ഇന്ത്യാക്കാര്‍ക്കുള്ള സെര്‍ബിയയിലെ വിസ ഫ്രീ യാത്രാ സൗകര്യം ഉപയോഗിച്ച് ചെറു ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്ത് അനധികൃത അഭയാര്‍ത്ഥികളായിഎത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍. ഇത്തരത്തില്‍ യു കെയില്‍ എത്തിയാല്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് യു കെയിലെ ആഭ്യന്തര ഫീസില്‍ ഇവിടെ പഠനം നടത്താന്‍ കഴിയും. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടുന്ന അന്താരാഷ്ട്ര ഫീസിനേക്കാള്‍ വളരെ കുറവാണിത്. ഇതാണ് അതി സാഹസികമായ മാര്‍ഗ്ഗം തേടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. ജനുവരി 1 മുതല്‍ക്കുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 250 ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ യു കെയില്‍ എത്തിയിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.
ഈ വര്‍ഷം ഇതുവരെ ചാനല്‍ വഴി യു കെയില്‍ എത്തിയ അഭയാര്‍ത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അഞ്ചിലൊന്ന് വരും ഇത്. ഇതുവരെ ഈ വര്‍ഷം 1,180 പേരാണ് ഈ മാര്‍ഗത്തിലൂടെ യു കെയില്‍ എത്തിയിരിക്കുന്നത്. ഈ നടപടി ഇനിയും തുടര്‍ന്നേക്കാമെന്നും, ഇനിയും ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഇവിടെ എത്തിയേക്കാമെന്നുമാണ് അധികൃതരുടെ ആശങ്ക. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒന്‍പത് മാസങ്ങളില്‍ 233 ഇന്ത്യന്‍ അഭയാര്‍ത്ഥികളായിരുന്നു ചാനല്‍ കടന്നെത്തിയത്. ഇന്ത്യാക്കാര്‍ക്കുള്ള സെര്‍ബിയയിലെ വിസ ഫ്രീ യാത്രാ സൗകര്യമാണ് ഇതിന് കൂടുതല്‍ സഹായകരമാകുന്നത് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
നേരത്തേയുള്ള ഒരു കരാര്‍ പ്രകാരം ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുള്ള ആര്‍ക്കും സെര്‍ബിയയില്‍ എത്തി 30 ദിവസം വരെ തങ്ങാം, വിസ ആവശ്യമില്ല. ഏതായാലും ഈ സൗകര്യ്ം ജനുവരി 1 ഓടുകൂടി നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനിടയില്‍ ഇവിടെയെത്തിയ ധാരാളം ഇന്ത്യാക്കാര്‍ യൂറോപ്യന്‍ യൂണിയനിലൂടെ യു കെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട് എന്ന് അധികൃതര്‍ വിശ്വസിക്കുന്നു.
ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ യു കെയിലെത്തി പഠനം തുടരണമെങ്കില്‍, സ്റ്റുഡന്റ് വിസക്കായി 363 പൗണ്ട് ഫീസ് നല്‍കണം പിന്നെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജായി 940 പൗണ്ടും. അതുകൂടാതെ പ്രതിവര്‍ഷം ശരാശരി 22,000 പൗണ്ടാണ് ഒരു വിദേശ വിദ്യാര്‍ത്ഥിക്കുള്ള ഫീസ്. എന്നാല്‍, അഭയാര്‍ത്ഥികളയി എത്തുന്നവര്‍ അവരുടെ അപേക്ഷ പരിഗണിക്കേണ്ട സമയത്ത് പഠനം തുടരുകയാണെങ്കില്‍ യു കെ പൗരന്മാര്‍ക്ക് ബാധകമായ ഫീസ് നല്‍കിയാല്‍ മതി. ഇത് കേവലം 9,250 പൗണ്ട് മാത്രമാണ്. ഇവരെ യു കെയില്‍ എത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയക്ക് നല്‍കേണ്ടി വരിക പരമാവധി 3,500 പൗണ്ടും. ഇതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്. ഇതുവരെ ഇവിടെ എത്തിയ ഇന്ത്യന്‍ അഭയാര്‍ത്ഥികളില്‍ 4 ശതമാനം പേര്‍ക്ക് മാത്രമേ അഭയം നല്‍കിയിട്ടുള്ളു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റുള്ളവര്‍ നാടുകടത്തല്‍ ഭീഷണിയിലാണ്.