സാധാരക്കാരന്റെ വയറ്റത്തടിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റിയുടെ പുതിയ തീരുമാനം. പലിശ നിരക്ക് 3.5 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപനം നടത്തിയിരിക്കുന്നു. തുടര്‍ച്ചയായുള്ള പത്താമത്തെ പലിശനിരക്ക് വര്‍ദ്ധിപ്പിക്കലാണിത്. മോണിറ്ററി പോളിസ് കമ്മിറ്റി (എം പി സി) യിലെ 9 അംഗങ്ങളില്‍ 7 പേര്‍ ഇതിനോട് യോജിച്ചപ്പോള്‍ 2 പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
2022 ഡിസംബറില്‍ യുകെയിലെ പണപ്പെരുപ്പം 10.5 ശതമാനത്തിലെത്തി. തുടര്‍ന്നാണ് പലിശ നിരക്ക് ഉയര്‍ത്തി പണപ്പെരുപ്പം ലഘൂകരിക്കുന്നതിനുള്ള നടപടി കൈകൊണ്ടതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വ്യക്തമാക്കുന്നത്. വായ്പയെടുക്കുന്നവരില്‍ നിന്ന് പണം ഈടാക്കുന്നതിനും ലാഭിക്കുന്നവര്‍ക്ക് പണം നല്‍കുന്നതിനും ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉപയോഗിക്കുന്നു.
പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിക്കുമോ എന്നുള്ളതാണ് ഇപ്പോള്‍ ആളുകളുടെ മനസ്സില്‍ ഉയരുന്ന ചോദ്യം. സാധാരണയായി, ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് നേരിട്ട് അടിസ്ഥാന നിരക്കാണ് പിന്തുടരുന്നത്. യുകെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കിലേക്ക് അടുക്കുകയാണെന്നും ബാങ്ക് സൂചന നല്‍കുന്നുണ്ട്.
മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് തിരിച്ചടി സമ്മാനിക്കുമെങ്കിലും സേവിംഗ്സുകാരെ സംബന്ധിച്ച് ഇത് സന്തോഷവാര്‍ത്തയാണ്.
വേരിയബിള്‍ ഡീലുകള്‍ എടുത്തിട്ടുള്ള മോര്‍ട്ട്ഗേജുകാര്‍ക്ക് ഇത് കനത്ത വേദന സമ്മാനിക്കും. ഈ വര്‍ഷം ഫിക്സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്കും വര്‍ദ്ധനയുടെ തിരിച്ചടി നേരിടേണ്ടി വരും. അതേസമയം സേവിംഗ്സ് ഉള്ളവരുടെ അക്കൗണ്ടിലേക്ക് ഉയര്‍ന്ന തോതില്‍ പലിശ നിരക്കുകള്‍ എത്തിക്കാനും ഈ നീക്കം വഴിയൊരുക്കും.
ഇപ്പോള്‍ നാല് ശതമാനമാക്കി ഉയര്‍ത്തിയ് അടിസ്ഥാന നിരക്ക് അടുത്ത മാസം 4.25 ശതമാനമോ 4.5 ശതമാനമോ ആയി വര്‍ദ്ധിക്കാന്‍ ഇടയുണ്ട് എന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. പിന്നീട് ഇത് കുറയാന്‍ തുടങ്ങും എന്നും അവര്‍ പറയുന്നു.