ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് 4.8 മില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടോറി ചെയര്‍മാന്‍ നാദിം സഹാവിയെ പുറത്താക്കി. ടാക്‌സ് ബില്ലിന്റെ ഭാഗമായി എച്ച്എംആര്‍സിക്ക് പെനാല്‍റ്റി അടച്ചതായി വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രി റിഷി സുനക് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. സഹാവി നികുതി ഇനത്തില്‍ നല്‍കേണ്ട തുക, പിഴയും ചേര്‍ത്ത് £ 4.8 മില്യണ്‍ ആണ്. എന്നാല്‍ ഇത് വെട്ടിക്കാനാണ് ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ശ്രമം നടത്തിയത്.
അതേസമയം,വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, വാര്‍ത്തകള്‍ കെട്ടിചമച്ചതാണെന്നുമാണ് സഹാവി പറയുന്നത്. ഇതേ തുടര്‍ന്ന് റിഷി സുനക് അദ്ദേഹത്തിന്റെ നൈതിക ഉപദേഷ്ടാവ് ലോറി മാഗ്‌നസിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, നികുതിയിനത്തില്‍ ഭീമമായ തുക സഹാവി വെട്ടിച്ചെന്നാണ് ലോറി മാഗ്‌നസ് സമര്‍പ്പിച്ച നാലു പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കത്ത് മുഖേനയാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത സമയത്ത് തന്നെ സര്‍ക്കാര്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായി റിഷി സുനക് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.