കേവലം 24 മണിക്കൂറിനിടയില്‍ മരണം കവര്‍ന്നെടുത്തത് 3 യുകെ മലയാളികളുടെ ജീവന്‍. ലൂട്ടനിലെ പതിനാറുകാരി കയേലയുടെ മരണത്തിനു പിന്നാലെ നോട്ടിംഗ് ഹാമിലെ പ്രസന്ന വിജയനും ന്യൂ മില്‍ട്ടണിലെ പോളി മാഞ്ഞൂരാനും ആണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിടപറഞ്ഞത്.
നോട്ടിംഗ് ഹാമില്‍ താമസിക്കുന്ന വിജയന്‍ ശ്രീധരന്‍ നായരുടെ ഭാര്യയാണ് പ്രസന്ന വിജയന്‍. കേരളത്തില്‍ ഇടയാറന്‍മുളയാണ് സ്വദേശം. ഏറെക്കാലം നഴ്‌സായി ജോലി ചെയ്തിരുന്ന പ്രസന്ന കോവിഡു പടര്‍ന്നതിനെ തുടര്‍ന്ന് കാര്യമായി ആരോടും അടുത്തിടപഴകാതെ കഴിയുക ആയിരുന്നു. ശ്വാസകോശ അസുഖം ഉണ്ടായിരുന്നു എന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഉടന്‍ എന്‍എച്ച്എസ് അധികൃതരും പരിശോധിക്കും. കോവിഡിന് ശേഷം പ്രസന്ന കൂടുതല്‍ ക്ഷീണിതയായി കാണപ്പെടുകയും ആയിരുന്നു. രണ്ടു മക്കളാണ് പ്രസന്നയ്ക്കും വിജയനും ഉള്ളത്. മകന്‍ ആസ്വിനും മകള്‍ ദീപ്തിയും. ഇരുവരും വിവാഹിതരാണ്. മരുമക്കള്‍ വാണി, അനീഷ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഹാംഷെയറിലെ ന്യൂ മില്‍ട്ടനില്‍ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാന്‍ വീട്ടില്‍ പോളി മാഞ്ഞൂരാന്‍ (55 ) ആണ് ഇന്നലെ വിടവാങ്ങിയ മറ്റൊരാള്‍. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോണ്‍മൗത്ത് റോയല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
മുന്‍പ് കട നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോള്‍ സൗത്ത് വെസ്റ്റിലെ പട്ടണങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കു വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന ബിസിനസ്സില്‍ സജീവം ആയിരുന്നതിനാല്‍ അനേകം പേര്‍ക്ക് അടുത്തറിയാവുന്ന ആള്‍ കൂടിയാണ് വിടപറഞ്ഞിരിക്കുന്നത്. അടുത്തിടെ ചികിത്സാ സംബന്ധമായി നാട്ടില്‍ പോയിട്ടു വന്ന പോളി മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ വച്ച് തന്നെ അസുഖബാധിതനായി എന്നാണ് കരുതപ്പെടുന്നത്. ഭാര്യ ഷീബ. മക്കള്‍ ഗ്രേയ്‌സ്, റോസ്, പോള്‍. സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.
പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലൂട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടിരുന്നു. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ ആയിരുന്നു കയേല.