കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ ഭരണത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കും. 2024ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. സുഡാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാപ്പ.
ഈ വര്‍ഷം മംഗോളിയയിലേക്ക് പോകുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്നത് ഇവിടുത്തെ സഭയുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. സഭാ നേതൃത്വം പ്രധാനമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിച്ച് പോപ്പിനെ ക്ഷണിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വത്തിക്കാന്റെ രീതി അനുസരിച്ച് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്ത് അതിനു മുന്‍പ് പോപ്പ് സന്ദര്‍ശനം നടത്താറില്ല. അതുകൊണ്ടുതന്നെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍-മേയ് മാസങ്ങള്‍ക്കു ശേഷമായിരിക്കും സന്ദര്‍ശനം. 1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യയില്‍ എത്തിയത്.
മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണ് സൂചന. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്.
കേരളം, മുംബൈ, കോല്‍ക്കത്ത, മേഘാലയിലോ മറ്റേതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഉള്‍പ്പെടെ ഒരാഴ്ചയോളം നീളുന്ന സന്ദര്‍ശനത്തിനാണ് സാധ്യത. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഇന്ത്യയില്‍ വിശദ പര്യടനത്തിനു പാപ്പാ തയാറായേക്കുമെന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയവും സൂചിപ്പിച്ചു. എന്നാല്‍, ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാന്‍ കാര്യാലയത്തിലെയും കേന്ദ്രസര്‍ക്കാരിലെയും ഉന്നതര്‍ വ്യക്തമാക്കിയതായി 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ.