മാന്യമായ ശമ്പള വര്‍ദ്ധനവ് ആവശ്യ പ്പെട്ട് എന്‍എച്ച്എസ് നഴ്സുമാരും, ആംബുലന്‍സ് സ്റ്റാഫും ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സംഘടിതമായി സമരമുഖത്ത് ഇറങ്ങുന്ന ദിവസമാണിന്ന്. വിവിധ യൂണിയനുകള്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് തിങ്കളാഴ്ച ഒത്തുചേരുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങള്‍ സാരമായി തടസ്സപ്പെടും.അതിനിടെ നഴ്സുമാരുടെ പണിമുടക്കുകള്‍ അവസാനിപ്പിക്കാന്‍ മുന്‍പ് ആവശ്യപ്പെട്ടതിന്റെ പകുതി ശമ്പളവര്‍ദ്ധന അനുവദിച്ചാല്‍ തയാറാകണമെന്നു സൂചിപ്പിച്ച് നഴ്സിംഗ് യൂണിയന്‍ രംഗത്തെത്തി. 19% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരരംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് വഴിയൊരുക്കുന്ന രീതിയില്‍ ആവശ്യങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച നടത്താന്‍ യൂണിയന്‍ തയ്യാറായിരിക്കുകയാണ്.
അര്‍ത്ഥവത്തായ പേ ഓഫര്‍ മുന്നോട്ട് വെച്ചാല്‍ സമരങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് നഴ്സിംഗ് നേതാക്കള്‍ വ്യക്തമാക്കി. വെയില്‍സിലെ അംഗങ്ങള്‍ പരിഗണിച്ചതിന് സമാനമായി ഇംഗ്ലണ്ടിലും നടപടി വേണം. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച 4 ശതമാനം ഓഫറിനേക്കാള്‍ വര്‍ദ്ധിച്ച ശമ്പളമാണ് യൂണിയനുകളുടെ ആവശ്യം. വെയില്‍സ് ഗവണ്‍മെന്റ് 2022/23 വര്‍ഷത്തേക്ക് അധികമായി 3 ശതമാനം ഓഫര്‍ ചെയ്തപ്പോള്‍ തന്നെ അവിടെ ആര്‍സിഎന്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എത്രത്തോളം ഓഫര്‍ സ്വീകരിക്കപ്പെടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും.
എന്‍ എച്ച് എസിലെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനായിരിക്കും തിങ്കളാഴ്ച്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ നേഴ്സുമാരും ആംബുലന്‍സ് ജീവനക്കാരും ശമ്പളവും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ആവശ്യവുമായാണ് പണിമുടക്കുമായി മുന്‍പോട്ട് വന്നിരിക്കുന്നത്. രണ്ട് സര്‍വീസുകളിലെയും ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്കും.