അധ്യാപകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബുധനാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. കുട്ടികളുടെ പഠനത്തെ ബാധിക്കും എന്നതിലുപരി ഇത് മാതാപിതാക്കള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും നല്‍കുന്നത് കനത്ത തിരിച്ചടിയായിരിക്കും. ഈ സമരം മൂലം പല മാതാപിതാക്കള്‍ക്കും ജോലിക്ക് പോകാതെ കുട്ടികളെ നോക്കാന്‍ വീട്ടിലിരിക്കേണ്ട സാഹചര്യം ഉടലെടുത്തേക്കും.
ബുധനാഴ്ച ഒരു ദശകത്തിനിടെ ആദ്യമായി ഏറ്റവും വലിയ പണിമുടക്ക് നടക്കുമ്പോള്‍ 23,000-ലേറെ സ്‌കൂളുകളെയാണ് ബാധിക്കുക. മിക്ക ഭാഗങ്ങളിലും സ്‌കൂളുകള്‍ അടച്ചിടും. ഏഴു ദിവസങ്ങളായുള്ള പണിമുടക്കാണ് നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നത്. അതില്‍ ആദ്യത്തെയാണ് ബുധനാഴ്ച നടക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങളാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത്. ആദ്യ ദിനത്തില്‍ 150,000 അധ്യാപകരെങ്കിലും പണിമുടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്‍ഇയുവിന്റെ 3 ലക്ഷം അംഗങ്ങളില്‍ 90 ശതമാനം പേരും ബുധനാഴ്ചയിലെ പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സാരമായി ബാധിക്കപ്പെടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ സുരക്ഷയെ കരുതി പൂര്‍ണ്ണമായി അടച്ചിടുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളുടെ പഠനവും സുരക്ഷയും ഉറപ്പാക്കാന്‍ പണിമുടക്കുമായി മുന്നോട്ടുപോകുന്ന അധ്യാപകര്‍ സ്‌കൂള്‍ മേധാവികളെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പണിമുടക്കുമായി സഹകരിക്കുന്ന അധ്യാപകര്‍ നേരത്തെ സ്‌കൂള്‍ മേധാവികളെ അറിയിക്കാനുള്ള ബാധ്യത ഇല്ലെന്നാണ് യൂണിയനുകളുടെ നിലപാട് .
കുട്ടി പഠിക്കുന്ന സ്‌കൂളില്‍ സമരം ആണെങ്കില്‍, സമരം മൂലം സ്‌കൂള്‍ അടച്ചിടുകയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയും. അതുപോലെ കുട്ടിക്ക് 18 വയസ്സു തികയുന്നതിനു മുന്‍പായി 18 ആഴ്ച്ചക്കാലത്തെ പാരെന്റല്‍ ലീവിനും രക്ഷിതാക്കള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ മാത്രമെ ഈ ലീവിന് അര്‍ഹതയുണ്ടാവുകയുള്ളു. ഈ അവധികള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കാന്‍ തൊഴിലുടമക്ക് ആകില്ല. എന്നാല്‍, അവധിയിലുള്ള സമയത്ത് നിങ്ങള്‍ക്ക് വേതനം നല്‍കണമോ എന്നത് തൊഴിലുടമയുടെ അധികാര പരിധിയില്‍ പെട്ട കാര്യമാണ്.