നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവ് അനുവദിച്ചാല്‍ അടുത്ത ആഴ്ച ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പണിമുടക്കുകള്‍ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ഋഷി സുനകിന് കത്തയച്ച് രാജ്യത്തെ ഏറ്റവും വലിയ നേഴ്‌സിങ് യൂണിയന്റെ മേധാവി. ഇത് ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മേധാവി പാറ്റ് കുള്ളന്‍ സുനക്കിനോട് ശമ്പള വര്‍ദ്ധനവിനെ സംബന്ധിച്ച് നേരിട്ട് ബന്ധപ്പെടുന്നത്. വെയില്‍സിലും സ്‌കോട്ട്ലന്‍ഡിലും പുതിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ വാഗ്ദാനങ്ങളോ ചര്‍ച്ചകളോ പണിമുടക്കില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ എച്ച് എസിലെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനായിരിക്കും തിങ്കളാഴ്ച്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ നേഴ്സുമാരും ആംബുലന്‍സ് ജീവനക്കാരും ശമ്പളവും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ആവശ്യവുമായാണ് പണിമുടക്കുമായി മുന്‍പോട്ട് വന്നിരിക്കുന്നത്. രണ്ട് സര്‍വീസുകളിലെയും ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്കും. വെള്ളിയാഴ്ച നടക്കുന്ന വാക്കൗട്ടില്‍ ആംബുലന്‍സ് ജീവനക്കാരും പങ്കെടുക്കും.
സര്‍ക്കാരില്‍ നിന്നുള്ള ന്യായമായ ശമ്പള വാഗ്ദാനം ലഭിക്കുകയാണെങ്കില്‍ പണിമുടക്ക് ഒഴിവാക്കാനാകുമെന്ന് മിസ്സ് കുള്ളന്‍ കത്തില്‍ അറിയിച്ചു. നാദിം സഹാവിയെ നികുതി വിഷയത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ അവര്‍ പിന്താങ്ങി . ഇത്തരത്തിലുള്ള നീക്കം ജങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വസ്തത വീണ്ടെടുക്കാന്‍ സഹായകമാകുമെന്നും മിസ്സ് കുള്ളന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.