈന സൈനിക നടപടികള്‍ ശക്തിപ്പെടുത്തുന്നത് തായ്വാനിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്നാണ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെയാണ് കത്ത് പുറത്തുവന്നത്.