രാജ്യത്ത് സമസ്ത മേഖലകളിലം ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ വാട്ടര്‍ ബില്ല് മാത്രം വേറിട്ടു നില്‍ക്കുന്നതെങ്ങനെ? 20 വര്‍ഷത്തിനിടെ വാട്ടര്‍ ബില്ലുകള്‍ കുതിച്ചുയരാന്‍ വഴിയൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ചില സ്ഥാപനങ്ങള്‍ 10 ശതമാനത്തിലേറെ വര്‍ദ്ധനവാണ് അടിച്ചേല്‍പ്പിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഒരു ശരാശരി കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 448 പൗണ്ടില്‍ എത്തുമെന്ന് വ്യവസായ സംഘടനയായ വാട്ടര്‍ യുകെ അറിയിച്ചു. 7.5% വര്‍ധന അര്‍ത്ഥമാക്കുന്നത് ഉപഭോക്താക്കള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 31 പൗണ്ട് കൂടുതല്‍ നല്‍കുമെന്നാണ്.
അഞ്ചില്‍ ഒരാള്‍ക്ക് പണമടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഈ വര്‍ദ്ധനവ് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ഞെരുക്കുമെന്ന് ഉപഭോക്തൃ ഗ്രൂപ്പുകള്‍ പറഞ്ഞു. എന്നാല്‍ മിക്ക ഉപഭോക്താക്കളുടെയും വര്‍ദ്ധനവ് പണപ്പെരുപ്പത്തിന് താഴെയായിരിക്കുമെന്ന് വാട്ടര്‍ യുകെ പറയുന്നു. യുകെയിലെ മൊത്തത്തിലുള്ള വിലക്കയറ്റത്തിന്റെ അളവ് ഡിസംബറില്‍ 10.5% ആയിരുന്നു. ഏപ്രില്‍ മുതല്‍ ഭക്ഷ്യ, എനര്‍ജി ചെലവേറുന്നത് മൂലം ശരാശരി കുടുംബങ്ങളുടെ ചെലവില്‍ 500 പൗണ്ടിലേറെ വര്‍ദ്ധിക്കുമ്പോള്‍ വെള്ളത്തിന്റെ ബില്ലും ഉയരുന്നത് കനത്ത തിരിച്ചടിയാകുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സൗത്ത് കോസ്റ്റില്‍ കടലിലേക്ക് മാലിന്യം ഒഴുക്കിയതിന് 90 മില്ല്യണ്‍ പൗണ്ട് തുക ഫൈന്‍ അടയ്ക്കേണ്ടി വന്ന സതേണ്‍ വാട്ടര്‍ ബില്ലുകള്‍ 10.8 ശതമാനം വര്‍ദ്ധിപ്പിക്കും. ഇതോടെ ശരാശരി ബില്ലുകള്‍ 43 പൗണ്ട് വര്‍ദ്ധിച്ച് 439 പൗണ്ടിലെത്തും. ആംഗ്ലിക്കനാണ് രണ്ടാമത്തെ വലിയ വര്‍ദ്ധന നടപ്പാക്കുക, 10.5 ശതമാനം. നദികളെ മലിനമാക്കിയതിനും, ലീക്ക് ശരിയാക്കാന്‍ പരാജയപ്പെട്ടതിനും വിമര്‍ശനം നേരിട്ട തെയിംസ് വാട്ടര്‍ 9.3 ശതമാനമാണ് നിരക്ക് വര്‍ദ്ധിപ്പിക്കുക. വെസെക്സ് വാട്ടര്‍ 9 ശതമാനവും നിരക്ക് കൂട്ടും.