ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ലാഭകരമായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി ബ്രിട്ടീഷ് എയര്‍ വെയ്‌സ്. ബ്രാന്‍ഡ് ന്യൂ വിമാനങ്ങള്‍ തന്നെ റൂട്ടിലിറക്കി പരമാവധി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പുതിയ സര്‍വീസുകള്‍ എത്തുന്നതോടെ ഈ മേഖലയിലെ മത്സരം ശക്തമാകുന്നത് യുകെ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷ.
പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഏതു സമയത്തും യാത്രയ്ക്ക് വിമാനത്തെ ആശ്രയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. നിലവില്‍ മുംബൈയിലേക്ക് രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആകര്‍ഷകമായ പാക്കേജുകള്‍ ഉണ്ടാകുമെന്നും യാത്രക്കാര്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ 56 സര്‍വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് പ്രധാന റൂട്ടുകള്‍.
ബ്രിട്ടീഷ് എയര്‍വേയ്‌സ് യുകെയിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാണ് പുതിയ സര്‍വീസുകളുടെ സമയം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് വേനല്‍ അവധിക്ക് നാട്ടിലെത്തുന്ന ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. 1500 പൗണ്ട് ചിലവാണ് മുന്‍ വര്‍ഷങ്ങളില്‍ ആയത്. ഇത്തവണ അത് 1000 ത്തില്‍ നിന്നേക്കും. ബ്രിട്ടനില്‍ നിന്നും എയര്‍ ഇന്ത്യ ഒന്‍പത് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ അഞ്ചു കേന്ദ്രങ്ങളിലേയ്ക്കാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ എത്താന്‍ പോകുന്നത്.