പ്രധാനമന്ത്രി പദത്തില്‍ 100 ദിനങ്ങള്‍ പിന്നിട്ട് ഋഷി സുനക്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാക്കുകള്‍ പ്രകാരം ഏതൊരു നേതാവിന്റെയും ആദ്യ 100 ദിവസങ്ങളാണ് വിജയത്തെയും പരാജയത്തെയും നിര്‍വചിക്കുന്നത്. ട്രസിനോട് ആദ്യഘട്ടത്തില്‍ ദാരുണമായി തോറ്റെങ്കിലും, പിന്നീട് ആ സ്വപ്ന ചുമതലയിലേക്ക് അദ്ദേഹം തിരിച്ചു വരികയായിരുന്നു. ഏറെ പ്രതിസന്ധികള്‍ രാജ്യം നേരിട്ട സമയത്താണ് അദ്ദേഹം പ്രധാനമന്ത്രി ആകുന്നത്. ലിസ് ട്രസ് രാജിവെച്ചു ഒഴിയുമ്പോള്‍ രാജ്യം സാമ്പത്തികവും, മറ്റ് പലതരത്തിലുള്ള പ്രയാസങ്ങളിലും ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധി ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കണ്ടത്. ബോറിസ് ജോണ്സന് ശേഷം കടന്ന് വന്ന ട്രസ്, പ്രതിസന്ധികളെ തരണം ചെയ്യാതെ വന്നപ്പോഴാണ് രാജി സമര്‍പ്പിച്ചത്.
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കയറിവരേണ്ടത് തന്റെ 'ധര്‍മ്മമായാണ്' കരുതിയതെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി 100 ദിവസം തികച്ചുവെന്നത് തന്നെ അഭിമാനകരമായ നേട്ടമാണ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കും, മുന്‍ഗാമി ലിസ് ട്രസിന്റെ 45 ദിവസത്തെ കാലയളവിനും ശേഷം ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത് എന്ത് കൊണ്ടെന്നാണ് പിയേഴ്സ് മോര്ഗന് ടോക്ക് ടിവി അഭിമുഖത്തില്‍ ഋഷിയോട് ചോദിച്ചത്.
'എന്നെ സംബന്ധിച്ച് ഇതെന്റെ ഡ്യൂട്ടിയാണ്. ഹിന്ദുത്വത്തില്‍ ധര്‍മ്മം എന്നൊരു ആശയമുണ്ട്. ഡ്യൂട്ടി എന്നര്‍ത്ഥം വരുന്ന കാര്യം. നിങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നിവയാണ് ഇതില്‍ വരുന്നത്', ഋഷി മറുപടി നല്കി. ഇത് ദുഃസ്വപ്നം പോലൊരു ജോലിയാണെങ്കിലും, എനിക്ക് ഒരു വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നി, മോര്‍ട്ട്ഗേജ് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന അനുഭവങ്ങള്‍, ഇതെല്ലാം കണ്ടുകൊണ്ടാണ് ഞാന്‍ വെല്ലുവിളി നേരിടാന്‍ മുന്നിട്ടിറങ്ങിയത്. സേവനത്തില്‍ ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു, രാജ്യത്തിനായി മാറ്റം കൊണ്ടുവരാമെന്നും കരുതുന്നു, ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക രംഗത്തെ ഉണര്‍ത്തുക എന്നുള്ളതായിരുന്നു സുനകിന്റെ പ്രധാന ചുമതല. സ്ഥിരത, ശാന്തത, കഴിവ് എന്ന മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്ന് ആ സമയത്ത് ഒരു എംപി വാദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലയിലും സമൂലമായ മാറ്റം കാണാന്‍ സാധിക്കുമെന്നും, ജനങ്ങള്‍ക്ക് നല്കിയ വാക്ക് അദ്ദേഹം പാലിച്ചെന്നുമാണ് ഒരു കൂട്ടര് പറയുന്നത്. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന വര്‍ത്തമാനകാലത്ത് സുനകിന്റെ ഇടപെടല്‍ ചെറുതല്ലെന്നും അനുകൂലികള്‍ അഭിപ്രായപ്പെടുന്നു.